29
Sep 2021
Wednesday
Covid Updates

  അത്തപ്പൂക്കളം ഒരുക്കേണ്ടതെങ്ങനെ? അറിയാം അത്തപ്പൂക്കളമൊരുക്കേണ്ടതിന്റെ ചിട്ടവട്ടങ്ങൾ

  How to make Athappookkalam

  ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിൻ ചിങ്ങമാസത്തിലേക്കുള്ള കാൽവെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു.

  ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനമെന്നാണ് കരുതപ്പെടുന്നത്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്.

  ഓണത്തിന് മലയാളികൾക്ക് ഒഴിവാക്കാനാവാത്തതാണ് പൂക്കളം. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഇത്തവണ പൂക്കള മത്സരങ്ങളൊന്നും ഇല്ലെങ്കിലും വീടുകളിൽ മലയാളി പൂക്കളം കളറാക്കും എന്നുറപ്പാണ്. പൂക്കളം ഒരുക്കുന്നതിന് ചില ചട്ടവട്ടങ്ങളൊക്കെ ഉണ്ട്. അത്തം മുതൽ തിരുവോണം വരെയുളള പത്ത് ദിവസമാണ് പൂക്കളമിടേണ്ടത്.

  Read Also : ഇന്ന് തിരുവോണം

  എന്നാൽ എല്ലാ സ്ഥലങ്ങളിലും ഒരുപോലെ അല്ല ഈ പൂക്കളമിടൽ. ചില പ്രദേശങ്ങളിൽ അത്തം നാളിൽ ഒരു നിര പൂക്കളമാണെങ്കിൽ ഓരോ ദിവസം കഴിയുന്തോറും വളയങ്ങളുടെ എണ്ണം കൂടി വരും. തിരുവോണ നാളിൽ പത്ത് വളയങ്ങളുടെ പൂക്കളമാണ് ഒരുക്കുക. പൂക്കളമിടേണ്ടത് ചാണകം മെഴുകിയ തറയിലാകണം എന്നാണ് പരമ്പരാഗതമായ വിശ്വാസം. പൂക്കളം പല മോഡലുകളിലും ആകൃതിയിലും ആളുകൾ ഒരുക്കാറുണ്ട്. എന്നാൽ പൂക്കളം ഒരുക്കേണ്ടത് വൃത്താകൃതിയിൽ തന്നെ വേണം എന്നാണ് വിശ്വാസം.

  ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്താം ദിവസം ആകുമ്പോൾ പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. പൊതുവേ വൃത്താകൃതിയിൽ ആണ് ഓണപ്പൂക്കളം ഒരുക്കുകയെങ്കിലും മൂലം നാളിൽ ചതുരാകൃതിയിൽ വേണം പൂക്കളം ഒരുക്കാൻ.

  Read Also : ഗൃഹാതുരത്വത്തിന്റെ നനുത്ത പച്ചപ്പാണ് കൈതോല മെടഞ്ഞുള്ള പൂക്കൂട| Onam Special

  പ്രധാന ഓണമായ തിരുവോണ നാളിൽ പൂക്കളം തയ്യാറാക്കുന്ന രീതിയിൽ വ്യത്യാസമുണ്ട്. ഈ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചിലയിടങ്ങളിൽ കുടുംബത്തിലെ മുതിർന്ന കാരണവർ ചതയം വരെ പൂജ നടത്തുന്ന പതിവുമുണ്ട്. ഓണം കാണാൻ എത്തുന്ന തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും സ്വീകരിക്കും. പിന്നീട് ഉതൃട്ടാതി നാളിൽ പ്രതിഷ്ഠ ഇളക്കിമാറ്റും.

  Story Highlight: How to make Athappookkalam

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top