വനിന്ദു ഹസരങ്ക ആർസിബിയിൽ കളിക്കും; സിംഗപ്പൂർ താരവും ടീമിൽ

ഇന്ത്യക്കെതിരായ പരമ്പരയിൽ ഗംഭീര പ്രകടനം നടത്തിയ ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക ആർസിബിയിൽ കളിക്കും. ഇന്ത്യൻ പര്യടനത്തിനു പിന്നാലെ ചില ഐപിഎൽ ഫ്രാഞ്ചൈസികൾ ഹസരങ്കയെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു. ഒടുവിൽ ബെംഗളൂരു ആണ് ഇതിൽ വിജയിച്ചത്. (RCB sign Hasaranga IPL)
ഹസരങ്കയ്ക്കൊപ്പം ദേശീയ ടീമിലെ സഹതാരവും ഫാസ്റ്റ് ബൗളറുമായ ദുഷ്മന്ത ചമീരയെയും റോയൽ ചലഞ്ചേഴ്സ് ടീമിലെത്തിച്ചു. ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തിയെ ദുഷ്മന്തയെ പരിശീലകൻ രാഹുൽ ദ്രാവിഡ് പുകഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരം ആർസിബിയുമായി കരാറൊപ്പിട്ടത്. ശ്രീലങ്കൻ താരങ്ങൾക്കൊപ്പം അസോസിയേറ്റ് രാജ്യത്തു നിന്നുള്ള ഒരു താരം കൂടി റോയൽ ചലഞ്ചേഴ്സിലെത്തി. സിംഗപ്പൂർ ഓൾറൗണ്ടർ ടിം ഡേവിഡാണ് കോലിക്കൊപ്പം കളിക്കുക. 2017 മുതൽ ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന താരമാണ് ടിം.
Read Also : ഇന്ത്യക്കെതിരെ മികച്ച പ്രകടനം; ഹസരങ്കയ്ക്ക് പിന്നാലെ നാല് ഐപിഎൽ ടീമുകൾ
ന്യൂസീലൻഡ് താരങ്ങളായ ഫിൻ അലൻ, സ്കോട്ട് കുഗ്ഗൾജെയിൻ എന്നിവർ ബംഗ്ലാദേശിനെതിരായ ടീമിൽ ഉൾപ്പെട്ടിരിക്കുകയാണ്. ഓസ്ട്രേലിയയുടെ ആദം സാമ്പ, ഡാനിയൽ സാംസ്, കെയിൻ റിച്ചാർഡ്സൺ എന്നീ താരങ്ങൾ സ്വയം പിന്മാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആർസിബി പകരക്കാരെ ടീമിലെത്തിച്ചത്.
അതേസമയം, ടീം പരിശീലക സ്ഥാനത്തുനിന്ന് സൈമൺ കാട്ടിച്ചിനെ നീക്കി. ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയിരുന്ന മൈക്ക് ഹെസൻ ആവും രണ്ടാം പാദത്തിൽ ആർസിബിയെ പരിശീലിപ്പിക്കുക.
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
ഐപിഎൽ രണ്ടാം പാദത്തിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് ബിസിസിഐ അനുമതി നൽകിയിരുന്നു. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ ദേശീയ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നേരിട്ട് ഐപിഎലിൽ പങ്കെടുക്കാനാവും. ആറു ദിവസത്തെ ക്വാറൻ്റീൻ ഇല്ലാതെ തന്നെ താരങ്ങൾക്ക് ഐപിഎൽ ബബിളിൽ പ്രവേശിക്കാൻ സാധിക്കും.
Story Highlight: RCB sign Hasaranga IPL 2021