ഓണവും കൃഷിയും ‘കിളിക്കൂടും’; പി രാജീവ് പറയുന്നു

മലയാളികൾ ഓണം ആഘോഷിക്കുകയാണ്. വ്യവസായിക മന്ത്രി പി രാജീവും ഓണാഘോഷങ്ങളിൽ ഒപ്പം ചേരുന്നു. വീട്ടിൽ കുടുംബത്തോടൊപ്പമാണ് മന്ത്രിയുടെ ഓണാഘോഷം. ഓണാഘോഷവും കുടുംബവും കൃഷിയുമൊക്കെ അദ്ദേഹത്തിൻ്റെ ഓണ ഓർമ്മകളിലുണ്ട്. അതേപ്പറ്റിയൊക്കെ അദ്ദേഹം 24നോട് പ്രതികരിക്കുകയും ചെയ്തു. (minister rajeev about onam)
“ഓണം സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമാണ്, കഴിഞ്ഞ തവണയും ഇത്തവണയും. പുറത്തേക്കിറങ്ങിയുള്ള ആഘോഷങ്ങൾക്ക് ഇത്തവണ പരിമിതികളുണ്ട്. മഹാമാരിയുടെ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച്, മാസ്കിട്ട്, സാമൂഹ്യ അകലം പാലിച്ച്, കൈ കഴുകി ഒക്കെയാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്. കഴിഞ്ഞ തവണയും അങ്ങനെയായിരുന്നു. കഴിഞ്ഞ തവണ ഓഗസ്റ്റിൽ ഓണം കഴിഞ്ഞ്, ഒക്ടോബറിൽ കൊവിഡ് നിരക്ക് കൂടി. അത് കൂടി പഠിച്ചുകൊണ്ട് ഇത്തവണ പരമാവധി ആ നിരക്ക് ഉയരാതിരിക്കാനുള്ള ജാഗ്രത ഓണക്കാലത്ത് ഉണ്ടാവണം എന്നാണ് സൂചിപ്പിക്കാനുള്ളത്.”- പി രാജീവ് ട്വൻ്റിഫോറിനോട് പറഞ്ഞു.
“ഒന്നുരണ്ട് പായസമൊക്കെയുണ്ടാവും. ഞങ്ങൾ നാലുപേരാണ് ഇവിടെ ഉള്ളത്. അമ്മ നാട്ടിലുള്ളപ്പോ സാധാരണ അവിടെ പോവാറുണ്ട്. ഇപ്പോ അമ്മ സഹോദരിയുടെ അടുക്കലാണ്. ഉച്ചകഴിഞ്ഞ് അവിടെയും ഒന്ന് പോകണം. അമ്മ കാക്കനാടാണ്. സാധാരണ മൂന്ന് സദ്യ ആണ് ഓണത്തിനു പതിവ്. ഇത്തവണ കൊവിഡ് കാരണം അത്ര സദ്യകളില്ല.”- അദ്ദേഹം തുടർന്നു.
“മന്ത്രി ആയതിനു ശേഷം ഞാൻ തിരുവനന്തപുരത്തും കുടുംബം ഇവിടെയുമാണ്. ആഴ്ചാവസാനത്തിലാണ് വരുന്നത്. കയർ മേഖലയിൽ ഓണം അലവൻസും മറ്റ് ആനുകൂല്യങ്ങളുമൊക്കെ നൽകി. കശുവണ്ടി മേഖലയിലെ ഓണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനായി. മറ്റ് വ്യവസായ ശാലകളിലെ ഓണം ബോണസുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഹരിച്ചു. വ്യവസായ രംഗത്ത് പുതിയ പദ്ധതികൾ തുടങ്ങാനുള്ള പ്രതീക്ഷകളുണ്ട്.”- മന്ത്രി കൂട്ടിച്ചേർത്തു.
“മന്ത്രി ആയതിനു ശേഷം കൃഷി ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല. വൈക്കത്ത് ഭാര്യക്ക് അച്ഛനിൽ നിന്ന് കിട്ടിയ സ്ഥലത്താണ് കൃഷി നടക്കുന്നത്. വരാലിൻ്റെ കുഞ്ഞുങ്ങളാണ് ഉള്ളത്. രണ്ട് പശുക്കളും രണ്ട് കുട്ടിയുമുണ്ട്. രണ്ട് ആടും മൂന്ന് കുഞ്ഞുങ്ങളും വേറെയുണ്ട്. രണ്ടാഴ്ചയൊക്കെ കൂടുമ്പോഴേ അവിടേക്ക് പോകാൻ കഴിയുന്നുള്ളൂ. വീടിൻ്റെ പേര് കിളിക്കൂടാണ്. ശരിക്കും കിളികൾ കൂട് വെക്കാറുണ്ട് ഇവിടെ.”- ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചു.
Story Highlight: minister p rajeev about onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here