Advertisement

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ചരിത്രത്തില്‍ ആദ്യം; സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ സുധാകരന്‍

August 14, 2021
Google News 2 minutes Read
k sudhakaran against pinarayi

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ഇന്ത്യാചരിത്രത്തില്‍ ആദ്യമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡോളര്‍ കടത്ത് ആരോപണത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ലെന്നും സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണുണ്ടായതെന്നും കെ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.k sudhakaran against pinarayi

ഡോളര്‍ കടത്ത് കേസില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ പ്രവര്‍ത്തികള്‍ക്കും കൂട്ടുനിന്നവരാണ് അദ്ദേഹത്തിനെതിരെ മൊഴി കൊടുത്തിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ഭയപ്പെടുത്തി പറയിപ്പിച്ച മൊഴിയല്ല അത്. മുഖ്യമന്ത്രിക്കെതിരായി നല്‍കിയ മൊഴിയില്‍ ഒരു തരത്തിലുമുള്ള അവ്യക്തതയില്ല. വാര്‍ത്ത പലതും വന്നെങ്കിലും മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ വിശ്വാസ്യതയില്ലാത്ത സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യുകയുണ്ടായി. കേസെടുക്കുകയും ചെയ്തു. ഇതേമുഖ്യമന്ത്രി അന്ന് പറഞ്ഞത് ഭരണാധികാരികള്‍ കേസില്‍ പ്രതിയായാല്‍ ഭരണത്തില്‍ തുടരുന്നത് നീതിയുക്തമല്ലെന്നാണ്. നിങ്ങള്‍ക്കിത് ബാധകമല്ലേ എന്നാണ് പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള്.
തെരഞ്ഞെടുപ്പിലടക്കം സിപിഐഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടായിരുന്നു. അതെല്ലാം ശരിവക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങള്‍. അന്വേഷണം എവിടെയുമെത്തുന്നില്ല. അവിശുദ്ധകൂട്ടുകെട്ടില്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണോ ബിജെപിയുടെ ഉദ്ദേശം എന്ന് വ്യക്തമാക്കണമെന്നും കെപിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിദേശത്തേക്ക് പണം കടത്താന്‍ മുഖ്യമന്ത്രി യു എ ഇ കോണ്‍സുലേറ്റിനെ ഉപയോഗിച്ചെന്നായിരുന്നു ഡോളര്‍ കടത്തില്‍ പ്രതി സരിത്തിന്റെ മൊഴി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്. ഡോളര്‍ കടത്തുകേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് കണ്ടെത്തലുകള്‍ ഒന്നൊന്നായി വിവരിക്കുന്നത.്

സെക്രട്ടേറിയറ്റില്‍ നിന്നും ഒരു പൊതി കൈപ്പറ്റാന്‍ സ്വപ്ന സുരേഷ് നിര്‍ദേശിച്ചു. സ്വപ്നയുടെ നിര്‍ദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിന്‍ അറ്റാഷേയെ ഏല്‍പ്പിച്ചു. അദ്ദേഹമാണ് കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറന്‍ യു എ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.

Read Also : ഹരിത നേതാക്കളെ ചർച്ചക്ക് വിളിച്ചിട്ടില്ലെന്ന് പാണക്കാട് കുടുംബം 24 നോട്‌

കെപിസിസി പുനസംഘടനയുടെ ഭാഗമായി ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടിക എഐസിസി കൈമാറിയിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന് പുറമെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

Story Highlight: k sudhakaran against pinarayi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here