4 റൺസിനിടെ നഷ്ടമായത് 2 വിക്കറ്റ്; ഇന്ത്യയുടെ തുടക്കം തകർച്ചയോടെ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ. 4 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ലോകേഷ് രാഹുൽ (0), ചേതേശ്വർ പൂജാര (1) എന്നീ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇരുവരും ജെയിംസ് ആൻഡേഴ്സണിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുടെ കൈകളിൽ ഒതുങ്ങുകയായിരുന്നു. (india batting collapse england)
ലോർഡ്സ് ടെസ്റ്റിലെ പരാജയഭാരം അവിടെ ഉപേക്ഷിച്ച് പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. ബുംറയിൽ നിന്നേറ്റ ബൗൺസർ ബാരേജും അതേതുടർന്നുണ്ടായ പ്രശ്നങ്ങളും ആൻഡേഴ്സണിനെ കൂടുതൽ അപകടകാരിയാക്കി. ആദ്യ പന്ത് മുതൽ ഇന്ത്യയെ വിറപ്പിച്ച താരം ഇന്നിംഗ്സിലെ അഞ്ചാം പന്തിൽ രാഹുലിനെ മടക്കി. അഞ്ചാം ഓവറിൽ പൂജാരയും മടങ്ങിയതോടെ ഇന്ത്യ പതറി. ആൻഡേഴ്സണൊപ്പം ന്യൂ ബോൾ പങ്കിട്ട ഒലി റോബിൻസണും ഗംഭീരമായാണ് പന്തെറിഞ്ഞത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 10 ഓവറിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എടുത്തിട്ടുണ്ട്. രോഹിത് ശർമ്മ (4), വിരാട് കോലി (7) എന്നിവർ ക്രീസിൽ തുടരുന്നു.
ഏറെക്കാലത്തിനു ശേഷം ടോസ് വിജയിച്ച ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ഡോം സിബ്ലിക്ക് പകരം ഡേവിഡ് മലാനും മാർക്ക് വുഡിനു പകരം ക്രെയ്ഗ് ഓവർട്ടനും ടീമിൽ കളിക്കും. ഇന്ത്യൻ നിരയിൽ മാറ്റങ്ങളില്ല.
Read Also : മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്; ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റങ്ങൾ
പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനില ആയെങ്കിലും ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു. ഈ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ പരാജയം ഒഴിവാക്കാം.
151 റൺസിന്റെ ത്രസിപ്പിക്കും ജയമാണ് ഇന്ത്യ ലോർഡ്സിൽ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
ആറിന് 181 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ, അവിശ്വസനീയ ചെറുത്തുനിൽപ്പിലൂടെ മികച്ച ലീഡിലേക്കു നയിച്ചത് മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര കൂട്ടുകെട്ടാണ്. ഒൻപതാം വിക്കറ്റിൽ 120 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത ഇവരുടെ മികവിൽ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ടിൻ്റെ രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, മൂന്നു വിക്കറ്റ് എടുത്ത ജസ്പ്രീത് ബുംറ, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവർ ചേർന്നാണ് ലോർഡ്സിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയമൊരുക്കിയത്.
Story Highlights : india batting collapse against england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here