സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ വാങ്ങാൻ 126 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ വാങ്ങി നൽകാൻ 126 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പണം നൽകുക. മെഡിക്കൽ സർവീസസ് കോർപറേഷന് ആണ് വാക്സീൻ വാങ്ങി നൽകേണ്ട ചുമതലയുള്ളത്. മൂന്നാം തരംഗ സാധ്യതയും രോഗികളുടെ എണ്ണം കൂടാനുള്ള സാഹചര്യവും നിലനിൽക്കെയാണ് കൂടുതൽ സ്വകാര്യ ആശുപത്രികളെ കൂടി വാക്സീൻ യജ്‍ഞത്തിൽ പങ്കാളികളാക്കുന്നത്.
ഈ മാസം ഏതാണ്ട് 18.18 ലക്ഷം വാക്സീൻ വേണമെന്നാണ് സ്വകാര്യ ആശുപത്രികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ അറിയിച്ചത്. ഇതനുസരിച്ച് 20 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ വാങ്ങി നൽകാനാണ് മെഡിക്കൽ സർവീസസ് കോർപറേഷന് അനുവദിച്ചത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ വാക്സീൻ വാങ്ങുക. രണ്ട് തവണകളായി പത്ത് ലക്ഷം വീതം വച്ചാണ് വാക്സീൻ വാങ്ങുക. സർക്കാർ മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി വാങ്ങി നൽകുന്ന വാക്സീന്റെ തുക പിന്നീട് സ്വകാര്യ ആശുപത്രികളിൽ നിന്ന് സർക്കാർ ഈടാക്കും.
മെഡിക്കൽ സർവീസസ് കോർപറേഷനും സ്റ്റേറ്റ് ഹെൽത് ഏജൻസിക്കുമാണ് ഈ തുക തിരിച്ച് ഈടാക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് വാക്സീൻ വാങ്ങാനുള്ള നടപടികൾക്ക് തുടക്കമായെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ അറിയിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here