പാലക്കാട് ചന്ദ്രനഗർ ബാങ്ക് കവർച്ച: പ്രതി നേരത്തെയും കവർച്ച നടത്തിയെന്ന് പൊലീസ്

പാലക്കാട് ചന്ദ്രനഗർ ബാങ്ക് കവർച്ച കേസിൽ പ്രതി നേരത്തെയും കവർച്ച നടത്തിയെന്ന് പൊലീസിന്റെ കണ്ടെത്തൽ. 1998 ൽ കോഴിക്കോട് നടക്കാവ് മുത്തൂറ്റ് ശാഖയിൽ മോഷണം നടത്തിയെന്നാണ് കണ്ടെത്തിയത്. ഒന്നേകാൽ കോടി രൂപയുടെ സ്വർണമാണ് മോഷ്ടിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.
മുൻപ് കവർച്ച നടത്തിയ സമയത്ത് പരേഷ് അശോക് അംബുർലി എന്നായിരുന്നു ഇയാളുടെ പേര്. കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം തിരിച്ചറിയൽ രേഖകൾ മാറ്റിയെന്നും പൊലീസ് കണ്ടെത്തി.
മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് കവർച്ച നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങൾ വഴി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
Read Also : പാലക്കാട് ചന്ദ്രാനഗറിലെ ബാങ്ക് കവര്‍ച്ച; നാസിക് സ്വദേശി പിടിയിൽ
കഴിഞ്ഞ 26നാണ് മരുതറോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ കവർച്ച നടന്നത്. ഏഴരക്കിലോ സ്വർണവും പതിനെണ്ണായിരം രൂപയുമാണ് കവർന്നത്. കവർച്ചയ്ക്ക് പിന്നിൽ ഒന്നിൽകൂടുതൽ പേരുണ്ട് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ നാസിക് സ്വദേശി ഒറ്റയ്ക്കാണ് കവർച്ച നടത്തിയത്.
പ്രഫഷണൽ മോഷ്ടാവാണ് പിടിയിലായിരിക്കുന്ന നാസിക് സ്വദേശി. ആഴ്ചകൾക്ക് മുമ്പ് മഹരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഇന്നോവയിൽ ഇയാൾ പാലക്കാട് എത്തി. ഏറെ നാളുകളായി ബാങ്കും പരിസരവും നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്തിയത്. വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെത്തിയ കേരളാ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Highlight: Chandranagar bank robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here