Advertisement

മെസി പടിയിറങ്ങുന്നു; വിടവാങ്ങല്‍ സമ്മേളനം ഉച്ചയ്ക്ക് 2.30ന്

August 8, 2021
Google News 1 minute Read
leo messi

ബാഴ്‌സലോണയില്‍ നിന്ന് വേര്‍പിരിഞ്ഞ ലയണല്‍ മെസിയുടെ വിടവാങ്ങല്‍ സമ്മേളനം ഇന്ന് നടക്കും. മെസി ഇനിയെങ്ങോട്ട് എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. പിഎസ്ജിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഉള്‍പ്പെടെ താരം ഇന്ന് മറുപടി പറഞ്ഞേക്കും.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് മെസിയുടെ വാര്‍ത്താസമ്മേളനം. ഇന്ന് ക്യാംനൗവില്‍ ലയണല്‍ മെസി എത്തുമ്പോള്‍ കുടുംബവും ഒപ്പമുണ്ടാകും. ക്ലബ് പ്രസിഡന്റ് ലാപോര്‍ട്ടയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. ബാഴ്‌സയുടെ മറ്റ് താരങ്ങളും മുന്‍താരങ്ങളും പരിപാടിയില്‍ പങ്കെടുക്കും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി മെസിയുടെ അഭിഭാഷകര്‍ ചര്‍ച്ചയും നടത്തുന്നുണ്ട്.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ വെള്ളിയാഴ്ചയാണ് ലയണല്‍ മെസി ബാഴ്‌സ വിട്ടു എന്നതിനുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സാമ്പത്തിക, സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് വാര്‍ത്താകുറിപ്പിലൂടെ ബാഴ്‌സലോണ അറിയിച്ചത്. 12ആം വയസ്സില്‍ ബാഴ്‌സലോണയുമായി കരാര്‍ ഒപ്പിട്ട താരം 22 വര്‍ഷങ്ങള്‍ ക്ലബില്‍ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങുന്നത്.

Read Also: മെസിയില്ലാതെ ബാഴ്സയിൽ കളിക്കാൻ താത്പര്യമില്ല; ക്ലബ് വിടണമെന്ന് സെർജിയോ അഗ്യൂറോ

അഞ്ച് വര്‍ഷത്തെ കരാര്‍ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി സൂപ്പര്‍ താരം ഇനി ക്ലബില്‍ തുടരില്ലെന്ന് ബാഴ്‌സലോണ വ്യക്തമാക്കിയത്. കരാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് അതില്‍ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡന്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈന്‍ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നില്‍ നില്‍ക്കവേയാണ് വേതനം കുറച്ച് മെസി കരാര്‍ അംഗീകരിക്കുന്നത്. എന്നാല്‍, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളില്‍ കുടുങ്ങി മെസിയും ക്ലബും വേര്‍പിരിയുകയായിരുന്നു.

Story Highlight: leo messi, barcelona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here