19
Sep 2021
Sunday

4 വിക്കറ്റ് നഷ്ടത്തിൽ 56 റൺസ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

india lost wickets england

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലാണ്. ലോകേഷ് രാഹുൽ (0), ചേതേശ്വർ പൂജാര (1), വിരാട് കോലി (7), അജിങ്ക്യ രഹാനെ (18) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒലി റോബിൻസൺ ഒരു വിക്കറ്റ് സ്വന്തമാക്കി. (india lost wickets england)

ലോർഡ്സ് ടെസ്റ്റിലെ പരാജയഭാരം അവിടെ ഉപേക്ഷിച്ച് പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. ബുംറയിൽ നിന്നേറ്റ ബൗൺസർ ബാരേജും അതേതുടർന്നുണ്ടായ പ്രശ്നങ്ങളും ആൻഡേഴ്സണിനെ കൂടുതൽ അപകടകാരിയാക്കി. ആദ്യ പന്ത് മുതൽ ഇന്ത്യയെ വിറപ്പിച്ച താരം ഇന്നിംഗ്സിലെ അഞ്ചാം പന്തിൽ രാഹുലിനെ മടക്കി. അഞ്ചാം ഓവറിൽ പൂജാരയും മടങ്ങിയതോടെ ഇന്ത്യ പതറി. ആൻഡേഴ്സണൊപ്പം ന്യൂ ബോൾ പങ്കിട്ട ഒലി റോബിൻസണും ഗംഭീരമായാണ് പന്തെറിഞ്ഞത്. 16 റൺസിൻ്റെ മിനി കൂട്ടുകെട്ടിനു ശേഷം ക്യാപ്റ്റൻ കോലിയും മടങ്ങി. മൂവരും ബട്‌ലറിൻ്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു.

ഒരുവശത്ത് വിക്കറ്റുകൾ കടപുഴകുമ്പോഴും പിടിച്ചുനിന്ന രോഹിതിനൊപ്പം രഹാനെ എത്തിയതോടെ ഇന്ത്യ ശ്വാസം വിട്ടു. രഹാനെ സ്കോറിംഗ് ചുമതല ഏറ്റെടുത്തപ്പോൾ രോഹിത് ഉറച്ച പങ്കാളിയായി. മികച്ച രീതിയിൽ മുന്നോട്ടുപോവുകയായിരുന്ന കൂട്ടുകെട്ട് ഒടുവിൽ റോബിൻസൺ പൊളിച്ചു. രഹാനെ ബട്‌ലറുടെ കൈകളിൽ എത്തിയതോടെ താരങ്ങൾ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു.

Read Also : 4 റൺസിനിടെ നഷ്ടമായത് 2 വിക്കറ്റ്; ഇന്ത്യയുടെ തുടക്കം തകർച്ചയോടെ

ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നീ രണ്ട് അംഗീകൃത ബാറ്റ്സ്മാന്മാർ കൂടി മാത്രമാണ് ഇനി ഇന്ത്യക്കായി ബാറ്റ് ചെയ്യാനുള്ളത്. ചുരുങ്ങിയത് 200 റൺസെങ്കിലും നേടുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം.

ഏറെക്കാലത്തിനു ശേഷം ടോസ് വിജയിച്ച ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ഡോം സിബ്ലിക്ക് പകരം ഡേവിഡ് മലാനും മാർക്ക് വുഡിനു പകരം ക്രെയ്ഗ് ഓവർട്ടനും ടീമിൽ കളിക്കും. ഇന്ത്യൻ നിരയിൽ മാറ്റങ്ങളില്ല.

പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനില ആയെങ്കിലും ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു. ഈ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ പരാജയം ഒഴിവാക്കാം.

151 റൺസിന്റെ ത്രസിപ്പിക്കും ജയമാണ് ഇന്ത്യ ലോർഡ്സിൽ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

ആറിന് 181 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ, അവിശ്വസനീയ ചെറുത്തുനിൽപ്പിലൂടെ മികച്ച ലീഡി‌ലേക്കു നയിച്ചത് മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര കൂട്ടുകെട്ടാണ്. ഒൻപതാം വിക്കറ്റിൽ 120 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത ഇവരുടെ മികവിൽ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ടിൻ്റെ രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, മൂന്നു വിക്കറ്റ് എടുത്ത ജസ്പ്രീത് ബുംറ, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവർ ചേർന്നാണ് ലോർഡ്സിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയമൊരുക്കിയത്.

Story Highlight: india lost 4 wickets england

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top