ഡിസിസി പുനഃസംഘടന; തിരുവനന്തപുരത്ത് പാലോട് രവിക്കെതിരെ പോസ്റ്റർ

ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള പാലോട് രവിക്കെതിരെ പോസ്റ്റർ. ഡിസിസി ഓഫിസിനു മുന്നിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. പാലോട് രവി ബിജെപി അനുഭാവി ആണെന്നാണ് പോസ്റ്ററിൽ പറയുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിച്ചതാണോ പാലോട് രവിയുടെ യോഗ്യതയെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.
ഡി.സി.സി പ്രസിഡന്റ് പട്ടികയിൽ ഗ്രൂപ്പുകൾക്കുള്ളിൽ അതൃപ്തി പുകയുമ്പോഴാണ് പലയിടത്തും പ്രതിഷേധം ഉയരുന്നത്. തിരുവനന്തപുരത്ത് പാലോട് രവി അന്തിമപ്പട്ടികയിൽ ഇടംനേടിയതിനെതിരെ പരാതി ഉയർന്നുകഴിഞ്ഞു.
ഇതിനിടെ പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത് പരസ്യമായി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മത്സരിച്ച തന്നെ തോൽപ്പിക്കാൻ പാലോട് രവി ശ്രമിച്ചെന്ന് കെപിസിസിയുടെ അന്വേഷണ സമിതിക്ക് മുൻപാകെ പി.എസ്.പ്രശാന്ത് വ്യക്തമാക്കിയിരുന്നു. തന്നെ തോൽപ്പിക്കാൻ പാലോട് രവി രഹസ്യയോഗം ചേർന്നെന്നാണ് പ്രശാന്തിന്റെ ആരോപണം. ഇക്കാര്യം അന്വേഷണ സമിതിയുടെ റിപ്പോർട്ടിലുമുണ്ടെന്നാണ് വിവരം.
Read Also : കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ
കാലുവാരിയവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെ പാലോട് രവിക്ക് പദവി നൽകുന്നതിൽ ചില മുതിർന്ന നേതാക്കൾക്കും അതൃപ്തിയുണ്ട്. പാലോട് രവി വന്നാൽ കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്നാണ് പി.എസ്.പ്രശാന്തിന്റെ നിലപാട്. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രശാന്ത് പാർട്ടി വിടുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
Read Also : ഡി.സി.സി. അധ്യക്ഷ പട്ടിക അന്തിമഘട്ടത്തിൽ: താരിഖ് അൻവർ
Story Highlight: DCC reorganization: Posters against Palod Ravi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here