Advertisement

കരഞ്ഞു തളർന്ന് മെസി; സങ്കടക്കടലായി വിടവാങ്ങൽ പ്രസംഗം

August 8, 2021
Google News 2 minutes Read
lionel messi farewell speech

ബാഴ്സലോണ വിടുകയാണെന്നറിയിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ വികാരനിർഭരനായി മെസി. ബാഴ്സലോന പ്രസിഡൻ്റും കുടുംബവും സഹതാരങ്ങളും മാധ്യമപ്രവർത്തകരും അടങ്ങിയ സദസ്സിലാണ് മെസി പലതവണ വിങ്ങിപ്പൊട്ടിയത്. ബാഴ്സയിൽ തന്നെ തുടരാനുള്ള എല്ലാ കാര്യങ്ങളും തയ്യാറായതാണെന്നും ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളാണ് അത് ഇല്ലാതാക്കിയതെന്നും വിടവാങ്ങൽ പ്രസംഗത്തിൽ മെസി പറഞ്ഞു. (lionel messi farewell speech)

കരഞ്ഞുകൊണ്ടാണ് ഭാര്യക്കും മക്കൾക്കുമൊപ്പം മെസി എത്തിയത്. സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ സദസ്സിൽ കാത്തിരിക്കുന്നു. മുന്നിൽ കൂടിയിരിക്കുന്നവരെ കണ്ട് മെസി വിങ്ങിപ്പൊട്ടി. എത്ര ശ്രമിച്ചിട്ടും കരച്ചിൽ മാറുന്നില്ലെന്ന് കണ്ട ഇതിഹാസ താരം മുൻനിരയിലുണ്ടായിരുന്ന ഭാര്യയിൽ നിന്ന് തൂവാല വാങ്ങി മുഖവും കണ്ണുകളും തുടച്ചു. വീണ്ടും കുറേ സമയത്തിനു ശേഷമാണ് മെസിക്ക് കരച്ചിൽ നിയന്ത്രിച്ച് പ്രസംഗം തുടങ്ങാനായത്.

Read Also: മെസി പടിയിറങ്ങുന്നു; വിടവാങ്ങല്‍ സമ്മേളനം ഉച്ചയ്ക്ക് 2.30ന്

“എന്താണ് പറയേണ്ടതെന്ന് ഞാൻ ചിന്തിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ, എനിക്കൊന്നും ചിന്തിക്കാനായില്ല.”- മെസി പറഞ്ഞുതുടങ്ങി. “ഇവിടെത്തന്നെ തുടരാനാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇങ്ങനെ ക്ലബ് വിടേണ്ടിവരുമെന്ന് കരുതിയില്ല. എല്ലാവരോടും നന്ദി പറയുകയാണ്. ആരാധകരെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു. ഇങ്ങനെ ഒരു ദിവസം അവർ ഒപ്പമുണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”- വീണ്ടും മെസിയുടെ കണ്ണുകൾ നിറഞ്ഞു. സദസ്സിലുണ്ടായിരുന്നവർ എഴുന്നേറ്റുനിന്ന് ഇതിഹാസതാരത്തിനു കയ്യടിച്ചു. മെസി വീണ്ടും കരഞ്ഞു. വെള്ളം കുടിച്ചു. തൂവാല കൊണ്ട് മുഖം തുടച്ചു.

“ഇവിടെത്തന്നെ തുടരാനുള്ള എല്ലാ കാര്യങ്ങളും തയ്യാറായിരുന്നു. പക്ഷേ, ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ എല്ലാം മാറ്റിമറിച്ചു. എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. എനിക്ക് ഇവിടെ തുടരണമായിരുന്നു. പക്ഷേ, സാധിച്ചില്ല. കഴിഞ്ഞ വർഷം ഞാൻ ക്ലബ് വിടണമെന്ന് ആഗ്രഹിച്ചു. അതിനു സാധിച്ചില്ല. ഇക്കൊല്ലം ക്ലബിൽ തുടരണമെന്നാഗ്രഹിച്ചു. അതിനും സാധിച്ചില്ല.”- മെസി തുടർന്നു.

“പിഎസ്ജി ഒരു സാധ്യതയാണ്. പക്ഷേ, നിരവധി ഓഫറുകൾ വരുന്നുണ്ട്. ഒരുപാട് കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നുണ്ട്. ബാഴ്സലോണ വിടുകയാണെന്ന യാഥാർത്ഥ്യത്തോട് ഇതുവരെ അംഗീകരിക്കാനായിട്ടില്ല. പക്ഷേ, അത് അംഗീകരിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്.”- മെസി പറഞ്ഞു.

താൻ ക്ലബിനായി അരങ്ങേറിയ മുഹൂർത്തമാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് മെസി കൂട്ടിച്ചേർത്തു. “ഞാൻ കൂടുതൽ പണം ചോദിച്ചു എന്ന വാർത്തകൾ വ്യാജമാണ്. ക്ലബ് വിടേണ്ടിവരുമെന്നറിഞ്ഞപ്പോൾ എൻ്റെ രക്തം തണുത്തുപോയി. ഞാൻ വളരെ ദുഖിതനായിരുന്നു. ഇപ്പോഴും എനിക്ക് പൂർണമായി ഇത് ഉൾക്കൊള്ളാനായിട്ടില്ല. വീട്ടിലെത്തിയാലും ഞാൻ ദുഖിതനായിരിക്കും. ചിലപ്പോൾ കൂടുതൽ ദുഖിതനായിരിക്കും.”- മെസി പ്രസംഗം പൂർത്തിയാക്കി.

Story Highlight: lionel messi farewell speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here