Advertisement

നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയില്‍

July 28, 2021
Google News 2 minutes Read
Assembly clash case in Supreme Court today

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും, മന്ത്രി വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും സമര്‍പ്പിച്ച അപ്പീലുകളില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. വാദം കേള്‍ക്കവേ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്.

തിരുവനന്തപുരം സി.ജെ.എം കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിന്ന് വന്‍ തിരിച്ചടി നേരിട്ട ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലെത്തിയത്. ഇടത് സര്‍ക്കാരിനും പ്രതികളായ മന്ത്രി വി. ശിവന്‍ക്കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്ക് സുപ്രിംകോടതി കാത്തുവച്ചിരിക്കുന്നത് എന്തെന്ന് ഇന്നറിയാം.

Read Also: നിയമസഭാ കയ്യാങ്കളികേസ് ; സുപ്രിം കോടതി വിധി നാളെ

കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി ഇതിനെ എതിര്‍ത്തിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും, എം.ആര്‍. ഷായും ഒരുപോലെ വിമര്‍ശനമുയര്‍ത്തിയ കേസില്‍, വിധിയിലെ പരാമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും മന്ത്രി വി. ശിവന്‍ക്കുട്ടിക്കും അടക്കം നിര്‍ണായകമാണ്.

കേസ് പിന്‍വലിക്കുന്നതിന് പിന്നിലെ പൊതുതാത്പര്യമെന്തെന്ന് പലവട്ടം കോടതി ആരാഞ്ഞിരുന്നു. എം.എല്‍.എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്നും, എന്ത് സന്ദേശമാണ് നേതാക്കള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നുമുള്ള വിമര്‍ശനം ശ്രദ്ധേയമാണ്. അപ്പീലുകള്‍ തള്ളിയാല്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുമെന്നാന്‍ സാധ്യതയുണ്ട്.

നടന്നത് അസാധാരണ സംഭവങ്ങള്‍

ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചത്. 2015 മാര്‍ച്ച് 13നായിരുന്നു കെ.എം.മാണിയുടെ ബജറ്റ് അവതരണം. കെ.എം.മാണിയെ സഭയ്ക്ക് അകത്തും പുറത്തും തടയാന്‍ ഇടതുപക്ഷം തീരുമാനിച്ചു.

റോഡുകള്‍ രാത്രി മുതല്‍ തന്നെ യുവജനസംഘടനകള്‍ ഉപരോധിച്ചു. എന്നാല്‍ കെ.എം.മാണി നിയമസഭയിലെത്തി. തുടര്‍ന്ന് അപൂര്‍വമായ സംഭവങ്ങള്‍ക്കാണ് നിയമസഭ സാക്ഷിയായത്. കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിനായി സ്പീക്കര്‍ ക്ഷണിക്കുന്നത് തടയാന്‍ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കടന്നുകയറി.

ഡയസിലെ കമ്പ്യൂട്ടറുകളും കസേരകളും തകര്‍ത്തു. സ്പീക്കറുടെ കസേര വലിച്ച് താഴെയിട്ടു. ഇതിനിടയില്‍ കെ.എം.മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, എം.എല്‍.എമാരായിരുന്ന ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ് സി.കെ.സദാശിവന്‍ എന്നിവരാണ് പ്രതികള്‍.

പ്രതി വിദ്യാഭ്യാസ മന്ത്രി!

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രിംകോടതിയില്‍ എത്തിയത്. സുപ്രിംകോടതിയുടെ വിധി സര്‍ക്കാരിന് നിര്‍ണായകമാണ്. കാരണം ഇതിലെ പ്രതികളിലൊരാള്‍ നിലവില്‍ വിദ്യാഭ്യാസമന്ത്രിയാണ് എന്നതു തന്നെ. കേസ് തുടരാനാണ് വിധിയെങ്കില്‍ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടും. അന്ന് മാണിയെ അഴിമതിക്കാരൻ എന്നു വിശേഷിപ്പിച്ച ഇടതു മുന്നണിയിലാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ പാർട്ടി എന്നത് മറ്റൊരു സവിശേഷത.

Story Highlights: Assembly clash case in Supreme Court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here