Advertisement

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; സുനില്‍ നായിക്കിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

July 30, 2021
Google News 2 minutes Read
election bribe case bjp

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ യുവ മോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം നല്‍കിയത് സുനില്‍ നായിക്കെന്ന് സുന്ദരയുടെ അമ്മ ബേഡ്ജി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് പറഞ്ഞു. മാര്‍ച്ച് 21ന് വീട്ടിലെത്തി പണം നല്‍കിയത് സുനില്‍ നായിക്കും സംഘവുമാണെന്നും അവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.(election bribe case bjp)

കെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് മുന്‍പ് സുനില്‍ നായിക്ക് സുന്ദരയുടെ വീട്ടിലെത്തിയത് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. കേസില്‍ ബിജെപി പ്രാദേശിക നേതാക്കളെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദര മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും പണം നല്‍കിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്. പണം നല്‍കിയതില്‍ യുവ മോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിന് പങ്കുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. കെ സുന്ദരയ്ക്ക് രണ്ട്ലക്ഷം രൂപയും 15000 രൂപ വില വരുന്ന ഫോണും നല്‍കിയെന്ന ആരോപണത്തിലാണ് കേസ്.

ആദ്യം ബദിയടുക്ക പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി കാസര്‍കോട് ജില്ല ക്രൈംബ്രാഞ്ച് നേരത്തെ എടുത്തിരുന്നു.
കൊടകര കുഴല്‍പ്പണ കേസിലും സുനില്‍ നായിക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിക്ക് കൈക്കൂലി നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശനാണ് കാസര്‍കോട് എസ്പിക്ക് പരാതി നല്‍കിയത്.

കേസില്‍ വി വി രമേശന്റെ മൊഴി നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. ബിജെപി നേതാക്കള്‍ ലക്ഷങ്ങള്‍ നല്‍കിയത് കൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ചതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായിരുന്ന സ്ഥാനാര്‍ത്ഥി കെ സുന്ദരവെളിപ്പെടുത്തിയത്.

Read Also: മഞ്ചേശ്വരം കോഴക്കേസ് ; കെ.സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറഞ്ഞിരുന്നു. പണം ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തു എന്നായിരുന്നു വെളിപ്പെടുത്തല്‍.

Story Highlights: election bribe case bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here