‘ഞങ്ങൾക്ക് സമാധാനം വേണം’; റാഷിദ് ഖാനു പിന്നാലെ അഫ്ഗാനിലെ അവസ്ഥ വിവരിച്ച് മുഹമ്മദ് നബി

അഫ്ഗാനിസ്ഥാനിലെ താലിബാൻ അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് മറ്റൊരു ക്രിക്കറ്റ് താരം കൂടി. ദേശീയ ടീമിൻ്റെ മുൻ ക്യാപ്റ്റൻ മുഹമ്മദ് നബിയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ആശങ്ക പങ്കുവച്ചത്. തങ്ങൾക്ക് വേണ്ടത് സഹായമാണെന്നും അഫ്ഗാനിസ്ഥാനെ കുഴപ്പങ്ങളിലേക്ക് കൂപ്പുകുത്താൻ അനുവദിക്കരുതെന്നും അദ്ദേഹം ലോകനേതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തു. (mohammad nabi afganistan taliban)
‘ഒരു അഫ്ഗാനി എന്ന നിലയിൽ, എൻ്റെ രാജ്യത്തിൻ്റെ ഇന്നത്തെ അവസ്ഥ കണ്ട് എന്നിൽ ചോര പൊടിയുകയാണ്. അഫ്ഗാനിസ്ഥാൻ കുഴപ്പങ്ങളിലേക്ക് ആണ്ടുപോവുകയാണ്. ദുരന്തരങ്ങളിലും അപകടങ്ങളിലും വലിയ വർധന ഉണ്ടായിരിക്കുന്നു. രാജ്യം ഇപ്പോൾ മാനുഷിക പ്രതിസന്ധിയിലാണ്. കുടുംബങ്ങൾ തങ്ങളുടെ വീടുകൾ വിട്ട് ഭാവിയെപ്പറ്റി യാതൊരു അറിവുമില്ലാതെ കാബൂളിലേക്ക് പോകാൻ നിർബന്ധിതരായിരിക്കുന്നു. ഞാൻ ലോകനേതാക്കളോട് അപേക്ഷിക്കുന്നു, അഫ്ഗാനിസ്ഥാനെ കുഴപ്പത്തിലേക്ക് പോകാൻ അനുവദിക്കരുത്. ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ വേണം. ഞങ്ങൾക്ക് സമാധാനം വേണം.’- മുഹമ്മദ് നബി കുറിച്ചു.
അഫ്ഗാനിസ്ഥാനിൽ ഇന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതിനു പിന്നാലെ താലിബാൻ രാജ്യത്ത് പിടിമുറുക്കുകയാണ്. മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങൾ കൂടി ഇപ്പോൾ താലിബാൻ പിടിച്ചെടുത്തു. ഒരു സൈനിക ആസ്ഥാനവും താലിബാൻ കൈക്കലാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ 6 പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ പിടിച്ചെടുത്തിരുന്നത്. ഇപ്പോൾ രാജ്യത്തിൻ്റെ മൂന്നിൽ രണ്ട് പ്രദേശങ്ങളും താലിബാൻ്റെ അധീനതയിലാണ്. 30 ദിവസത്തിനുള്ളിൽ കാബൂളിനെ ഒറ്റപ്പെടുത്തി 90 ദിവസത്തിനുള്ളിൽ താലിബാൻ രാജ്യതലസ്ഥാനം പിടിച്ചടക്കുമെന്നാണ് വിവരം.
Read Also: അഫ്ഗാനിസ്ഥാന്റെ മൂന്നിൽ രണ്ട് പ്രദേശങ്ങളും പിടിച്ചടക്കി താലിബാൻ
അതേസമയം, അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന അതിക്രമങ്ങൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച ഖത്തറിലെ ദോഹയിൽ ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ ചർച്ചയിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി പങ്കെടുക്കുമെന്നാണ് വിവരം. ഇതിനിടെ അഫ്ഗാനിസ്ഥാൻ്റെ ഇടക്കാല ധനമന്ത്രി ഖാലിദ് പയേന്ദ വിരമിച്ച് രാജ്യം വിട്ടു എന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
നേരത്തെ, താലിബാനെ അഫ്ഗാനിസ്ഥാനിൽ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇനിയൊരു സൈനിക നീക്കത്തിനും അമേരിക്ക് തയാറല്ലെന്ന് ബൈഡൻ അറിയിച്ചു. അഫ്ഗാൻ പൗരന്മാർ ഒറ്റക്കെട്ടായി നിന്ന് സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുകയാണ് വേണ്ടതെന്നും ബൈഡൻ അറിയിച്ചു. യു.എസ്. സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവലിച്ചതിൽ പശ്ചാത്താപമില്ലെന്നും ജോ ബൈഡൻ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ 65% നിയന്ത്രണവും താലിബാന്റെ കൈകളിലായ സാഹചര്യത്തിലാണ് പ്രസ്താവന.
Story Highlight: mohammad nabi tweet afganistan taliban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here