ഐപിഎൽ: കെയിൻ റിച്ചാർഡ്സണ് പകരക്കാരനെ കണ്ടെത്തി ആർസിബി

ഐപിഎൽ രണ്ടാം പാദത്തിൽ ടീം വിട്ട വിദേശതാരങ്ങൾക്കെല്ലാം പകരക്കാരെ കണ്ടെത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഓസ്ട്രേലിയൻ പേസർ കെയിൻ റിച്ചാർഡ്സണു പകരം ഇംഗ്ലണ്ടിൻ്റെ സസക്സ് പേസർ ജോർജ് ഗാർട്ടനെ ടീമിലെത്തിച്ചാണ് ആർസിബി വിദേശ ക്വാട്ട പൂർത്തിയാക്കിയത്. (George Garton RCB Richardson)
24കാരനായ ഗാർട്ടണിൻ്റെ ആദ്യ ഐപ്പിഎൽ സീസൺ ആണിത്. ലെഫ്റ്റ് ആം പേസർ എന്നതിനൊപ്പം വാലറ്റത്ത് ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യാനും ഗാർട്ടന് സാധിക്കും. 38 ടി-20 മത്സരങ്ങളിൽ നിന്ന് 8.26 എക്കോണമിയിൽ 44 വിക്കറ്റുകളാണ് ഗാർട്ടൺ എടുത്തിട്ടുള്ളത്. 20.77 ആണ് ബാറ്റിംഗ് ശരാശരി. 124.66 സ്ട്രൈക്ക് റേറ്റ് ഉണ്ട്. ഇക്കഴിഞ്ഞ ഹണ്ട്രഡ് ടൂർണമെൻ്റിൽ സതേൺ ബ്രേവിനായി കളിച്ച താരം 9 മത്സരങ്ങളിൽ നിന്ന് 23 ശരാശരിയിൽ 10 വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ, രണ്ട് ശ്രീലങ്കൻ താരങ്ങളെയും ഒരു സിംഗപ്പൂർ താരത്തെയുമാണ് ആർസിബി പകരക്കാരായി ടീമിലെത്തിച്ചത്. ഇന്ത്യക്കെതിരായ തകർപ്പൻ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ വനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര എന്നിവർക്കൊപ്പം സിംഗപ്പൂരിൻ്റെ ടിം ഡേവിഡും ആർസിബിയുമായി കരാർ ഒപ്പിട്ടു. ഇന്ത്യൻ പര്യടനത്തിനു പിന്നാലെ ചില ഐപിഎൽ ഫ്രാഞ്ചൈസികൾ ഹസരങ്കയെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു. ഒടുവിൽ ബെംഗളൂരു ആണ് ഇതിൽ വിജയിച്ചത്. ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തിയെ ദുഷ്മന്തയെ പരിശീലകൻ രാഹുൽ ദ്രാവിഡ് പുകഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരം ആർസിബിയുമായി കരാറൊപ്പിട്ടത്. സിംഗപ്പൂർ ഓൾറൗണ്ടർ ടിം ഡേവിഡ് 2017 മുതൽ ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന താരമാണ്.
Read Also : ഐപിഎൽ: ലോക ഒന്നാം നമ്പർ ബൗളറെ റാഞ്ചി രാജസ്ഥാൻ; ആന്ദ്രൂ ടൈ കളിക്കില്ല
ന്യൂസീലൻഡ് താരങ്ങളായ ഫിൻ അലൻ, സ്കോട്ട് കുഗ്ഗൾജെയിൻ എന്നിവർ ബംഗ്ലാദേശിനെതിരായ ടീമിൽ ഉൾപ്പെട്ടിരിക്കുകയാണ്. ഓസ്ട്രേലിയയുടെ ആദം സാമ്പ, ഡാനിയൽ സാംസ്, കെയിൻ റിച്ചാർഡ്സൺ എന്നീ താരങ്ങൾ സ്വയം പിന്മാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആർസിബി പകരക്കാരെ ടീമിലെത്തിച്ചത്.
അതേസമയം, ടീം പരിശീലക സ്ഥാനത്തുനിന്ന് സൈമൺ കാട്ടിച്ചിനെ നീക്കി. ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയിരുന്ന മൈക്ക് ഹെസൻ ആവും രണ്ടാം പാദത്തിൽ ആർസിബിയെ പരിശീലിപ്പിക്കുക.
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
Story Highlight: George Garton RCB Kane Richardson