വാക്‌സിനെടുക്കാത്തവരുടെ പട്ടിക തയാറാക്കും: മുഖ്യമന്ത്രി

കൊവിഡ് മഹാമാരിക്കെതിരെയുള്ള രോഗ പ്രതിരോധനത്തിന് മികച്ച മാർഗം വാക്‌സിനേഷൻ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉൾപ്പെടെ ഏകദേശം ഒൻപത് ലക്ഷം പേർ വാക്‌സിൻ എടുക്കാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവർക്കിടയിൽ വാക്‌സിൻ എടുക്കാൻ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും എത്രയും പെട്ടെന്ന് വാക്‌സിൻ നൽകി സുരക്ഷിതരാക്കാനുമുള്ള നടപടികൾ കൈക്കൊണ്ടു വരികയാണ്. എന്നിട്ടും പലരും വിമുഖത തുടരുന്നന്നത് ഗൗരവമായി പരിശോധിക്കു മെന്നും അദ്ദേഹം പറഞ്ഞു.
Read Also : ‘നിവൃത്തിയില്ലാതെ ആരും മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കേണ്ട ഗതി കേരളത്തിലില്ല’; മുഖ്യമന്ത്രി
“പ്രായമുള്ളവരും അനുബന്ധരോഗമുള്ളവരും വാക്‌സിൻ എടുത്താൽ അപകടമുണ്ടാകുമോ എന്ന ഭയം പലരിലുമുണ്ട്. വാക്‌സിന്റെ പാർശ്വഫലങ്ങളെക്കുറിച്ചോർത്തും ആശങ്കകളുള്ള കുറച്ചാളുകൾ ഇപ്പോഴുമുണ്ട്. അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ വാക്‌സിൻ വിരുദ്ധ പ്രചരണങ്ങൾ ആശങ്കകൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. യഥാർഥത്തിൽ വാക്‌സിൻ എടുത്താൽ ചെറുപ്പക്കാരിൽ കാണുന്നതിനേക്കാൾ കുറഞ്ഞ പാർശ്വഫലങ്ങളാണ് പ്രായമായവരിൽ കാണുന്നത്. അതോടൊപ്പം ചെറുപ്പക്കാരിൽ ഉണ്ടാകുന്നതിനേക്കാൾ മികച്ച രോഗപ്രതിരോധം പ്രായമുള്ളവരിൽ വാക്‌സിൻ എടുത്തതിനു ശേഷം ഉണ്ടാവുകയും ചെയ്യുന്നു. മരണമടയുന്നവരിൽ ബഹുഭൂരിഭാഗവും വാക്‌സിൻ എടുക്കാത്തവരാണ്. വാക്‌സിൻ എടുത്തിട്ടും മരണമടഞ്ഞവരിൽ മിക്കവാറും എല്ലാവരും രണ്ടോ അതിലധികമോ അനുബന്ധ രോഗമുള്ളവരാണ്. അതിൽ നിന്നും രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗം വാക്‌സിൻ സ്വീകരിക്കുന്നതാണ്”, മുഖ്യമന്ത്രി പറഞ്ഞു.
പ്രായാധിക്യമുള്ളവരും അനുബന്ധരോഗമുള്ളവരും എത്രയും പെട്ടെന്ന് വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകണം. അക്കാര്യത്തിൽ അവരെ പ്രേരിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറാകണം. വാക്‌സിൻ എടുക്കാത്തവരുടെ പട്ടിക തയാറാക്കും. ബന്ധുക്കളും സുഹൃത്തുക്കളും മുഖേന ഇവരിൽ സമ്മർദം ചെലുത്താനുള്ള നടപടികളും ഉണ്ടാകും. ആ വിഭാഗത്തിൽ പെട്ട എല്ലാവർക്കും വാക്‌സിൻ നൽകാൻ സാധിച്ചാൽ മരണങ്ങളുടെ എണ്ണം കുറയ്ക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlight: Non vaccinated peoples list