Advertisement

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; കിരണിന്റെ ഫ്ലാറ്റിൽ റെയ്ഡ്

August 12, 2021
Google News 1 minute Read
kiran flat raid

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളിൽ ഒരാളായ കിരണിന്റെ ഫ്ലാറ്റിൽ റെയ്ഡ്. കാക്കാനാട്ടിലെ ഫ്ലാറ്റിലാണ് റെയ്ഡ് നടത്തിയത്.

ക്രൈം ബ്രാഞ്ചാണ് റെയ്ഡ് നടത്തിയത്. കിരണിന് കൂടുതൽ നിക്ഷേപമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ . നിരവധി കമ്പനികൾ തുടങ്ങിയതിന്റെ രേഖകൾ ഫ്ളാറ്റിൽ നിന്ന് പിടിച്ചെടുത്തു. കരുവന്നൂർ ബാങ്കിൽ കിരണിന് മാത്രം 33.29 ൽ അധികം കോടിയുടെ ബാധ്യതയുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. 46 ക്രെഡിറ്റുകളും പോയത് കിരണിന്റെ അക്കൗണ്ടിലേക്കാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കിരണിനെ ഇതുവരെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇയാൾ സംസ്ഥാനത്തിന് പുറത്ത് കടന്നു എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ രാജ്യം വിട്ടിട്ടില്ല എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

കരുവന്നർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളുടെ പേരിലുള്ള ഭൂമി കണ്ടെത്താൻ അന്വേഷണ സംഘം രജിസ്ട്രേഷൻ ഐജിക്ക് കത്തു നൽകിയിരുന്നു. പ്രതികളുടെ‌യും ബന്ധുക്കളുടെയും പേരിലുള്ള സംസ്ഥാനത്തെ എല്ലാ വസ്തു ഇടപാടുകളും കണ്ടെത്തുന്നതിനായാണ് നടപടി.

കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിലൂടെ സമ്പാദിച്ച പണം പ്രതികൾ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് വ്യാപകമായി ഉപയോ​ഗിച്ചു എന്ന് കണ്ടെത്തിയിരുന്നു. റിസോട്ട് ഇടപാടിന് ഉൾപ്പെടെ 5 സ്ഥാപനങ്ങളിലായാണ് പ്രതികൾ പണം പ്രധാനമായും ഉപയോ​ഗിച്ചതായി കണ്ടെത്തിയത്. ഇവയെല്ലാം പരിശോധിച്ചുവരുകയാണ്. ഇത് കൂടാതെ പ്രതികളുടെ പേരിലും ബന്ധുക്കളുടെയും, ബിനാമികളുടെയും പേരിലും വസ്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇത്തരത്തിൽ വാങ്ങി കൂട്ടിയ വസ്തുക്കൾ എവിടെയെല്ലാമാണ് എന്ന് കണ്ടെത്തുന്നതിന്റെ ഭാ​ഗമായാണ് രജിസ്ട്രേഷൻ ഐജിക്ക് അന്വേഷണ സംഘം കത്തുനൽകിയിരിക്കുന്നത്. പ്രതികളുടെയും, ബന്ധുക്കളുടെയും, ബിനാമി ഇടപാടുകൾ സംശയിക്കുന്നവരുടെയും പേരിലുള്ള കേരളത്തിലെ എല്ലാ വസ്തുക്കളുടെയും വിവരങ്ങൾ ശേഖരിക്കും.

അതേസമയം കേസിൽ ഇന്നലെ അറസ്റ്റിലായ പ്രതികളും ബാങ്കിലെ ഭരണ സമിതി അംഗങ്ങൾക്കെതിരെ മൊഴി നൽകി. എല്ലാ ഇടപാടുകളും ഭരണസമിതിയുടെ അറിവോടു കൂടി ആണെന്ന് പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുനിൽ കുമാറും ഇതേ മൊഴിയാണ് നൽകിയത്. ബാങ്ക് തട്ടിപ്പിൽ ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ നടപടി കർശനമാക്കിയതോടെ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥരും ഭരണസമിതി അം​ഗങ്ങളും കേസിൽ പ്രതികളാകാനുള്ള സാധ്യതയും വർധിച്ചു. കേസിൽ ഇതുവരെ മൂന്ന് പ്രതികളാണ് അറസ്റ്റിലായത്. ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ബിജോയ്‌, റെജി എം അനിൽ എന്നിവർ ഉടൻ കീഴടങ്ങുമെന്നാണ് സൂചന. പ്രതി കിരൺ രാജ്യം വിട്ടിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇയാൾക്കായുള്ള തിരച്ചിൽ അന്വേഷണം അന്വേഷണസംഘം ഊർജിതമാക്കി.

Story Highlight: kiran flat raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here