Advertisement

‘സ്ത്രീകൾ ഒളിവിൽ കഴിയുകയാണ്; അതെന്റെ ഹൃദയം തകർക്കുന്നു’; ആശങ്ക പങ്കുവച്ച് അഫ്ഗാന്റെ മുൻ ഫുട്ബോൾ താരം

August 17, 2021
Google News 2 minutes Read
Khalida Popal afganistan taliban

അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയതിനു പിന്നാലെ വിവിധ കോണുകളിൽ നിന്ന് ആശങ്കകളുയരുന്നു. അഫ്ഗാൻ ദേശീയ വനിതാ ടീമിലെ മുൻ അംഗമായ ഖാലിത പോപ്പലും തൻ്റെ ആശങ്ക പങ്കുവച്ചു. രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി ഒരുപാട് ശ്രമിച്ചു എന്നും ഇപ്പോൾ അവരോട് അപ്രത്യക്ഷരാവാൻ പറയേണ്ടിവരുന്നത് ഹൃദയം തകർക്കുകയാണെന്നും വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. (Khalida Popal afganistan taliban)

“അവരോട് സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും ചിത്രങ്ങളും നീക്കം ചെയ്യാനും രക്ഷപ്പെട്ട് എവിടെയെങ്കിലും ഒളിച്ചിരിക്കാനും എനിക്ക് പറയേണ്ടിവരുന്നു. അതെൻ്റെ ഹൃദയം തകർക്കുകയാണ്. ഈ വർഷങ്ങളിലെല്ലാം പൊതു ഇടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കാനാണ് ഞാൻ ശ്രമിച്ചിരുന്നത്. പക്ഷേ, ഇപ്പോൾ നിശബ്ദരായി അപ്രത്യക്ഷരാവാൻ ഞാൻ അവരോട് പറയുകയാണ്. അവരുടെ ജീവിതം അപകടത്തിലാണ്.”- 34കാരിയായ താരം ഡെന്മാർക്കിൽ നിന്ന് എപിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Read Also : അഫ്ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ എത്തിക്കാൻ അമേരിക്കൻ സഹായം തേടി കേന്ദ്രസർക്കാർ

1996ൽ താലിബാൻ കാബൂൾ പിടിച്ചടക്കിയതിനു പിന്നാലെ കുടുംബത്തോടൊപ്പം രാജ്യം വിട്ട താരമാണ് പോപ്പൽ. പാകിസ്താനിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയായിരുന്ന താരം 20 വർഷങ്ങൾക്കു മുൻപ് അഫ്ഗാനിലേക്ക് തിരികെ എത്തിയതാണ്. “അടുത്ത തലമുറയിലെ സ്ത്രീപുരുഷന്മാർക്ക് വേണ്ടി ഈ രാജ്യത്തെ പോഷിപ്പിക്കാമെന്ന് ഞങ്ങളുടെ തലമുറ ആഗ്രഹിച്ചിരുന്നു. അതിനാൽ മറ്റ് യുവതികൾക്കൊപ്പം ചേർന്ന് ഫുട്ബോളിലൂടെ അവരെ പ്രചോദിപ്പിക്കാൻ ഞാൻ ആരംഭിച്ചു. 2007ൽ ഒരു ടീം ആരംഭിക്കാനുള്ള മുഴുവൻ താരങ്ങളെയും ഞങ്ങൾക്ക് ലഭിച്ചു. ഈ ജഴ്സി ധരിക്കുന്നത് ഞങ്ങൾക്ക് അഭിമാനമായിരുന്നു. താലിബാനെതിരെ ടെലിവിഷനിൽ സംസാരിച്ചതിന് എനിക്കെതിരെ നിരവധി വധഭീഷണികൾ ലഭിച്ചു. എൻ്റെ ജീവിതം അപകടത്തിലായിരുന്നു. ഒടുവിൽ, 2016ൽ എനിക്ക് അഫ്ഗാൻ വിട്ട് ഡെന്മാർക്കിലേക്ക് കുടിയേറേണ്ടിവന്നു.”- പോപ്പൽ പറഞ്ഞു.

“ടീം അംഗങ്ങൾ കരയുകയാണ്. അവർ സങ്കടത്തിലാണ്. അവർക്ക് ഒട്ടേറെ ചോദ്യങ്ങളുണ്ട്. അവർ ഒളിച്ചിരിക്കുകയാണ്. അവരിൽ അധിക പേരും സ്വന്തം വീട് വിട്ട് ബന്ധുക്കളുടെ വീട്ടിലെത്തി ഒളിച്ചിരിക്കുകയാണ്. കാരണം അയൽവാസികൾക്ക് അവർ ഫുട്ബോൾ താരങ്ങളാണെന്ന് അറിയാം. താലിബാൻ എല്ലായിടത്തുമുണ്ട്. അവർ എല്ലാവരെയും ഭയപ്പെടുത്തുകയാണ്. അവർ ജനാലയിലൂടെ പുറത്തുള്ള ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. താലിബാൻ തീവ്രവാദികൾ വീടിനു പുറത്ത് നിൽക്കുകയാണ്.”- പോപ്പൽ പറയുന്നു.

Story Highlight: Khalida Popal afganistan football player about taliban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here