ചെന്നൈ സൂപ്പർ കിംഗ്സ് അടുത്ത ആഴ്ച യുഎഇയിലേക്ക് തിരിക്കും

ഐപിഎൽ രണ്ടാം പാദത്തിനായി ചെന്നൈ സൂപ്പർ കിംഗ്സ് അടുത്ത ആഴ്ച യുഎഇയിലേക്ക് തിരിക്കും. അടുത്ത ആഴ്ചയുടെ അവസാന ദിവസങ്ങളിലാവും ധോണിയും സംഘവും യുഎഇയിലേക്ക് തിരിക്കുക. ഫ്രാഞ്ചൈസി സിഇഓ കാശി വിശ്വനാഥനാണ് ഇക്കാര്യം അറിയിച്ചത്. യുഐയിലെത്തി ലീഗ് മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം. സെപ്തംബർ 19 മുതലാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. (csk week uae ipl)
ഓഗസ്റ്റ് 10നു ശേഷം ടീമുകൾക്ക് യുഎഇയിലെത്താമെന്നാണ് ബിസിസിഐയുടെ നിർദ്ദേശം. ഓഗസ്റ്റ് 14നോ 15നോ ടീം അവിടെയെത്തുമെന്ന് കാശി വിശ്വനാഥൻ അറിയിച്ചു.
അതേസമയം, ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ രണ്ടാം പാദത്തിൽ കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിൻ്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവച്ചതിനെ തുടർന്നാണ് ഇംഗ്ലണ്ട് താരങ്ങൾക്ക് ഐപിഎലിൽ പങ്കെടുക്കാൻ അവസരമൊരുങ്ങുന്നത്. ധാക്കയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്നാണ് സെപ്തംബർ- ഒക്ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന പര്യടനം അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചത്.
നേരത്തെ, താരങ്ങൾ ഐപിഎലിൽ കളിക്കില്ലെന്ന് ഇംഗ്ലണ്ട് മെൻസ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആഷ്ലി ജൈൽസ് വ്യക്തമാക്കിയിരുന്നു. ആ സമയത്ത് ദേശീയ ടീമിന് മത്സരങ്ങൾ ഉണ്ടെന്നും അതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരമ്പര മാറ്റിവെക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതോടെ താരങ്ങൾക്ക് ഐപിഎലിൽ പങ്കെടുക്കാൻ വഴി തെളിഞ്ഞിരിക്കുകയാണ്.
മത്സരങ്ങളിൽ ന്യൂസീലൻഡ് താരങ്ങൾ പങ്കെടുക്കുമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡും അറിയിച്ചു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തലവൻ ഡേവിഡ് വൈറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഐപിഎൽ നടക്കുന്ന സമയത്ത് പാക് പരമ്പര ഉണ്ടെങ്കിലും അതിനു പകരം താരങ്ങൾ ഐപിഎൽ കളിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കെയിൻ വില്ല്യംസൺ, ട്രെൻ്റ് ബോൾട്ട്, ജെയിംസ് നീഷം, ലോക്കി ഫെർഗൂസൻ എന്നീ താരങ്ങൾക്കാണ് ഐപിഎലിൽ പങ്കെടുക്കാൻ അനുമതി. ആർസിബിയുടെ യുവതാരം ഫിൻ അലൻ കളിക്കുമോ എന്നതിൽ വ്യക്തതയില്ല.
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
Story Highlights: csk leave next week uae ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here