കേരള ബാങ്ക് എടിഎം തട്ടിപ്പ്; പണം ബിറ്റ് കോയിനാക്കി മാറ്റിയെന്ന് പ്രതികൾ

കേരള ബാങ്ക് എടിഎം തട്ടിപ്പിൽ പ്രതികളുടെ മൊഴി പുറത്ത്. തട്ടിയ പണം ബിറ്റ് കോയിനാക്കി മാറ്റിയെന്ന് പ്രതികൾ പറഞ്ഞു. ബാങ്ക് ഇടപാടുകൾ സംശയം ഉണ്ടാക്കുമെന്നതിനാലാണ് ബിറ്റ് കോയിൻ ഇടപാടുകൾ നടത്തിയത്.
ബാങ്ക് പറയുന്നതിനേക്കാൾ കൂടുതൽ പണം തട്ടിയെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അന്വേഷണം ഉത്തരേന്ത്യയിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മുഖ്യ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിൻ്റെ തന്നെ വീഴ്ചയെന്ന് തട്ടിപ്പ് നടത്തിയ പ്രിതകൾ നേരത്തെ മൊഴി നൽകിയിരുന്നു. ബാങ്കിൻ്റെ എടിഎം മെഷീനുകൾ ചിപ് കാർഡ് റീഡ് ചെയ്യുന്നവയല്ലെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കേരളാ ബാങ്ക് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മനസിലാകുന്നത്. ചിപ് കാർഡ് റീഡ് ചെയ്യാത്ത ബാങ്കിന്റെ എടിഎം മെഷീനിൽ മാഗ്നെറ്റിക് സ്ട്രിപ്പ് മാത്രമുള്ള സുരക്ഷ കുറഞ്ഞ എടിഎം കാർഡുകളും ഉപയോഗിക്കാമെന്ന് പ്രതികൾ പറഞ്ഞു. ഈ സുരക്ഷാവീഴ്ച മറയാക്കിയാണ് പ്രതികൾ പണം തട്ടിയത്. റിസർവ് ബാങ്ക് 2019 മുതൽ ഇഎംവി ചിപ്പ് ഉപയോഗം നിർബന്ധമാക്കിയിരുന്നു.
Read Also : കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിൻ്റെ തന്നെ വീഴ്ച; പ്രതികളുടെ മൊഴി
ബാങ്കിൻ്റെ സെർവർ തകരാർ കാരണം ഒരു മാസമായിട്ടും പണം നഷ്ടമായത് ബാങ്ക് അറിഞ്ഞിരുന്നില്ല. ഇത് കാരണം കൂടുതൽ പണം നഷ്ടമായോ എന്നും സൈബർ പൊലീസ് സംശയിക്കുന്നുണ്ട്.
കുറച്ച് നാൾ മുൻപാണ് കേരളാ ബാങ്കിന്റെ തിരുവനന്തപുരം, കോട്ടയം, കാസർഗോഡ് ജില്ലകളിലെ എടിഎമ്മുകളിൽ നിന്ന് പണം നഷ്ടപ്പെട്ടുവെന്ന വാർത്ത പുറത്ത് വരുന്നത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.66 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ കിഴക്കേക്കോട്ട, നെടുമങ്ങാട് എടിഎമ്മുകളിൽ നിന്നായിരുന്നു. വ്യാജ എടിഎം കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Story Highlight: kerala bank atm bitcoin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here