17
Sep 2021
Friday

ലീഗിനെതിരെ എ വിജയരാഘവന്‍; പുറത്തുവന്നത് യുഡിഎഫ് നേരിടാന്‍ പോകുന്ന പ്രതിസന്ധിയുടെ സൂചന

vijayaraghavan against league

മുസ്ലിം സമുദായത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന മുസ്ലിംലീഗ് ഒരു കാലത്തും പാവങ്ങളെയും സാധാരണക്കാരെയും പരിഗണിച്ചിട്ടില്ലെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ലീഗില്‍ നിലനില്‍ക്കുന്ന അന്തഃഛിദ്രം മറനീക്കി പുറത്തുവന്നെന്നും യുഡിഎഫ് നേരിടാന്‍ പോകുന്ന പ്രതിസന്ധിയുടെ സൂചനയാണിതെന്നും എ വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളിലെ ലീഗിന്റെ സഖ്യം ചൂണ്ടിക്കാണിച്ചായിരുന്നു പരമാര്‍ശങ്ങള്‍.(vijayaraghavan against league)

എ വിജയരാഘവന്റെ വാക്കുകള്‍;

എല്‍ഡിഎഫിന് കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമ്പോള്‍ യുഡിഎഫ് തകര്‍ച്ചയിലേക്ക് പോകുമെന്നും അതിന്റെ പ്രതിഫലനമെന്ന നിലയില്‍ ആ മുന്നണിയിലെ ഘടക കക്ഷികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും തെരഞ്ഞെടുപ്പുഫലം വരുന്നതിനുമുമ്പേ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങളിലെ അവസാനവാക്കായി ഹൈക്കമാന്‍ഡ് പോലും മുസ്ലിംലീഗിന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നുവെന്ന നിലയില്‍, മധ്യസ്ഥ സ്ഥാനംതന്നെ ലീഗ് വഹിച്ചുപോന്നു. ഇതര യുഡിഎഫ് പാര്‍ടികള്‍ക്കകത്തുള്ള പ്രശ്നങ്ങള്‍ക്കും ലീഗ് മധ്യസ്ഥം പ്രധാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് സ്ഥിരം മധ്യസ്ഥന്മാരായ മുസ്ലിംലീഗില്‍ നിലനില്‍ക്കുന്ന അന്തഃഛിദ്രം മറനീക്കി പുറത്തുവന്നതാണ്. ഇത് യുഡിഎഫ് നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധിയുടെ സൂചനയാണ്.

മുസ്ലിം സമുദായത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന മുസ്ലിംലീഗ് ഒരുകാലത്തും ആ പാര്‍ടിയില്‍ അണിനിരന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും പരിഗണിച്ചിട്ടില്ല. സാധാരണക്കാര്‍ക്കെതിരായി ഉയര്‍ന്നുവരുന്ന ഒരു സാമൂഹ്യവിഷയത്തിലും കൃത്യമായ നിലപാടുകളും ആ പാര്‍ടിക്ക് ഇല്ല. സമ്പന്നവിഭാഗത്തിനു വേണ്ടിയാണ് എന്നും ലീഗ് നിലകൊണ്ടത്. എന്നാല്‍, തങ്ങള്‍ സമുദായക്ഷേമത്തിനുവേണ്ടി പോരാടുന്ന പാര്‍ടിയാണെന്ന് അണികളെ വിശ്വസിപ്പിക്കുന്നതില്‍ വലിയൊരളവ് മുസ്ലിംലീഗ് നേതൃത്വം വിജയിച്ചിട്ടുണ്ട്. പാര്‍ടിയുടെ യഥാര്‍ഥ മുഖം മറച്ചുവയ്ക്കാന്‍ ലീഗ് നേതൃത്വത്തിന് കഴിഞ്ഞെന്ന് ചുരുക്കം.

രാഷ്ട്രീയാധികാരം ഉപയോഗിച്ചാണ് കേരളത്തില്‍ മുസ്ലിംലീഗ് വളര്‍ന്നുവന്നത്. അധികാരം ഉപയോഗിച്ച് അഴിമതി നടത്താനും സമ്പത്ത് ഉണ്ടാക്കാനും ശ്രമിക്കുന്ന ആ പാര്‍ടി അരനൂറ്റാണ്ടിലേറെയായി കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന, സിപിഐ എം വിരുദ്ധകൂട്ടായ്മയുടെ ഭാഗമാണ്. കോണ്‍ഗ്രസ് മുന്നണിയുടെ പ്രധാന ശക്തിസ്രോതസ്സ് മുസ്ലിംലീഗാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.
അധികാരം ഉപയോഗിച്ച് അഴിമതി, അധികാരം നിലനിര്‍ത്താന്‍ നേരുംനെറിയുമില്ലാത്ത അവസരവാദ കൂട്ടുകെട്ട് ഇതാണ് ലീഗിന്റെ യഥാര്‍ഥ മുഖം. സമുദായക്ഷേമം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പാര്‍ട്ടി, ബാബ്റി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തപ്പോള്‍ ഒരക്ഷരം മിണ്ടിയില്ലെന്ന് നമുക്കറിയാം. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസ് ഭരണത്തിന്റെ ഒത്താശയോടെയാണ് മതനിരപേക്ഷതയ്ക്ക് എതിരായ ഈ ആക്രമണമെന്നതിനാല്‍ ലീഗ് മനഃപൂര്‍വം മൗനംപാലിച്ചു. കാരണം, കേരളത്തില്‍ കോണ്‍ഗ്രസുമായി അവര്‍ അധികാരം പങ്കിടുകയായിരുന്നു. ഭരണം വിടാന്‍ കഴിയാത്തതുകൊണ്ട് അനങ്ങാതിരുന്നു. കോണ്‍ഗ്രസ് ഭരണത്തിന്റെ വഞ്ചന തുറന്നുകാണിച്ച് പ്രതിഷേധിച്ച അഖിലേന്ത്യാ അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കുകയാണ് ലീഗ് നേതൃത്വം ചെയ്തത്.

അധികാരം പിടിക്കാനും അത് നിലനിര്‍ത്താനും ഏതു ചെകുത്താനുമായും കൂട്ടുകൂടാന്‍ മുസ്ലിംലീഗ് മടികാണിച്ചിട്ടില്ല. 1991ല്‍ വടകര ലോക്സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും ബിജെപിയുമായി ലീഗും കോണ്‍ഗ്രസും പരസ്യമായ സഖ്യമുണ്ടാക്കി. അതാണ് കുപ്രസിദ്ധമായ കോലീബി സഖ്യം. 1991നു ശേഷവും അത്തരത്തിലുള്ള ബന്ധം രഹസ്യമായും ഒട്ടൊക്കെ പരസ്യമായും തുടര്‍ന്നു. 2020ല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മുസ്ലിം മതമൗലികവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് പരസ്യമായ സഖ്യത്തിലായിരുന്നു. ഇതിന് മുന്‍കൈയെടുത്തതാകട്ടെ മുസ്ലിംലീഗ് ആയിരുന്നു. ഈ അവിശുദ്ധ സഖ്യത്തോട് കോണ്‍ഗ്രസിന്റെ കേരള-ദേശീയ നേതൃത്വത്തിലുള്ള പലര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. ചിലര്‍ അത് പരസ്യമായി പറഞ്ഞു. എന്നാല്‍, മുസ്ലിംലീഗിന്റെ നിര്‍ബന്ധത്തിന് കേരളത്തിലെ കോണ്‍ഗ്രസ് വഴങ്ങുകയായിരുന്നു. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ മുസ്ലിംലീഗ് ശ്രമിക്കുന്നുവെന്ന വിമര്‍ശം സിപിഐ എം ഉന്നയിച്ചത്. ഈ വിമര്‍ശത്തോട് മുസ്ലിംലീഗ് നേതൃത്വം എങ്ങനെയാണ് പ്രതികരിച്ചതെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. സിപിഐ എമ്മിനെ മുസ്ലിംവിരുദ്ധ പാര്‍ടിയായി മുദ്ര കുത്താനാണ് ശ്രമിച്ചത്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് തള്ളി സംസ്ഥാനത്താകെ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ടിയുമായി സഖ്യമുണ്ടാക്കാന്‍ ലീഗ് തയ്യാറായി. കോണ്‍ഗ്രസ് കീഴടങ്ങിയപ്പോള്‍ അത് യുഡിഎഫ്-ജമാഅത്തെ സഖ്യമായി മാറി.

തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ വലിയ തിരിച്ചടി നേരിട്ടിട്ടും ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കാന്‍ മുസ്ലിംലീഗ് തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും ബന്ധം തുടര്‍ന്നു. 2020ല്‍ നേരിട്ടതിലും വലിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിനും കോണ്‍ഗ്രസിനും ഉണ്ടായത്. ലീഗിന്റെ കാലിനടിയിലെ മണ്ണ് അതിവേഗം ചോര്‍ന്നുപോകുകയാണെന്ന് തെരഞ്ഞെടുപ്പുഫലം വിലയിരുത്തിയാല്‍ വ്യക്തമാകും. ലീഗിന്റെ ശക്തിയായി നിലകൊണ്ട മുസ്ലിം ജനസാമാന്യം അവരില്‍നിന്ന് അകലുകയാണ്. അപ്രതിരോധ്യമെന്നു കരുതിയ ലീഗ് കോട്ടകള്‍ പലതും തകര്‍ന്നു. ചിലത് ഇളകിയാടി. ജനകീയാടിത്തറ പൊളിഞ്ഞപ്പോള്‍ പിടിച്ചുനില്‍ക്കാനാണ് ജമാഅത്തെ ഇസ്ലാമിയുമായി അവര്‍ കൂട്ടുകൂടുന്നത്.ഈ നയം ലീഗിനെ കൂടുതല്‍ തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്ന് നേതൃത്വത്തിന് ഇനിയും മനസ്സിലായിട്ടില്ല.

‘ചന്ദ്രിക’ പത്രത്തില്‍ കള്ളപ്പണം നിക്ഷേപിച്ചതിനെച്ചൊല്ലിയാണ് ലീഗ് നേതൃത്വത്തില്‍ ഇപ്പോള്‍ വഴക്കുനടക്കുന്നത്. ചന്ദ്രികയില്‍ വന്നത് കള്ളപ്പണമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പാലാരിവട്ടം പാലത്തിന്റെ പണം മാത്രമാണ് അവിടെ എത്തിയതെന്ന് കരുതാനാകില്ല. അതിന്റെ പേരിലുള്ള തര്‍ക്കം ലീഗ് നേതൃത്വം തീര്‍ക്കട്ടെ. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തിലുണ്ടായ വെട്ടിപ്പ് പ്രതിസ്ഥാനത്തുള്ള മുന്‍ മന്ത്രി മാത്രം ചെയ്തതാണെന്ന് ആരും വിശ്വസിക്കില്ല. മുസ്ലിംലീഗ് നേതൃത്വം കൂട്ടായി നടത്തുന്ന അഴിമതിയാണ് ഇതെല്ലാം. ചന്ദ്രികയില്‍ കള്ളപ്പണം നിക്ഷേപിച്ചത് നേതൃത്വം മൂടിവച്ചതായിരുന്നു. അഴിമതി ഓരോന്നായി പുറത്തുവരികയാണ്. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ സിപിഐ എമ്മിനെ ആക്ഷേപിച്ചുരക്ഷപ്പെടാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്.

സിപിഐ എമ്മിനെതിരെ ലീഗ് നേതാക്കള്‍ തിരിയുന്നതില്‍ അത്ഭുതമില്ല. കാരണം, മുസ്ലിംലീഗില്‍നിന്ന് അകലുന്ന സാമാന്യ മുസ്ലിങ്ങള്‍ ഇടതുപക്ഷത്തോട് കൂടുതല്‍ അടുക്കുകയാണ്. അത് ലീഗ് നേതൃത്വത്തിന് സഹിക്കാന്‍ കഴിയുന്നില്ല. മുസ്ലിം സമുദായം മാത്രമല്ല, മറ്റു മതന്യൂനപക്ഷ വിഭാഗങ്ങളും ഇടതുപക്ഷത്തോട് കൂടുതല്‍ അടുക്കുകയാണ്. കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘപരിവാര്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണത്തെ വിട്ടുവീഴ്ചയില്ലാതെ ഇടതുപക്ഷം എതിര്‍ക്കുന്നുവെന്നതാണ് ഈ മാറ്റത്തിന് അടിസ്ഥാനം. മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷം നടത്തുന്ന പോരാട്ടം ഇന്ത്യയുടെ ഐക്യം നിലനിര്‍ത്താനാണെന്ന് മതന്യൂനപക്ഷങ്ങള്‍ തിരിച്ചറിയുന്നു. ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയെന്ന് ലീഗ് നേതൃത്വം ഇനിയെങ്കിലും മനസ്സിലാക്കണം. ശരിയായ രാഷ്ട്രീയ നിലപാടെടുക്കുകയും അഴിമതി അവസാനിപ്പിക്കുകയും ചെയ്യാതെ അവര്‍ക്ക് അണികളുടെ വിശ്വാസം വീണ്ടെടുക്കാനാകില്ല. അഴിമതിയിലൂടെ നേടുന്ന പണംകൊണ്ട് ഇനിയും പാര്‍ടിയെ നിലനിര്‍ത്താന്‍ കഴിയില്ല. വന്‍ദുരന്തമാണ് ലീഗിനെ തുറിച്ചുനോക്കുന്നത്.
അണികളെ പിടിച്ചുനിര്‍ത്താന്‍ ധ്രുവീകരണമുണ്ടാക്കാനും സമുദായവികാരം ഇളക്കിവിടാനും ശ്രമിക്കുന്നത് ലീഗിന്റെ പതിവ് രീതിയാണ്. സംവരണമില്ലാത്ത സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ സമുദായ സംഘടനകളെ യോജിപ്പിച്ച് സമരത്തിന് മുസ്ലിംലീഗ് മുതിരുകയുണ്ടായി. കോണ്‍ഗ്രസ് കൂടി അംഗീകരിച്ച നയമായിരുന്നു സംവരണേതര സമുദായങ്ങള്‍ക്കുള്ള 10 ശതമാനം സംവരണം. യുഡിഎഫിന്റെ പ്രകടനപത്രികയിലും അതുണ്ടായിരുന്നു. അതൊന്നും ലീഗ് പരിഗണിച്ചില്ല. ഇടതുപക്ഷ സര്‍ക്കാരിനെതിരെ സമുദായത്തെ തെരുവിലിറക്കാന്‍ ഒരവസരമെന്ന നിലയിലാണ് ലീഗ് അതിനെ കണ്ടത്. എന്നാല്‍, ജനവികാരം തീര്‍ത്തും എതിരായതുകൊണ്ട് അവര്‍ക്ക് പിന്മാറേണ്ടിവന്നു. സമുദായത്തെ വഞ്ചിക്കുന്ന ഇത്തരം നയങ്ങളില്‍നിന്നും നടപടികളില്‍നിന്നും പിന്മാറാതെ മുസ്ലിംലീഗിന് നിലനില്‍ക്കാനാകില്ല. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ മുസ്ലിംലീഗ് നേതൃത്വം തയ്യാറാകുമോ?

Read Also : ഐഎന്‍എല്‍ പിളര്‍പ്പ്: മുന്നണി താത്പര്യത്തിന് സഹായകമായ നിലപാടല്ലെന്ന് എ വിജയരാഘവന്‍; ചര്‍ച്ച ചെയ്യും

യുവനേതാവ് മുഈന്‍ അലി തങ്ങള്‍ ഈയിടെ നടത്തിയ പ്രസ്താവനയും തുടര്‍ന്നുണ്ടായ സംഭവങ്ങളും ലീഗിന്റെ പരമ്പരാഗത രീതിയില്‍നിന്നും വ്യത്യസ്തമായ അനുരണനങ്ങളുണ്ടാക്കി. സംഘടനാ രീതികളുമായും അഴിമതിപ്പണവുമായും ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പ്രതിഫലനമായിരുന്നു തുടര്‍ന്നുണ്ടായ സംഭവങ്ങള്‍. ഇതുസംബന്ധിച്ച് സമൂഹത്തിന് ബോധ്യപ്പെടുന്ന പരിഹാരനിര്‍ദേശങ്ങളല്ല ലീഗ് നേതൃത്വത്തില്‍നിന്ന് ഉണ്ടായത്. താല്‍ക്കാലികമായി ഒതുക്കിവച്ചെങ്കിലും കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് ലീഗിലെ പ്രശ്നങ്ങള്‍ നീങ്ങുന്നത്.

Story Highlight: vijayaraghavan against league

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top