രവി ശാസ്ത്രി സ്ഥാനമൊഴിയുമ്പോൾ വിക്രം റാത്തോർ മുഖ്യ പരിശീലകനാവുമെന്ന് സൂചന

രവി ശാസ്ത്രി സ്ഥാനമൊഴിയുമ്പോൾ ഇന്ത്യയുടെ നിലവിലെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോർ മുഖ്യപരിശീലകനാവുമെന്ന് സൂചന. രവി ശാസ്ത്രിക്കൊപ്പം ബൗളിംഗ്, ബാറ്റിംഗ് പരിശീലകരും സ്ഥാനമൊഴിയുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇപ്പോൾ റാത്തോർ മുഖ്യപരിശീലകനായേക്കുമെന്ന സൂചനകൾ വരുന്നുണ്ട്. റാത്തോറുമായുള്ള ക്യാപ്റ്റൻ വിരാട് കോലിയുടെ അടുപ്പവും ഇതിൽ നിർണായകമാവും. (Vikram Rathour ravi shastri)
2019 ഏകദിന ലോകകപ്പിലെ സെമിഫൈനൽ തോൽവിക്ക് പിന്നാലെ സഞ്ജയ് ബംഗാറിനു പകരം ആ സ്ഥാനത്തെത്തിയ താരമാണ് വിക്രം റാത്തോർ. ബാറ്റിംഗ് പരിശീലകനെന്ന നിലയിൽ റാത്തോർ മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്.
ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പോടെ ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. 2021 ടി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാർ കാലാവധി. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ ബി ടീമിനെ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. തുടർന്ന് ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീം പരിശീലകനാവുമെന്ന അഭ്യൂഹങ്ങൾ ശക്തമായെങ്കിലും എൻസിഎ പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നൽകിയ താരം ഈ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു.
Read Also : രവി ശാസ്ത്രി ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിയുന്നു; ടി-20 ലോകകപ്പോടെ പടിയിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്
2017 ജൂലൈയിലാണ് രവി ശാസ്ത്രി ആദ്യം ഇന്ത്യൻ ടീം പരിശീലകനായത്. 2019 ഓഗസ്റ്റിൽ കാലാവധി അവസാനിച്ച ശാസ്ത്രിക്ക് വീണ്ടും സമയം നീട്ടിനൽകി. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് നയിക്കുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകനെ തിരഞ്ഞെടുത്തത്. കപിൽദേവിന് പുറമേ മുൻ ഇന്ത്യൻ വനിതാ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയിക്ക്വാദ് എന്നിവരാണ് ഈ സമിതിയിലുള്ളത്.രവി ശാസ്ത്രി, റോബിൻ സിംഗ്, ലാൽചന്ദ് രാജ്പുത്, മൈക്ക് ഹെസൺ, ടോം മൂഡി, ഫിൽ സിമ്മൺസ് എന്നിവരാണ് സാധ്യത പട്ടികയിൽ ഉണ്ടായിരുന്നത്.
2014ൽ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി ആദ്യം ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിച്ചുതുടങ്ങിയ ശാസ്ത്രിക്ക് 2016 ടി-20 ലോകകപ്പോടെ ഈ ചുമതല അവസാനിച്ചു. അക്കൊല്ലം കുംബ്ലെ ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി. എന്നാൽ അടുത്ത വർഷം തന്നെ ശാസ്ത്രി പരിശീലക സ്ഥാനത്ത് എത്തുകയായിരുന്നു.
Story Highlights : Vikram Rathour india coach after ravi shastri