Advertisement

ഞങ്ങളെ പ്രകോപിപ്പിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും: ഇംഗ്ലണ്ട് പരിശീലകൻ

August 18, 2021
Google News 2 minutes Read
Chris Silverwood india england

കളിക്കളത്തിലെ വാക്പോരിൽ തങ്ങൾക്ക് ഭയമില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകൻ ക്രിസ് സിൽവർവുഡ്. തങ്ങളെ പ്രകോപിപ്പിച്ചാൽ തങ്ങൾ തിരിച്ചടിക്കും. അതാണ് ടെസ്റ്റ് മത്സരങ്ങളെ ആവേശകരമാക്കുന്നത് എന്നും സിൽവർവുഡ് പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ ആയിരുന്നു സിൽവർവുഡിൻ്റെ വെളിപ്പെടുത്തൽ. (Chris Silverwood india england)

“കളിക്കളത്തിലെ വാക്പോരിൽ ഞങ്ങൾക്ക് ഭയമില്ല. ഞങ്ങളെ പ്രകോപിപ്പിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും. എന്നെ സംബന്ധിച്ചിടത്തോളം, അതാണ് ടെസ്റ്റ് മത്സരങ്ങളെ ആവേശകരമാക്കുന്നത്. മത്സരഫലത്തിൽ നിരാശയുണ്ട്. പക്ഷേ, എന്തൊരു മികച്ച മത്സരമായിരുന്നു. കളിക്കളത്തിൽ ആവേശം മുറ്റിനിന്നിരുന്നു. തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന രണ്ട് സംഘങ്ങളുടെ വൈകാരിക പ്രകടനമായിരുന്നു അത്. വികാരങ്ങൾ പ്രതിഫലിച്ചു. അതിൽ സംശയമില്ല. ആദ്യ ഇന്നിംഗ്സിൽ അവർ ആൻഡേഴ്സണെ ഉന്നമിട്ടു എന്നതിൽ സംശയമില്ല. ഞങ്ങളും തിരിച്ചടിച്ചു. വാലറ്റത്തിനു മുന്നിൽ ഞങ്ങൾ അല്പം പതറി. അതിൽ നിന്ന് ഞങ്ങൾ പഠിക്കും.”- സിൽവർവുഡ് പറഞ്ഞു.

രണ്ടാം ടെസ്റ്റിൽ ഇന്ത്യ 151 റൺസിന്റെ ജയം കുറിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

Read Also : ഇംഗ്ലണ്ടിന്റെ ഹുങ്കിനു മേൽ ഇന്ത്യയടിച്ച ആണി; ലോർഡ്സ് ജയം സ്പെഷ്യലാണ്

ആറിന് 181 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ, അവിശ്വസനീയ ചെറുത്തുനിൽപ്പിലൂടെ മികച്ച ലീഡി‌ലേക്കു നയിച്ചത് മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര കൂട്ടുകെട്ടാണ്. ഒൻപതാം വിക്കറ്റിൽ 120 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത ഇവരുടെ മികവിൽ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.

നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, മൂന്നു വിക്കറ്റ് എടുത്ത ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവർ ചേർന്നാണ് ലോർഡ്സിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയമൊരുക്കിയത്. 60 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 33 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. റോറി ബേൺസ് (0), ഡൊമിനിക് സിബ്‌ലി (0), ഹസീബ് ഹമീദ് (9), ജോണി ബെയർസ്റ്റോ (2), സാം കറൻ (0), ജയിംസ് ആൻഡേഴ്സൻ (0) എന്നിവർ നിരാശപ്പെടുത്തി.

ഓഗസ്റ്റ് 25ന് ഹെഡിംഗ്ലിയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. പരമ്പരയിൽ ഇന്ത്യ1-0നു മുന്നിൽ നിൽക്കുകയാണ്.

Story Highlight: Chris Silverwood india england test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here