ടോക്യോ ഒളിമ്പിക്സ്: ഗുസ്തി സെമിഫൈനലിൽ ദീപക് പുനിയക്ക് പരാജയം

ടോക്യോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 86 കിലോഗ്രാം ഗുസ്തി സെമിഫൈനലിൽ ഇന്ത്യയുടെ ദീപക് പുനിയക്ക് പരാജയം. അമേരിക്കൻ താരം ഡേവിഡ് മോറിസിനെതിരെയാണ് ദീപകിൻ്റെ പരാജയം. ആദ്യ ഘട്ടത്തിൽ തന്നെ 10 പോയിൻ്റുകളുടെ ലീഡ് നേടിയ അമേരിക്കൻ താരം ആധികാരികമായാണ് 22 വയസ്സുകാരനായ ഇന്ത്യൻ യുവതാരത്തെ കീഴടക്കിയത്. (olympics deepak punia wrestling)
നേരത്തെ, പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി സെമിഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ വിജയിച്ചിരുന്നു. കസാക്കിസ്ഥാൻ താരം നൂരിസ്ലാം സനയേവിനെ കീഴടക്കിയാണ് രവി കുമാർ ഫൈനലിൽ പ്രവേശിച്ചത്. 9-1 എന്ന നിലയിൽ പിന്നിലായിരുന്ന രവി കുമാർ തിരികെ വന്ന് സ്കോർ 9-7 എന്ന നിലയിലെത്തിച്ചു. അവസാന മിനിട്ടിൽ എതിരാളിലെ പിൻ ചെയ്താണ് ഇന്ത്യൻ താരം അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ഇതോടെ ഈയിനത്തിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ബൾഗേറിയൻ താരം ജോർജി വാംഗെലോവിനെ കീഴടക്കിയാണ് രവി കുമാർ സെമിയിലെത്തിയത്.
Read Also: ടോക്യോ ഒളിമ്പിക്സ്: ഗുസ്തിയിൽ രവി കുമാർ ഫൈനലിൽ; മെഡൽ ഉറപ്പ്
വനിതകളുടെ 64-69 കിലോഗ്രാം ബോക്സിംഗ് സെമിഫൈനലിൽ ഇന്ത്യയുടെ ലോവ്‌ലിന ബോർഗൊഹൈൻ പൊരുതിത്തോറ്റു. തുർക്കിയുടെ ബുസാനസ് സുർമെനെല്ലിയോട് കീഴടങ്ങിയെങ്കിലും ലോവ്‌ലിന വെങ്കല മെഡലിന് അർഹയായി. ലോകചാമ്പ്യനായ സുർമെനെല്ലി കൃത്യമായി മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും സേഫ് ഓപ്ഷൻ പരിഗണിക്കാതെ പൊരുതിത്തന്നെയാണ് അസം സ്വദേശി കീഴടങ്ങിയത്.
ആദ്യ റൗണ്ടിലെ അവസാന 30 സെക്കൻഡുകളിലാണ് ലോവ്‌ലിനക്കെതിരെ ഒന്നാം സീഡ് താരം ആഥിപത്യം സ്ഥാപിക്കാൻ തുടങ്ങിയത്. രണ്ടാം റൗണ്ടിൽ ചില കരുത്തുറ്റ പഞ്ചുകളിലൂടെ ലോവ്‌ലിന തിരികെവരാൻ ശ്രമിച്ചെങ്കിലും സുർമെനെല്ലി അവസാന സെക്കൻഡുകളിൽ വീണ്ടും തുടരാക്രമണങ്ങളിലൂടെ റൗണ്ട് പിടിച്ചു. മൂന്നാം റൗണ്ടിലെ ഒരു പഞ്ചോടെ പകച്ചുപോയ ഇന്ത്യൻ താരത്തെ നിഷ്പ്രഭയാക്കിയ സുർമെനെല്ലി ആധികാരിക ജയത്തോടെ ഫൈനലിലേക്ക്.
അതേസമയം, വനിതാ ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി നേരിട്ടു. ബെലാറസ് താരം ഇറൈന 8-2 നാണ് ഇന്ത്യയെ തോൽപ്പിച്ചത്. വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം ഇനത്തിലായിരുന്നു മത്സരം.
പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു.
Story Highlights: olympics deepak punia lost wrestling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here