Advertisement

ഐപിഎൽ രണ്ടാം പാദത്തിൽ കളിച്ചേക്കില്ല; വെളിപ്പെടുത്തി പാറ്റ് കമ്മിൻസ്

August 4, 2021
Google News 2 minutes Read
play ipl pat cummins

ഐപിഎൽ രണ്ടാം പാദത്തിൽ കളിച്ചേക്കില്ലെന്ന വെളിപ്പെടുത്തലുമായി കൊൽക്കത്തയുടെ ഓസീസ് പേസർ പാറ്റ് കമ്മിൻസ്. ഐപിഎലിൻ്റെ സമയത്ത് തൻ്റെ കുഞ്ഞിൻ്റെ ജനനം നടന്നേക്കാമെന്നും അതുകൊണ്ട് തന്നെ ലീഗിൽ കളിക്കുക ബുദ്ധിമുട്ടാവുമെന്നും കമ്മിൻസ് പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിൻ്റെ വെളിപ്പെടുത്തൽ. (play ipl pat cummins)

“നിർഭാഗ്യവശാൽ എനിക്ക് ഐപിഎലിൽ പങ്കെടുക്കാൻ സാധിച്ചേക്കില്ല. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെങ്കിലും എൻ്റെ പങ്കാളി ഗർഭിണിയാണ്. ഐപിഎലിനിടെ ഞങ്ങളുടെ കുട്ടി ജനിക്കും. മാത്രമല്ല, ഇപ്പോൾ ഓസ്ട്രേലിയിലേക്ക് യാത്രാനിയന്ത്രണമുണ്ട്. രണ്ടാഴ്ച ക്വാറൻ്റീനിലും കഴിയേണ്ടിവരും. യുഎഇയിലും ക്വാറൻ്റീനിൽ കഴിയേണ്ടതുണ്ട്. അതൊക്കെക്കൊണ്ട് ഇത്തവണ ഐപിഎൽ കളിക്കുക ബുദ്ധിമുട്ടാവും.”- കമ്മിൻസ് പറഞ്ഞു.

അതേസമയം, ഐപിഎൽ രണ്ടാം പാദത്തിനായി ചെന്നൈ സൂപ്പർ കിംഗ്സ് അടുത്ത ആഴ്ച യുഎഇയിലേക്ക് തിരിക്കും. അടുത്ത ആഴ്ചയുടെ അവസാന ദിവസങ്ങളിലാവും ധോണിയും സംഘവും യുഎഇയിലേക്ക് തിരിക്കുക. ഫ്രാഞ്ചൈസി സിഇഓ കാശി വിശ്വനാഥനാണ് ഇക്കാര്യം അറിയിച്ചത്. യുഐയിലെത്തി ലീഗ് മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം. സെപ്തംബർ 19 മുതലാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക.

Read Also: ഐപിഎലിൽ ഇംഗ്ലണ്ട് താരങ്ങൾ പങ്കെടുക്കും; സ്ഥിരീകരിച്ച് ബിസിസിഐ

ഓഗസ്റ്റ് 10നു ശേഷം ടീമുകൾക്ക് യുഎഇയിലെത്താമെന്നാണ് ബിസിസിഐയുടെ നിർദ്ദേശം. ഓഗസ്റ്റ് 14നോ 15നോ ടീം അവിടെയെത്തുമെന്ന് കാശി വിശ്വനാഥൻ അറിയിച്ചു.

ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ രണ്ടാം പാദത്തിൽ കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിൻ്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവച്ചതിനെ തുടർന്നാണ് ഇംഗ്ലണ്ട് താരങ്ങൾക്ക് ഐപിഎലിൽ പങ്കെടുക്കാൻ അവസരമൊരുങ്ങുന്നത്. ധാക്കയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്നാണ് സെപ്തംബർ- ഒക്ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന പര്യടനം അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചത്.

മത്സരങ്ങളിൽ ന്യൂസീലൻഡ് താരങ്ങൾ പങ്കെടുക്കുമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡും അറിയിച്ചു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തലവൻ ഡേവിഡ് വൈറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഐപിഎൽ നടക്കുന്ന സമയത്ത് പാക് പരമ്പര ഉണ്ടെങ്കിലും അതിനു പകരം താരങ്ങൾ ഐപിഎൽ കളിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കെയിൻ വില്ല്യംസൺ, ട്രെൻ്റ് ബോൾട്ട്, ജെയിംസ് നീഷം, ലോക്കി ഫെർഗൂസൻ എന്നീ താരങ്ങൾക്കാണ് ഐപിഎലിൽ പങ്കെടുക്കാൻ അനുമതി. ആർസിബിയുടെ യുവതാരം ഫിൻ അലൻ കളിക്കുമോ എന്നതിൽ വ്യക്തതയില്ല.

Story Highlights: dont play ipl pat cummins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here