Advertisement

പരിമിത ഓവർ പരമ്പരകൾക്കായി മുംബൈയെ ക്ഷണിച്ച് ഒമാൻ

August 7, 2021
Google News 2 minutes Read
mumbai tour oman cricket

ടി-20, ഏകദിന പരമ്പരകൾക്കായി മുംബൈ രഞ്ജി ടീമിനെ ക്ഷണിച്ച് ഒമാൻ ക്രിക്കറ്റ് അസോസിയേഷൻ. വരുന്ന ടി-20 ലോകകപ്പിനു മുന്നോടി ആയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ടീമിനെ ഒമാൻ ക്ഷണിച്ചിരിക്കുന്നത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾക്കായാണ് ക്ഷണം. (mumbai tour oman cricket)

ഓഗസ്റ്റ് 22 മുതൽ സെപ്തംബർ 2 വരെയാണ് പര്യടനം. ഒമാൻ ക്രിക്കറ്റ് ബോർഡിൻ്റെ ക്ഷണം മുംബൈ സ്വീകരിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഓഗസ്റ്റ് 19ന് മുംബൈ മസ്കറ്റിലേക്ക് തിരിക്കും. ക്വാറൻ്റീൻ കാലാവധിക്ക് ശേഷം ഓഗസ്റ്റ് 22, 24, 26 തീയതികളിൽ ടി-20കളും 29, 31, സെപ്തംബർ 2 തീയതികളിൽ ഏകദിന മത്സരങ്ങളും നടക്കും. പിറ്റേന്ന് മുംബൈ നാട്ടിലേക്ക് മടങ്ങും.

അതേസമയം, ടി-20 ലോകകപ്പിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം ഒക്ടോബർ 24നു നടക്കും. ദുബായ് ആവും വേദി. വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ലോകകപ്പുകളിൽ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്താനു കഴിഞ്ഞിട്ടില്ല. മുൻപ് 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം.

Read Also: ടി-20 ലോകകപ്പ് ഫൈനലിൽ പാകിസ്താൻ ഇന്ത്യയെ തോല്പിക്കും; ഷൊഐബ് അക്തർ

ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയെയും പാകിസ്തനെയും കൂടാതെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

ഗ്രൂപ്പ് ഒന്നാണ് ടൂർണമെന്റിലെ മരണഗ്രൂപ്പ്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, മുൻ ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ഗ്രൂപ്പ് എയിലെ വിജയികൾ. ഗ്രൂപ്പ് ബിയിലെ റണ്ണറപ്പ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്.

എട്ടു ടീമുകളാണ് സൂപ്പർ 12ലേക്കു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു ടീമുകൾ യോഗ്യതാ റൗണ്ട് കടന്നായിരിക്കും സൂപ്പർ 12ലേക്കു എത്തുക. യോഗ്യതാ റൗണ്ടിൽ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളുണ്ട്. ഗ്രൂപ്പ് എയിൽ ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്‌സ്, നമീബിയ എന്നിവരും ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, സ്‌കോട്ട്‌ലാൻഡ്, പപ്പുവ ന്യുഗ്വിനിയ, ഒമാൻ എന്നിവർ ഗ്രൂപ്പ് ബിയിലും മാറ്റുരയ്ക്കും.

ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇ, ഒമാൻ എന്നീവിടങ്ങളിലായാണ് ടി-20 ലോകകപ്പ് അരങ്ങേറുന്നത്. ഈ വർഷം മാർച്ച്‌ 20 വരെയുള്ള ഐസിസി റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് ഐസിസി ഗ്രൂപ്പുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയാണ് ഇത്തവണ ടി20 ലോകകപ്പ് ആതിഥേയർ. എന്നാൽ, കൊവിഡ് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ ടൂർണമെന്റ് ഇന്ത്യയിൽ നിന്ന് മാറ്റാൻ നിർബന്ധിതരാകുകയായിരുന്നു.

Story Highlight: mumbai tour oman cricket august

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here