Advertisement

ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അഥവാ മാലിക്കിലെ ഹമീദ്; അമൽ രാജ് എന്ന നടന്റെ 40 വർഷത്തെ അഭിനയ ജീവിത കഥ

July 28, 2021
5 minutes Read
malik fame amal interview

Interview with Malik Fame Amal Raj

  • ബിന്ദിയ മുഹമ്മദ്/ അമൽ രാജ്

ഒൻപതാം വയസ് മുതൽ അഭിനയരംഗത്ത്…നാടകങ്ങളിലൂടെ രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിൽ തിളങ്ങി…പക്ഷേ വെള്ളിത്തിരയിൽ ആഗ്രഹിച്ച രീതിയിൽ ഒരു വേഷം ലഭിച്ചില്ല…പല സിനിമകളിലുമായി ചെറിയ വേഷങ്ങളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങി….അതിനിടയിൽ ‘ചക്കപ്പഴം’ പരമ്പരയിലൂടെ പ്രശസ്തിയിലേക്ക്…ഒടുവിൽ തന്റെ 48-ാം വയസിൽ സിനിമാ സ്വപ്‌നം പൂവണിഞ്ഞു…. മാലിക്കിലെ ഹമീദ് എന്ന കഥാപാത്രം ചെയ്ത അമൽ രാജിന് പറയാൻ നാല് പതിറ്റാണ്ട് നീളുന്ന അഭിനയകഥകളുണ്ട്… വൈകി വന്ന വസന്തമായി ‘മാലിക്ക്’ തന്നെ തേടിയെത്തിയതിനെ കുറിച്ചും ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമുമായി പങ്കുവച്ചു.

തട്ടിൽ കയറിയത് ഒൻപതാം വയസിൽ

കുട്ടിക്കാലം മുതൽ നാടകത്തോട്‌ വലിയ താത്പര്യമായിരുന്നു അമൽ രാജിന്. ആയുർവേദ ഡോക്ടറായിരുന്നുവെങ്കിലും നാടകത്തോടുള്ള കമ്പം ഉള്ളിൽ സൂക്ഷിച്ചിരുന്ന അച്ഛൻ ഡോ. രാജ്‌മോഹനിൽ നിന്ന് പകർന്ന് കിട്ടിയ സമ്പാദ്യങ്ങളിലൊന്നായിരുന്നു അമൽ രാജിന്റെയും നാടക കമ്പം.

അമൽ രാജ് നാടക വേഷത്തിൽ

അങ്ങനെ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അമൽ കെപിഎസിയുടെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങി. നാടക ലോകത്ത് പിന്നീട് അമൽ രാജിന്റെ നാളുകളായിരുന്നു…. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘രാജാ രവിവർമ’ എന്ന നാടകത്തിൽ രവി വർമയായി വേഷമിട്ടത് അമൽ രാജായിരുന്നു. തോപ്പിൽ ഭാസിയുടെ നാടകമായ ‘അശ്വമേധത്തിൽ’ ഡോ. തോമസ് എന്ന പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു. പിന്നീട് 11 വർഷത്തിന് ശേഷം നീലക്കുയിൽ സിനിമ നാടകമാക്കിയപ്പോൾ വീണ്ടും കെപിഎസിയുമായി ചേർന്ന് സിനിമയിൽ സത്യൻ ചെയ്ത വേഷം ചെയ്തു. സൂര്യകൃഷ്ണമൂർത്തിയുടെ മേൽവിലാസം എന്ന നാടകത്തിൽ പ്രധാന വേഷം ചെയ്തു. അഞ്ഞൂറോളം വേദികളിൽ ഈ നാടകം കളിച്ചു.

ഇതിനിടെയാണ് സീരിയൽ

2003-2004 സമയത്ത് ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘ദാമ്പത്യഗീതങ്ങൾ’ എന്ന സീരിയലിൽ പ്രവീണയുടെ ഭർത്താവായി അമൽ രാജ് വഷമിട്ടിട്ടുണ്ട്. ഇത് തന്നെയായിരുന്നു ആദ്യ സീരിയലും. വില്ലൻ വേഷമായിരുന്നു അത്. പിന്നീട് മിന്നുകെട്ട്, സൂര്യപുത്രി, കായംകുളം കൊച്ചുണ്ണിയുടെ മകൻ, നീലക്കുയിൽ…അങ്ങനെ ഒരു പിടി സീരിയലുകൾ….

സിനിമയിലും ഭാഗ്യ പരീക്ഷണം

ആദ്യ സിനിമ യാനം ആയിരുന്നു. സഞ്ജയ് നമ്പ്യാർ സംവിധാനം ചെയ്ത ആർട്ട് ഫിലിമായിരുന്നു യാനം . നെടുമുടി വേണുവിനൊപ്പമായിരുന്നു അത്. പിന്നീട് നിരവധി സിനിമകൾ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. മധു അമ്പാട്ട് ചെയ്ത ‘ആൻ ഓഡ് ടു ലോസ്റ്റ് ലൗ’ എന്ന ഇംഗ്ലിഷ് ചിത്രത്തിൽ വേഷമിട്ടു. ജവാൻ ഓഫ് വെള്ളിമല, കുഞ്ഞനന്ദന്റെ കട, കുപ്രസിദ്ധ പയ്യൻ തുടങ്ങി നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു..

‘നാടക വേദികളിൽ മുഖ്യകഥാപാത്രം ചെയ്തിരുന്ന എന്നെ തേടി സിനിമയിൽ നിന്ന് വന്നതെല്ലാം ചെറിയ, പ്രാധാന്യമില്ലാത്ത വേഷങ്ങളായിരുന്നു. എനിക്കും ഒരു നാൾ വരുമെന്ന വിശ്വാസമുണ്ടായിരുന്നു. ഈ പ്രതീക്ഷയാണ് നാല് പതിറ്റാണ്ടോളം കാത്തിരിക്കാൻ പ്രേരിപ്പിച്ചത്’- അമൽ രാജ്

സെല്ലുലോയ്ഡിൽ പൃഥ്വിരാജിനൊപ്പം രണ്ടോ മൂന്നോ കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു. ഇതിന് ശേഷം ഒരു ബ്രേക്ക് എടുക്കാൻ അമൽ രാജ് തീരുമാനിക്കുകയായിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചു… അങ്ങനെയാണ് നാടകത്തിലേക്ക് പൂർണമായും ശ്രദ്ധ പതിപ്പിക്കുന്നത്.

നാടകത്തിലേക്ക് തിരികെ….

നാടകത്തിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിച്ച അമൽ രാജിനെ തേടി ചില പുരസ്‌കാരങ്ങളും എത്തി. 2014 ൽ നടത്തിയ സ്റ്റേറ്റ് കോമ്പറ്റീഷനിൽ ആ വർഷത്തെ ആക്കാദമിയിലെ ബെസ്റ്റ് ആക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. സ്വരലയയ്ക്ക് വേണ്ടി ചെയ്ത ‘ആക്ടർ ആന്റ് ക്രൂ’ എന്ന നാടകത്തിലൂടെയായിരുന്നു പുരസ്‌കാരം.

വളരെ സങ്കീർണതകൾ നിറഞ്ഞ ഒരു വേഷമായിരുന്നു ‘ആക്ടർ ആന്റ് ക്രൂ’ ലേത്‌. ഒരേ സമയം സ്ത്രീയായും പുരുഷനായും ആ നാടകത്തിൽ അഭിനയിക്കണമായിരുന്നു. ആ കഠിനപ്രയത്‌നത്തിന് ഫലം ലഭിച്ചുവെന്ന് വേണം പറയാൻ. ശുദ്ധമദ്ദളവും അമൽ രാജിന്റെ ഏറെ ശ്രദ്ധേയമായ നാടകങ്ങളിലൊന്നാണ്. അമൽ രാജും രാജേഷ് ഷർമയും ചേർന്നൊരുക്കിയ നാടകം നിരവധി വേദികളിൽ കളിച്ചിട്ടുണ്ട്.

ഭാര്യയുമൊത്ത് പ്രേമലേഖനം…

ബഷീറിന്റെ പ്രേമലേഖനം നാടകമാക്കിയപ്പോൾ അതിൽ കേശവൻ നായരും സാറാമ്മയുമായി അമൽ രാജും ഭാര്യ ദിവ്യാ ലക്ഷ്മിയും വേഷമിട്ടു. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. രണ്ട് പേരും നാടകമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതുകൊണ്ട് തന്നെ ഇടയിലെപ്പോഴോ രണ്ട് പേരും പ്രണയത്തിലായി. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി.

ഇരുവരും പ്രേമലേഖനം എന്ന നാടകത്തിലൂടെ ആയിരത്തിലധികം വേദികളാണ് കീഴടക്കിയത്. ഒരേ അഭിനേതാക്കൾ ഒരേ നാടകത്തിൽ ആയിരം വേദികൾ കളിക്കുന്ന ആദ്യ നാടകമെന്ന പ്രത്യേകയും കൂടിയുണ്ട് ഇതിന്.

ചക്കപ്പഴത്തിലൂടെ പ്രശസ്തിയിലേക്ക്….

സംവിധായകൻ ആർ ഉണ്ണികൃഷ്ണനുമായുള്ള സൗഹൃദമാണ് അമലിനെ ചക്കപ്പഴത്തിലേക്ക് എത്തിച്ചത്. മാലിക്കിന്റെ ചിത്രീകരണം കഴിഞ്ഞ് നിൽക്കുമ്പോഴാണ് ചക്കപ്പഴത്തിലേക്ക് സംവിധായകൻ ഉണ്ണി ക്ഷണിക്കുന്നത്.

‘താടി ഉണ്ടോ ? എന്നായിരുന്നു ആദ്യ ചോദ്യം. ഉണ്ടെന്ന് പറഞ്ഞതോടെ ചക്കപ്പഴത്തിലെ കുഞ്ഞുണ്ണിയായി. ചക്കപ്പഴത്തിൽ അപ്പൂപ്പനായാണ് അഭിനയിക്കുന്നത്. വൃദ്ധ കഥാപാത്രം ചെയ്യുന്നത് ഇമേജിനെ ബാധിക്കുമോ എന്ന ആശങ്കയൊന്നും അന്നും ഇന്നും ഇല്ല… കഥാപാത്രത്തിനാണ് പ്രാധാന്യം നൽകുന്നത്…നല്ല കഥാപാത്രമാണെങ്കിൽ അത് എന്ത് തന്നെയാണെങ്കിലും അഭിനയിക്കാൻ തയാറാണ്’- അമൽ രാജ്

ചക്കപ്പഴം എന്ന സീരിയലാണ് ഒരു മനുഷ്യൻ എന്ന നിലയിലും ഒരു കഥാപാത്രം എന്ന നിലയിലും തനിക്ക് ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ നൽകിയതെന്ന് അമൽ രാജ് പറയുന്നു. ഫ്‌ളവേഴ്‌സിന്റെ പരിപാടിയായതുകൊണ്ട് തന്നെ ചക്കപ്പഴം എന്ന സീരിയലിന് നല്ല റീച്ച് ഉണ്ടായിരുന്നു. പതിവ് കണ്ണീർ കഥകളിൽ നിന്ന് മാറി സിറ്റ്-കോം ശൈലിയിലായിരുന്നു പരമ്പര. ഒപ്പം ഉണ്ണി സാറിന്റെ നേതൃപാടവവും. ഇതെല്ലാം ചക്കപ്പഴത്തിന് ഭയങ്കരമായ ജനപ്രീതി സമ്മാനിച്ചുവെന്ന് അമൽ രാജ് ട്വന്റിഫോറിനോട് പറഞ്ഞു.

‘ചക്കപ്പഴം സീരിയലിലേത് പോലെ തന്നെയുള്ള അടുപ്പം ആ സെറ്റിലുമുണ്ട്. ആശയെ ആശയെന്നും, മക്കൾ എന്നെ അച്ഛാ എന്നുമൊക്കെയാണ് വിളിക്കുന്നത്. സീരിയൽ സെറ്റിന്റെ കോമ്പൗണ്ടിലെത്തുന്നതോടെ ഞങ്ങളെല്ലാം പിന്നെ ഒരു കുടുംബം തന്നെയാണ്. ആ അടുപ്പം തന്നെയാണ് സീരിയലിന്റെ വിജയവും’.

മാലിക്കിലെ ഹമീദ്….

മഹേഷ് നാരായണനെ വളരെ കാലം മുൻപേ തന്നെ അറിയാം അമലിന്. തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന എഡിറ്റിംഗ് സ്ഥാപനമായ പോസിറ്റിവ് സ്റ്റുഡിയോസ് ആരംഭിക്കുന്നത് അമൽ രാജും, മഹേഷ് നാരായണനും, ഷിജി നാഥ് എന്ന മറ്റൊരു വ്യക്തിയും ചേർന്നാണ്.

Read Also: ‘സങ്കടം തോന്നും, പക്ഷേ ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരിക്കണം’; സിനിമയെ സ്വപ്‌നം കാണുന്നവർക്ക് പ്രചോദനമായി കിരൺ പീതാംബരൻ

ഒരു സ്റ്റുഡിയോ എന്നതിലുപരി കലാകാരന്മാരുടെ ഒരു കൂട്ടായ്മയായാണ് സ്റ്റുഡിയോ പ്രവർത്തിച്ചിരുന്നത്. മഹേഷ് സിനിമയുടെ തിരക്കിലേക്ക് കടക്കുകയും, ഷിജി ചലച്ചിത്ര അക്കാദമിയിൽ ജോലി നേടി പോവുകയും ചെയ്തതോടെ സ്റ്റുഡിയോയുടെ പ്രവർത്തനവും നിർത്തി. ഷിജിക്ക് ആദരമായാണ് പോസിറ്റീവ് ഫ്രെയിംസിന്റെ ബാനറിൽ തോമ കറിയാ, കറിയാ തോമ എന്ന നാടകം ചെയ്തത്. ഈ നാടകം കണ്ടിട്ടാണ് ഹമീദിനെ ഫിക്‌സ് ചെയ്യുന്നതെന്ന് അമൽ പറഞ്ഞു.

ഒരിക്കൽ മാലിക്കിന്റെ ഓഡിഷനെല്ലാം കൈകാര്യം ചെയ്തിരുന്ന ആർ.ജെ ശാലിനിയുടെ അടുത്ത് നിന്ന് അമലിനൊരു ഫോൺ കോൾ ലഭിച്ചു. ‘മഹേഷ് സാറിന്റെ പുതിയ ചിത്രത്തിലേക്ക് ഒരു കഥാപാത്രമുണ്ട്’ എന്ന് പറഞ്ഞായിരുന്നു ഫോൺ കോൾ. ആ സമയത്ത് മഹേഷുമായുള്ള ബന്ധം ഞാൻ ശാലിനിയോട് പറഞ്ഞില്ല. ഓഡിഷന് വേണ്ടി കൊച്ചിയിലെ മഹേഷിന്റെ ഫ്‌ളാറ്റിൽ പോയി. എന്നാൽ ഓഡിഷനിൽ പങ്കെടുക്കേണ്ടി വന്നില്ല. മഹേഷ് മുറിയിലേക്ക് വിളിച്ച് മാലിക്കിന്റെ കഥ വിശദമായി പറഞ്ഞു.

‘പക്ഷേ അപ്പോൾ എന്റെ ഉള്ളിൽ ആശ്ചര്യവും സംശയവുമായിരുന്നു. എന്തിനാണ് ഈ കഥ എന്നോട് ഇത്ര വിശദമായി പറയുന്നത് എന്ന ചിന്തയായി’.

ഇതിന് ശേഷമാണ് മാലിക്കിലെ ഹമീദായി മഹേഷ് മനസിൽ കണ്ടത് അമൽ രാജിനെയാണെന്ന് പറയുന്നത്. മുൻപ് ചെറിയ വേഷങ്ങളെല്ലാം അവതരിപ്പിച്ചിരുന്നുവെങ്കിലും ഇത്തരമൊരു കഥാപാത്രം ചെയ്യാൻ ചെറിയ ഭയമുണ്ടായിരുന്നു അമലിന്. ആ ഭയം മഹേഷുമായി പങ്കുവയ്ക്കുകയും ചെയ്തു. പക്ഷേ മഹേഷിന് അമൽ രാജിൽ വിശ്വാസമായിരുന്നു. ആ വിശ്വാസം അസ്ഥാനത്തായില്ലെന്നും പിന്നീട് തെളിഞ്ഞു !

അമലിൽ നിന്ന് ഹമീദിലേക്ക്…

സിനിമയിലെ പഴയ കാലം ചെയ്യാൻ അമൽ നന്നായി മെലിഞ്ഞു. രാവിലെ ഒരു ഇഡ്ഡലി, വൈകീട്ട് ഒരു ചപ്പാത്തി എന്നിങ്ങനെയാക്കി ഭക്ഷണം ചുരുക്കി. സിനിമാ സെറ്റിനെ കുറിച്ച് ആദ്യം ഒരു ആശങ്കയുണ്ടായിരുന്നുവെങ്കിലും- കുപ്രസിദ്ധ പയ്യനിലൂടെ നിമിഷാ സജയനൊപ്പവും, ഗോഡ്സ് ഒൺ കൺട്രിയിലൂടെ ഫഹദ് ഫാസിലിനൊപ്പവും അഭിനയിച്ചിട്ടുണ്ട്, നാടക വേദികളിലൂടെ വിനയ് ഫോർട്ടിനെയും അറിയാം- ഈ പരിചയം സെറ്റിലെ അപരിചിതത്വം നീക്കിയെന്ന് അമൽ രാജ് പറയുന്നു.

വീട്, കുടുംബം

തീരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണെങ്കിലും കൊച്ചിയിലേക്ക് തന്നെയും കുടുംബത്തേയും പറിച്ച് നടുകയാണ് അമൽ രാജ്. ചക്കപ്പഴം സീരിയലിന് വേണ്ടിയാണ് കുടുംബം ഉൾപ്പെടെ കൊച്ചിയിലേക്ക് വരുന്നത്. ഭാര്യ ദിവ്യാ ലക്ഷ്മി മാവേലിക്കരയിൽ ‘ഭാവലയ’ എന്ന ഡാൻസ് അക്കാദമി നടത്തുന്നുണ്ട്. രണ്ട് കുട്ടികളുണ്ട്. മൂത്ത മകൻ ആയുഷ് ദേവ് 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. രണ്ടാമൻ അഗ്നേഷ് ദേവ് ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

Story Highlights: Malik Fame Amal Interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top