Advertisement

ശിരോവസ്ത്രമണിഞ്ഞ് അബ്‌തഹ മഖ്സൂദ് പന്തെറിഞ്ഞു; ‘ദി ഹണ്ട്രഡി’ൽ തകർന്നത് പതിവുരീതികൾ

July 26, 2021
Google News 2 minutes Read
Abtaha Maqsood The Hundred

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ‘ദി ഹണ്ട്രഡി’ൽ ശ്രദ്ധ നേടി സ്കോട്ടിഷ് ക്രിക്കറ്റർ. 22 കാരിയായ ലെഗ് സ്പിന്നർ അബ്‌തഹ മഖ്സൂദ് ആണ് വാർത്തകളിൽ ഇടം നേടുന്നത്. പതിവ് വേഷങ്ങളിൽ നിന്ന് മാറി ശിരോവസ്ത്രം അണിഞ്ഞാണ് പാക് കുടിയേറ്റക്കാരുടെ മകളായ അബ്‌തഹ ബിർമിംഗ്‌ഹാം ഫീനിക്സിനു വേണ്ടി കളത്തിലിറങ്ങിയത്. ( Abtaha Maqsood The Hundred )

ജൂലൈ 23ന്, ഹണ്ട്രഡ് വനിതാ പോരാട്ടങ്ങളിലെ രണ്ടാം മത്സരത്തിലാണ് അബ്‌തഹ ബിർമിംഗ്‌ഹാം ഫീനിക്സിനായി അരങ്ങേറിയത്. അന്ന് വെറും 5 പന്തുകൾ മാത്രമേ താരം എറിഞ്ഞുള്ളൂ. ലണ്ടൻ സ്പിരിറ്റിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബിർമിംഗ്‌ഹാം 100 പന്തുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് നേടി. മറുപടിയായി 4 പന്തുകളും 3 വിക്കറ്റും ബാക്കിനിൽക്കെ ലണ്ടൻ സ്പിരിറ്റ് വിജയലക്ഷ്യം മറിക്ടന്നു.

Read Also: ചരിത്രം കുറിച്ച് ‘ദി ഹണ്ട്രഡ്’ ആരംഭിച്ചു; ആവേശം വിതറി ആദ്യ മത്സരം

എന്നാൽ, ബിർമിംഗ്‌ഹാമിൻ്റെ രണ്ടാം മത്സരത്തിൽ അബ്തഹ തൻ്റെ കഴിവ് പുറത്തെടുത്തു. ഇന്നലെ, 25 ആം തീയതി മാഞ്ചസ്റ്റർ ഒറിജിനൽസിനെതിരെ അനുവദനീയമായ 20 പന്തുകൾ എറിഞ്ഞ താരം വെറും 14 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റ് വീഴ്ത്തി. അപകടകാരിയായ മിന്യോൺ ഡുപ്രീസിനെയും എലെനോർ ത്രെൽകെൽഡിനെയുമാണ് താരം മടക്കിയത്. 49 റൺസെടുത്ത് പുറത്താവാതെ നിന്ന ഇന്ത്യൻ താരം ഹർമൻപ്രീത് കൗർ മാഞ്ചസ്റ്ററിൻ്റെ ടോപ്പ് സ്കോറർ ആയെങ്കിലും മത്സരത്തിൽ ബിർമിംഗ്‌ഹാം 20 റൺസിനു വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത് 100 പന്തുകളിൽ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്ത ബിർമിംഗ്‌ഹാമിനു മറുപടിയുമായി ഇറങ്ങിയ മാഞ്ചസ്റ്ററിന് 8 വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

രാജ്യാന്തര ടി-20യിൽ 10.84 ആണ് അബ്തഹയുടെ ശരാശരി. തായ്ക്കോണ്ടോയിൽ ബ്ലാക്ക്ബെൽറ്റുള്ള താരം 2014 കോമൺവെൽത്ത് ഗെയിംസിലെ പതാകവാഹക ആയിരുന്നു. 11 ആം വയസ്സിൽ ഗ്ലാസ്ഗോയിലെ പൊള്ളോക്ക് ക്രിക്കറ്റ് ക്ലബിൽ കളി തുടങ്ങിയ അബ്‌തഹ 12ആം വയസിൽ തന്നെ അണ്ടർ-17 ടീമിൽ അരങ്ങേറി. 14ആം വയസ്സിൽ സീനിയർ ടീമിൽ അരങ്ങേറിയ താരം 14 രാജ്യാന്തര ടി-20 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.

Story Highlights: Abtaha Maqsood debut in The Hundred

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here