വനിതാ ഐപിഎൽ ആരംഭിക്കണം: സ്മൃതി മന്ദന

വനിതാ ഐപിഎൽ ആരംഭിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ വനിതാ ടീം അംഗം സ്മൃതി മന്ദന. 5-6 ടീമിനുള്ള താരങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ടെന്നും വിദേശ താരങ്ങൾ കൂടി എത്തുമ്പോൾ ഐപിഎൽ നടത്താനുള്ള സാഹചര്യം കൃത്യമാകുമെന്നും മന്ദന പറയുന്നു. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരം ആർ അശ്വിൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയാണ് മന്ദനയുടെ അഭിപ്രായപ്രകടനം. (womens ipl smriti mandhana)
“പുരുഷ ഐപിഎൽ ആരംഭിച്ചപ്പോൾ, പുരുഷ ടീമിൻ്റെ അതേ എണ്ണം ജില്ലാ ടീമുകൾ ഉണ്ടായിരുന്നു. ഐപിഎൽ കളിച്ച താരങ്ങളുടെ മികവ് വർധിച്ചു. 10, 11 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഐപിഎൽ അല്ല ഇപ്പോൾ. അത് തന്നെയാണ് വനിതാ ക്രിക്കറ്റിലും എന്നാണ് ഞാൻ കരുതുന്നത്. 5-6 ടീമുകൾക്കുള്ള താരങ്ങൾ സംസ്ഥാനത്തുണ്ട്. സാവധാനത്തിൽ 8 ടീമുള്ള ഒരു ടൂർണമെൻ്റായി നമുക്ക് അത് മാറ്റാം.”- മന്ദന പറഞ്ഞു.
Read Also : അഫ്ഗാൻ താരങ്ങൾ ഐപിഎലിനെത്തും
“വനിതാ ക്രിക്കറ്റിൽ, നമുക്ക് ഒരുപാട് മത്സരങ്ങളോ ടി-20 പരമ്പരകളോ ഇല്ല. അതുകൊണ്ട് വനിതാ ക്രിക്കറ്റിൻ്റെ ആഴം നമുക്ക് എങ്ങനെ മനസ്സിലാവും? ഇത് തുടങ്ങാത്ത പക്ഷം, അടുത്ത ഘട്ടത്തിലേക്കുള്ള ഒരു അനുഭവജ്ഞാനവും നമ്മൾ വനിതാ ക്രിക്കറ്റിനു നൽകുന്നില്ല.”- മന്ദന കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
ഐപിഎൽ രണ്ടാം പാദത്തിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് ബിസിസിഐ അനുമതി നൽകിയിരുന്നു. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ ദേശീയ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നേരിട്ട് ഐപിഎലിൽ പങ്കെടുക്കാനാവും. ആറു ദിവസത്തെ ക്വാറൻ്റീൻ ഇല്ലാതെ തന്നെ താരങ്ങൾക്ക് ഐപിഎൽ ബബിളിൽ പ്രവേശിക്കാൻ സാധിക്കും.
Story Highlight: womens ipl smriti mandhana