പിതാവിന്റെ മരണം സിറാജിനെ വല്ലാതെ ഉലച്ചുകളഞ്ഞു; വിഡിയോ കോളിലൂടെ ടീം അംഗങ്ങൾ ഒപ്പം നിന്നു: വെളിപ്പെടുത്തൽ

പിതാവിൻ്റെ മരണം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ വല്ലാതെ ഉലച്ചുകളഞ്ഞു എന്ന് വെളിപ്പെടുത്തൽ. മാധ്യമപ്രവർത്തകരായ ബോറിയ മജുംദാറും കുഷൻ സർക്കാറും ചേർന്നെഴുതിയ ‘ഇന്ത്യൻ ക്രിക്കറ്റ്-മിഷൻ ഡോമിനേഷൻ; ആൻ അൺഫിനിഷ്ഡ് ക്വസ്റ്റ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. ക്വാറൻ്റീനിൽ ആയിരുന്നതിനാൽ ഒരാൾക്കും സിറാജിൻ്റെ മുറിയിൽ പോകാൻ കഴിയുമായിരുന്നില്ലെന്നും വിഡിയോ കോളിലൂടെ ടീം അംഗങ്ങൾ സിറാജിനൊപ്പം നിന്നു എന്നും പുസ്തകത്തിൽ പറയുന്നു. (father demise mohammed siraj)
കഴിഞ്ഞ വർഷം നവംബർ 20നാണ് സിറാജിൻ്റെ പിതാവ് മുഹമ്മദ് ഗൗസ് മരണപ്പെട്ടത്. ഈ സമയത്ത് ഓസ്ട്രേലിയൻ പര്യടനത്തിനു മുന്നോടിയായി 14 ദിവസത്തെ ക്വാറൻ്റീനിലായിരുന്നു ഇന്ത്യൻ ടീം. അതുകൊണ്ട് തന്നെ പിതാവ് നഷ്ടപ്പെട്ടതിൻ്റെ വിഷമത്തിലുള്ള സിറാജിനെ ആശ്വസിപ്പിക്കാനായി താരത്തിൻ്റെ മുറിയിൽ പ്രവേശിക്കാൻ ടീം അംഗങ്ങൾക്ക് ആർക്കും അനുവാദമുണ്ടായിരുന്നില്ല. ഓരോ താരങ്ങളുടെ മുറിയ്ക്ക് പുറത്തും അവർ ക്വാറൻ്റീൻ നിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ പൊലീസ് കാവലുണ്ടായിരുന്നു. മുറിയിലേക്ക് പോകാൻ സാധിക്കില്ലെങ്കിലും സിറാജിനെ വിഡിയോ കോളിലൂടെ താരങ്ങൾ ആശ്വസിപ്പിച്ചിരുന്നു. ദിവസം മുഴുവനും ഓരോരുത്തർ വീതമായി സിറാജിനെ വിഡിയോ കോളിൽ ബന്ധപ്പെട്ടു എന്നും പുസ്തകത്തിൽ പറയുന്നു.
Read Also : സിബ്ലിയും ക്രോളിയും പുറത്ത്; മലാൻ തിരികെയെത്തി: മൂന്നാം ടെസ്റ്റിനു ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
ഈ സമയത്ത് ഇന്ത്യൻ ടീം ഫിസിയോ നിതിൻ പട്ടേലിനു മാത്രമായിരുന്നു മുറിയിലേക്ക് കയറാൻ അനുവാദമുണ്ടായിരുന്നത്. നിതിൻ പട്ടേലിൻ്റെ സാന്നിധ്യത്തിൽ സിറാജ് പലതവണ പൊട്ടിക്കരഞ്ഞു എന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് 53കാരനായ ഗൗസ് മുഹമ്മദ് മരണപ്പെട്ടത്. ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഏറെക്കാലമായി അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഏഴാം വയസ്സിൽ സഹോദരനെ നഷ്ടമായ സിറാജ് ദാരിദ്ര്യത്തിൻ്റെ ഭൂതകാലത്തിൽ നിന്നാണ് രാജ്യാന്തര ക്രിക്കറ്റിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്ന സിറാജ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഗംഭീര പ്രകടനത്തോടെയാണ് രാജ്യാന്തര ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഗാബയിലെ ചരിത്ര വിജയത്തിൽ ഉൾപ്പെടെ നിർണായക സംഭാവനകൾ നൽകിയ താരം ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ ഇന്ത്യ കുറിച്ച ഐതിഹാസിക വിജയത്തിലും സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ചു. 7 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകളാണ് താരത്തിൻ്റെ സമ്പാദ്യം.
Story Highlight: father demise crushed mohammed siraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here