വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയുന്നതെങ്ങനെ?; പൊങ്കാലയ്ക്ക് പിന്നാലെ 8 വഴികൾ അഞ്ചാക്കി ചുരുക്കി; പിന്നീട് പോസ്റ്റ് നീക്കം ചെയ്ത് കേരള പൊലീസ്

നവമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയാനുള്ള വിവിധ മാർഗങ്ങൾ പോസ്റ്റ് ചെയ്ത കേരള പൊലീസിന് വ്യാപകമായി വിമർശനം ഏൽക്കേണ്ടിവന്നിരുന്നു. നൽകിയ 8 മാർഗങ്ങളിൽ പലതും ‘വാട്സപ്പ് അമ്മാവൻ’ ടൈപ്പാണെന്ന വിമർശനങ്ങൾക്ക് പിന്നാലെ പൊലീസ് പോസ്റ്റ് തിരുത്തി. നേരത്തെയുണ്ടായിരുന്ന 8 മാർഗങ്ങളിൽ മൂന്നെണ്ണം ഒഴിവാക്കി അഞ്ച് മാർഗങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. (police facebook post controversy)
ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ൽ കൂടുതൽ ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കിൽ ഫെയ്ക്കിനുള്ള സാധ്യത വളരെ കൂടുതലാണ്, പെൺകുട്ടികളുടെ പേരും ചിത്രവും അടങ്ങിയ പ്രൊഫൈലിൽ ഫോൺ നമ്പർ പരസ്യമായി കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു വ്യാജൻ ആകാനാണ് സാധ്യത, സ്ത്രീയുടെ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, അല്ലെങ്കിൽ പുരുഷ അക്കൗണ്ടിൽ ഭൂരിപക്ഷവും സ്ത്രീകൾ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ് എന്നിങ്ങനെയുള്ള മാർഗങ്ങളാണ് പൊലീസ് ‘മുക്കി’യത്.
Read Also: പൊലീസും പെൺകുട്ടിയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവം; റിപ്പോർട്ട് തേടി വനിതാ കമ്മിഷൻ
കേരള പൊലീസിൻ്റെ തിരുത്തിയ പോസ്റ്റ്:
നവ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. വ്യാജ അക്കൗണ്ടുകളാണ് വില്ലന്മാർ. ഒരു തമാശക്ക് തുടങ്ങുന്ന വ്യാജ പ്രൊഫൈലുകൾ മുതൽ സ്വന്തം പ്രൊഫൈലിൽ നിന്ന് പലയിടത്തും കമന്റ് ഇടാൻ മടിച്ച് അതിനു വേണ്ടി ഉണ്ടാക്കുന്ന വ്യാജ പ്രൊഫൈലുകൾ മാത്രമല്ല തട്ടിപ്പിനും സ്ത്രീപീഢനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്.
വിദ്യാർഥികളുടെ ഫെയ്സ്ബുക്, വാട്സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കൾ നിരീക്ഷിച്ച് അവർക്ക് വേണ്ട നിർദേശങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കുരുക്കിലാകും നിങ്ങളുടെ ജീവിതം.
പരിചയമില്ലാത്ത പ്രൊഫൈലുകളിൽ നിന്നും വരുന്ന ചാറ്റ് റിക്വസ്റ്റുകൾക്ക് തമാശയ്ക്ക് പോലും മറുപടി നൽകരുത്. ഒരുപക്ഷെ നമ്മെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ടാകാം വ്യാജ ഐഡി വഴി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
വ്യാജ പ്രൊഫൈൽ തിരിച്ചറിയേണ്ട വഴികൾ.
- പ്രൊഫൈൽ ചിത്രം ആൽബത്തിൽ ആകെ ഒരു പ്രൊഫൈൽ ഫോട്ടോ മാത്രം ഉള്ളൂവെങ്കിൽ വ്യാജനായിരിക്കാനുള്ള ചാൻസുണ്ട്. പ്രൊഫൈൽ ചിത്രം സിനിമാ നടിയുടേതോ നടന്റേതോ ആണെങ്കിൽ ഫേക്കിന് സാധ്യത കൂടുതലാണ്. പ്രൊഫൈൽ ഇമേജ് ആൽബത്തിൽ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ആയിരിക്കും കൂടുതൽ. .
- ടൈം ലൈനും, സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക. വളരെ കാലമായി ഒരു സ്റ്റാറ്റസും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ വ്യാജനാകാം.
- പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ വ്യാജന്മാരും ഒരിക്കൽ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവരാണ്
- അടുത്തകാലത്തെ ആക്റ്റിവിറ്റികൾ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിൻ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്റെ എണ്ണം മാത്രം വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകൾ വ്യാജനായിരിക്കാം.
- ജനനതീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങളിൽ ഗൗരവമല്ലാത്ത രീതിയിൽ മറുപടി കൊടുത്തിരിക്കുന്ന പ്രൊഫൈൽ ആണെങ്കിൽ ശ്രദ്ധിക്കുക
Story Highlights: kerala police facebook post controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here