വരേണ്യവർഗത്തിനൊപ്പമല്ല; ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രിം കോടതി

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനുള്ള ഉത്തരവിടില്ലെന്ന് സുപ്രിം കോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവർഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയില്ല. മറ്റുവഴികൾ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാൻ പോകുന്നത്. ദാരിദ്ര്യമാണ് ഭിക്ഷാടനത്തിൻ്റെ കാരണം. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കിൽ ആരും ഭിക്ഷ യാചിക്കാൻ പോകില്ലായിരുന്നു എന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ( Supreme Court refuses begging )
പൊതുസ്ഥലങ്ങളിലെയും ട്രാഫിക്ക് പോയിൻ്റുകളിലെയും ഭിക്ഷാടനം കൊവിഡ് വ്യാപനത്തിനു കാരണമാകുനുണ്ടെന്നും അതിനാൽ ഭിക്ഷാടനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു പരമോന്നത കോടതിയുടെ നിരീക്ഷണം. ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു.
Read Also: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്; 415 മരണം
യാചകർക്കും മറ്റ് തെരുവ് വാസികൾക്കും കൊവിഡ് വാക്സിൻ നൽകുന്നത് സംബന്ധിച്ചും ഇവരെ പുനരധിവാസം ചെയ്യുന്നത് സംബന്ധിച്ചുമുള്ള വിശദാംശങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിനോടും ഡൽഹി സർക്കാരിനോടും സുപ്രിം കോടതി നിർദ്ദേശിച്ചു. ഹർജി രണ്ട് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,689 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 415 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെ തുടരുകയാണ്. രാജ്യത്ത് കൊവിഡ് മൂലമുള്ള ആകെ മരണ സംഖ്യ 4,21,382 ആയി.
നാല് മാസത്തിനിടെ ഉണ്ടായ ഏറ്റവും കുറവ് പ്രതിദിന നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമാണ് എന്നതാണ് ആശ്വാസകരം. 3,98,100 നിലവിൽ ചികിത്സയിലുണ്ട്. 3,06,21,469 പേർ കൊവിഡിൽ നിന്ന് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 44,19,12,395 പേർക്ക് ആകെ വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Story Highlights: Supreme Court refuses ban begging
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here