‘ദി ഹണ്ട്രഡി’ൽ തകർപ്പൻ പ്രകടനം തുടർന്ന് ജമീമ റോഡ്രിഗസ്

ദി ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെൻ്റിൽ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യൻ യുവതാരം ജമീമ റോഡ്രിഗസ്. നോർത്തേൺ സൂപ്പർചാർജേഴ്സ് താരമായ ജമീമ തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ചുറി നേടി ടീമിൻ്റെ ടോപ്പ് സ്കോററായി. വെൽഷ് ഫയറിനെതിരായ ആദ്യ മത്സരത്തിൽ 43 പന്തിൽ 92 റൺസെടുത്ത് പുറത്താവാതെ നിന്ന താരം ട്രെൻ്റ് റോക്കറ്റ്സിനെതിരെ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം മത്സരത്തിൽ 60 റൺസ് നേടി പുറത്തായി. 41 പന്തുകൾ നേരിട്ട് 10 ബൗണ്ടറികൾ അടക്കമായിരുന്നു ജമീമയുടെ ഇന്നിംഗ്സ്. ( Jemimah Rodrigues perfomance hundred )
ജമീമയുടെയും ലോറ കിമ്മിൻസിൻ്റെയും (13 പന്തിൽ 31) പ്രകടനത്തിൻ്റെ മികവിൽ സൂപ്പർ ചാർജേഴ്സ് 100 പന്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. 36 പന്തിൽ ഫിഫ്റ്റിയടിച്ച ജമീമയെ ഇന്നിംഗ്സിലെ 89ആം പന്തിൽ സാമി ജോ ജോൺസൺ പുറത്താക്കി. കിമ്മിൻസിനെയും ജോ ജോൺസൺ തന്നെയാണ് മടക്കിയത്. മത്സരത്തിൽ താരം നാല് വിക്കറ്റ് വീഴ്ത്തി.
Read Also: ശിരോവസ്ത്രമണിഞ്ഞ് അബ്‌തഹ മഖ്സൂദ് പന്തെറിഞ്ഞു; ‘ദി ഹണ്ട്രഡി’ൽ തകർന്നത് പതിവുരീതികൾ
കഴിഞ്ഞ മത്സരത്തിൽ 17 ബൗണ്ടറിയും ഒരു സിക്സറും സഹിതമായിരുന്നു ജമീമയുടെ ഇന്നിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത വെൽഷ് ഫയർ 100 പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ നോർത്തേൺ സൂപ്പർചാർജേഴ്സ് 4 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 85 പന്തിൽ ജയം കുറിച്ചു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇന്ത്യൻ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തിളങ്ങി. മാഞ്ചസ്റ്റർ ഒറിജിനൽസിനായി കളിച്ച താരം 49 റൺസ് നേടി പുറത്താവാതെ നിന്നു. മത്സരത്തിൽ എതിരാളികളായ ബിർമിംഗ്‌ഹാം ഫീനിക്സ് 20 റൺസിനു വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത് 100 പന്തുകളിൽ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്ത ബിർമിംഗ്‌ഹാമിനു മറുപടിയുമായി ഇറങ്ങിയ മാഞ്ചസ്റ്ററിന് 8 വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
ഇവരെക്കൂടാതെ ഷഫാലി വർമ്മ, സ്മൃതി മന്ദന, ദീപ്തി ശർമ്മ എന്നിവരാണ് ദി ഹണ്ട്രഡിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾ. മൂന്ന് താരങ്ങൾക്കും പരമ്പരയിൽ ഇതുവരെ മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല.
Story Highlights: Jemimah Rodrigues perfomance the hundred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here