പാക് ടീമിന്റെ പരിശീലകനാവാനില്ലെന്ന് ആൻഡി ഫ്ലവർ

പാക് ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനാവാനില്ലെന്ന് ആൻഡി ഫ്ലവർ. മിസ്ബാഹുൽ ഹഖിനു പകരം പരിശീലകനായി പാക് ക്രിക്കറ്റ് ബോർഡ് ആൻഡി ഫ്ലവറിനെ പരിഗണിച്ചിരുന്നു എന്നും ഓഫറിനോട് ഫ്ലവർ നോ പറഞ്ഞു എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഴുവൻ സമയ പരിശീലകനാകാൻ തനിക്ക് കഴിയില്ലെന്നും ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമുകൾക്കൊപ്പം ജോലി ചെയ്യാനാണ് താത്പര്യമെന്നും ഫ്ലവർ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. (Andy Flower Coach Pakistan)
വിവിധ ലീഗ് ടീമുകളുടെ പരിശീലകനായ ഫ്ലവറിന് ആഴത്തിലുള്ള അനുഭവസമ്പത്തുണ്ട്. പാകിസ്താൻ സൂപ്പർ ലീഗ് ടീം മുൾട്ടാൻ സുൽത്താൻസിൻ്റെ പരിശീലകനാണ് ഫ്ലവർ. കരീബിയൻ കരീബിയൻ പ്രീമിയർ ലീഗിൽ സെൻ്റ് ലൂസിയ കിംഗ്സ് ടീമിൻ്റെ പരിശീലകനും ഫ്ലവർ തന്നെയാണ്. അബുദാബി ടി-10 ലീഗിലെ ഡൽഹി ബുൾസ്, ദി ഹണ്ട്രഡിലെ ട്രെൻ്റ് റോക്കറ്റ്സ് എന്നീ ടീമുകളെയും താരം പരിശീലിപ്പിക്കുന്നുണ്ട്. ഐപിഎലിൽ പഞ്ചാബ് കിംഗ്സിൻ്റെ സഹപരിശീലകൻ കൂടിയാണ് അദ്ദേഹം.
ഫ്ലവർ നോ പറഞ്ഞതോടെ മിസ്ബാഹുൽ ഹഖ് സ്ഥാനത്ത് തുടരാനാണ് സാധ്യത. ടി-20 ലോകകപ്പ് വരെയെങ്കിലും മുൻ നായകൻ പരിശീലക സ്ഥാനത്ത് തുടർന്നേക്കും.
Read Also : ഐപിഎൽ: കെയിൻ റിച്ചാർഡ്സണ് പകരക്കാരനെ കണ്ടെത്തി ആർസിബി
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlights: Andy Flower declines Coach Pakistan cricket team