Advertisement

കൊവിഡ് പ്രതിരോധന പാക്കേജ്; കേരളത്തിലെ എല്ലാജില്ലകള്‍ക്കും ഒരു കോടി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

August 16, 2021
Google News 1 minute Read
covid package kerala-mansukh mandaviya

അടിയന്തര കൊവിഡ് പ്രതിരോധ പാക്കേജിന് കീഴില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. കേരളത്തിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്രമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി. covid package kerala

രണ്ടാം കൊവിഡ് പാക്കേജിന് കേരളത്തിന് കേന്ദ്രമനുവദിച്ച 267.35 കോടി രൂപയ്ക്ക് പുറമേയാണ് ജില്ലകള്‍ക്ക് ഒരു കോടി വീതം നല്‍കുന്നത്. ഓരോ ജില്ലകള്‍ക്കും അവരുടെ മെഡിക്കല്‍ പൂള്‍ സൃഷ്ടിക്കുന്നതിനാണ് തുക അനുവദിക്കുന്നത്.

കൊവിഡ് വാക്‌സിനേഷനില്‍ കേരളം ശരാശരിയെക്കാള്‍ മുന്നിലാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് സംസ്ഥാനം ഇതിനോടകം ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. കേരളത്തിനായി കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്നും കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ടെലിമെഡിസിന്റെ മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതും കേന്ദ്രം ഉറപ്പാക്കും. ജില്ലാ ആശുപത്രികളില്‍ പീഡിയാട്രിക് ഐ.സി.യുകള്‍ രൂപീകരിക്കണം. കേരളത്തില്‍ ഓണം ആഘോഷിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം കാര്യമായി പുരോഗമിക്കുകയാണ്. ആഗസ്റ്റ് ഒന്‍പതിനാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ആദ്യ ദിവസങ്ങളില്‍ വാക്‌സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്‌സിന്‍ ലഭ്യമായതോടെ വാക്‌സിനേഷന്റെ എണ്ണം വര്‍ധിച്ചു. സംസ്ഥാനത്തിന് ഇന്നലെ 5 ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തു വരികയാണ്.

Read Also : റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ

1220 സര്‍ക്കാര്‍ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1409 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,42,66,857 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,75,79,206 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 66,87,651 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

Story Highlight: covid package kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here