Advertisement

അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം തുടരുന്നതിൽ താലിബാന് എതിർപ്പില്ല; വനിതാ ടീമിന്റെ കാര്യത്തിൽ അനിശ്ചിതത്വം

August 20, 2021
Google News 2 minutes Read
taliban afghanistan cricket team

അഫ്ഗാനിസ്ഥാനിലെ ഭരണം ഭീകര സംഘടനയായ താലിബാൻ ഏറ്റെടുത്തതിനു പിന്നാലെ രാജ്യത്തെ ക്രിക്കറ്റ് ടീമുകളെപ്പറ്റി ആശങ്ക ഉയർന്നിരുന്നു. ആ ആശങ്കകൾ ശരിവെക്കും വിധമാണ് പുതിയ റിപ്പോർട്ട്. പുരുഷ ടീം തുടരുന്നതിൽ താലിബാന് എതിർപ്പില്ലെന്നും വനിതാ ടീമിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. (taliban afghanistan cricket team)

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മീഡിയ മാനേജർ ഹിക്മത് ഹസനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. “ക്രിക്കറ്റുമായി ബന്ധപ്പെട്ട് താലിബാന് പ്രശ്നങ്ങളൊന്നുമില്ല. തീരുമാനിക്കപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോകാൻ അവർ ഞങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്. ഞങ്ങൾ കാബൂളിൽ
രണ്ട് പരിശീലന ക്യാമ്പുകൾ നടത്തി. ഞങ്ങൾക്ക് സ്പോൺസർമാരുണ്ട്. കിറ്റും തയ്യാറായി. പുരുഷ ക്രിക്കറ്റിന് പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ വനിതാ ക്രിക്കറ്റിൻ്റെ ഭാവിയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.”- ഹിക്മത് ഹസൻ പറഞ്ഞു.

Read Also : അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന

പുരുഷ ടീമിനെപ്പോലെ തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നില്ലെങ്കിലും അടുത്തിടെ 15 വനിതാ താരങ്ങൾക്ക് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് കരാർ നൽകിയിരുന്നു. എന്നാൽ, ഇവർക്ക് കളിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് സൂചന. ഭാവിയിൽ എന്താവുമെന്ന് അറിയില്ലെന്നും താരങ്ങൾക്ക് ഇപ്പോൾ പ്രതിഫലം നിശ്ചയിച്ചിട്ടുണ്ടെന്നും ഹസൻ കൂട്ടിച്ചേർത്തു. വനിതാ ടീമുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന് അവർ പറഞ്ഞാൽ അത് അനുസരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ഏറ്റവും സ്വീകാര്യതയുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. പുരുഷ ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ മികച്ച നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ശ്രീലങ്ക, പാകിസ്താൻ എന്നീ ടീമുകളുമായാണ് ഇനി അഫ്ഗാൻ കളിക്കുക. ഈ രണ്ട് പരമ്പരകളും മുൻ നിശ്ചയപ്രകാരം നടക്കുമെന്നാണ് ഇരു ക്രിക്കറ്റ് ബോർഡുകളും പറയുന്നത്.

അതേസമയം, അഫ്ഗാനിസ്ഥാൻ താരങ്ങളായ മുഹമ്മദ് നബിയും റാഷിദ് ഖാനും ഐപിഎലിനെത്തുമെന്ന് ഇരുവരുടെയും ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ് വ്യക്തമാക്കിയിരുന്നു. സൺറൈസേഴ്സ് സിഇഓ കെ ഷണ്മുഖം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലെ കാര്യങ്ങളെപ്പറ്റി താരങ്ങളോട് സംസാരിച്ചിട്ടില്ലെന്നും ഇരുവരും ഐപിഎലിനെത്തുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ സ്ഥിതിഗതികളിൽ മുഹമ്മദ് നബിയും റാഷിദ് ഖാനും ട്വിറ്ററിലൂടെ പരസ്യ പ്രതികരണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തിന് റാഷിദ് സ്വാതന്ത്ര്യദിനാശംസകളും നേർന്നു.

Story Highlight: taliban afghanistan cricket team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here