Advertisement

ടോക്യോ ഒളിമ്പിക്സ്: ഗോൾ പോസ്റ്റിലുറച്ച് ശ്രീജേഷ്; ഹോക്കിയിൽ ഗ്രേറ്റ് ബ്രിട്ടണെ തകർത്ത് ഇന്ത്യ സെമിയിൽ

August 1, 2021
Google News 2 minutes Read
olympics india hockey britain

ടോക്യോ ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഗ്രേറ്റ് ബ്രിട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചു. ഇന്ത്യക്ക് വേണ്ടി ദിൽപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, ഹർദിക് സിംഗ് എന്നിവരാണ് സ്കോർഷീറ്റിൽ ഇടം നേടിയത്. സാമുവൽ വാർഡ് ആണ് ഗ്രേറ്റ് ബ്രിട്ടണു വേണ്ടി ആശ്വാസ ഗോൾ നേടിയത്. 49 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയിൽ അവസാന നാലിലെത്തുന്നത്. 1972 മ്യൂണിക്ക് ഒളിമ്പിക്സിൽ പാകിസ്താനോട് സെമി കളിച്ച് പരാജയപ്പെട്ട ഇന്ത്യ പിന്നീട് ഇതുവരെ അവസാന നാലിൽ എത്തിയിട്ടില്ല. 1980 മോസ്കോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയെങ്കിലും അത്തവണ സെമിഫൈനലുകൾ ഉണ്ടായിരുന്നില്ല. ആകെ 6 ടീമുകളായിരുന്നു മോസ്കോയിൽ മത്സരിച്ചത്. (olympics india hockey britain)

പൊസിഷനും പെനൽറ്റി കോർണറുകളും അവസരങ്ങളും ബ്രിട്ടണായിരുന്നു കൂടുതലെങ്കിലും ഗോൾ പോസ്റ്റിനു മുന്നിൽ ഇളകാതെ നിന്ന മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷും മികച്ച ഫിനിഷിംഗുമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. കളി തുടങ്ങി ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ മുന്നിലെത്തി. 7ആം മിനിട്ടിൽ സിമ്രൻജീതിൻ്റെ പാസ് സ്വീകരിച്ച ദിൽപ്രീത് സിംഗ് ക്ലോസ് റേഞ്ചിൽ നിന്നാണ് ഗോൾ നേടിയത്. രണ്ടാം ക്വാർട്ടർ തുടങ്ങി ആദ്യ മിനിട്ടിൽ ഇന്ത്യ രണ്ടാം ഗോൾ അടിച്ചു. ഗുർജന്ത് സിംഗിൻ്റെ സോളോ ഗോൾ ഇന്ത്യയുടെ ലീഡ് ഇരട്ടിച്ചു. മൂന്നാം ക്വാർട്ടറിൻ്റെ അവസാന മിനിട്ടിൽ ബ്രിട്ടൺ തിരിച്ചടിച്ചു. തുടർച്ചയായ മൂന്ന് പെനൽറ്റി കോർണറുകൾക്കൊടുവിൽ സാമുവൽ വാർഡ് ശ്രീജേഷിനെ കീഴടക്കി. സമനില ഗോൾ കണ്ടെത്താൻ അവസാന സമയങ്ങളിൽ ബ്രിട്ടൺ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, 57ആം മിനിട്ടിൽ ഹർദിക് സിംഗിൻ്റെ ഗംഭീര സോളോ റൺ ഗോളിൽ കലാശിക്കുകയായിരുന്നു.

Read Also: ടോക്യോ ഒളിമ്പിക്സ്: 100 മീറ്ററിൽ ഇറ്റലിയുടെ ലമോണ്ട് ജേക്കബ്സിന് സ്വർണം

അതേസമയം, ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു ആവേശജയം കുറിച്ചു. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കി സിന്ധു ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ടാം മെഡൽ നേടി. സിന്ധുവിന് കനത്ത വെല്ലുവിളി ഉയർത്തിയതിനു ശേഷമാണ് ജിയാവോ തോൽവി സമ്മതിച്ചത്. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവാണ് സിന്ധു.

ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമിൽ ചൈനയുടെ ഹി ബിംഗ് ജിയാവോ കടുത്ത വെല്ലുവിളി ഉയർത്തി. നീണ്ട റാലികളും തകർപ്പൻ സ്മാഷുകളും പിൻപോയിൻ്റ് ഡ്രോപ്പുകളും പിറന്ന രണ്ടാം ഗെയിമിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മത്സരിച്ചു. നീണ്ട റാലികൾ കരുത്തുറ്റ സ്മാഷിലൂടെയാണ് സിന്ധു പലപ്പോഴും ക്ലോസ് ചെയ്തത്. അതേസമയം, ജിയാവോയുടെ ക്ലോസിംഗ് ഗെയിം പലപ്പോഴും ഡിസ്ഗൈസ് ഡ്രോപ്പുകളായിരുന്നു. ഗെയിമിലുടനീളം സിന്ധു തന്നെയാണ് ലീഡ് ചെയ്തതെങ്കിലും അവസാനം വരെ പൊരുതിയാണ് ചൈനീസ് താരം കീഴടങ്ങിയത്.

Story Highlights: tokyo olympics india hockey won britain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here