ഡൽഹി ക്യാപിറ്റൽസ് ഓഗസ്റ്റ് 21ന് യുഎഇയിലേക്ക് തിരിക്കും

ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കായി ഡൽഹി ക്യാപിറ്റൽസ് ഓഗസ്റ്റ് 21ന് യുഎഇയിലേക്ക് തിരിക്കും. ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും നേരത്തെ യുഎഇയിൽ എത്തിക്കഴിഞ്ഞു. ഇതോടെ ഐപിഎലിനായി യുഎഇയിലെത്തുന്ന മൂന്നാമത്തെ ടീമാവും ഡൽഹി ക്യാപിറ്റൽസ്. (delhi capitals depart uae)
ശനിയാഴ്ച പുലർച്ചെയാവും ടീം ഐപിഎലിനായി യാത്രയാവുക. ഇന്ത്യൻ താരങ്ങളും ഒഫീഷ്യലുകളും സംഘത്തിലുണ്ടാവും. നിലവിൽ ഡൽഹിയിൽ ക്വാറൻ്റീനിലാണ് ഇവർ. യുഎഇയിലെത്തി ഒരാഴ്ചത്തെ ക്വാറൻ്റീൻ പൂർത്തിയാക്കുന്ന താരങ്ങൾ അതിനു ശേഷം പരിശീലനം ആരംഭിക്കും. ശ്രേയാസ് അയ്യർ തിരിയെത്തുന്നതോടെ താരം തന്നെ ടീമിനെ നയിക്കുമെന്നാണ് കരുതപ്പെടുന്നതെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. ഇന്ത്യയിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 8 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് ടേബിളിൽ ഒന്നാമതാണ്.
Read Also : ഐപിഎൽ ടീം ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ; ഫ്രാഞ്ചൈസികൾക്ക് തലവേദന
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
ഐപിഎൽ രണ്ടാം പാദത്തിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് ബിസിസിഐ അനുമതി നൽകിയിരുന്നു. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ ദേശീയ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നേരിട്ട് ഐപിഎലിൽ പങ്കെടുക്കാനാവും. ആറു ദിവസത്തെ ക്വാറൻ്റീൻ ഇല്ലാതെ തന്നെ താരങ്ങൾക്ക് ഐപിഎൽ ബബിളിൽ പ്രവേശിക്കാൻ സാധിക്കും.
ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര, ശ്രീലങ്ക-ദക്ഷിണാഫ്രിക്ക പരമ്പര, കരീബിയൻ പ്രീമിയർ ലീഗ് എന്നീ മത്സരങ്ങളാണ് ഐപിഎലിനു തൊട്ടുമുൻപായി നടക്കുന്നത്. ഈ മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾക്കെല്ലാം നേരിട്ട് ഐപിഎലിലെത്താം. ഈ മൂന്ന് ക്രിക്കറ്റ് പരമ്പരകളുമായി സഹകരിക്കുന്ന കമൻ്റേറ്റർമാർക്കും സംപ്രേഷണാധികാരം ഉള്ളവർക്കും ബബിൾ ടു ബബിൾ ട്രാൻസ്ഫർ സൗകര്യം ലഭ്യമാകും.
Story Highlight: delhi capitals depart uae august 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here