ഐപിഎൽ: ലോക ഒന്നാം നമ്പർ ബൗളറെ റാഞ്ചി രാജസ്ഥാൻ; ആന്ദ്രൂ ടൈ കളിക്കില്ല

ഐസിസി ടി-20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ താരം തബ്രൈസ് ഷംസിയെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്ക് പകരക്കാരനായാണ് ഷംസി ടീമിലെത്തുക. ഇന്ത്യയിൽ വച്ച് നടന്ന മത്സരങ്ങളിൽ ടീമിൻ്റെ സ്പിൻ വിഭാഗത്തിൻ്റെ പ്രകടനം നിരാശാജനകമായിരുന്നു. ഇത് പരിഹരിക്കാനായാണ് ലോക ഒന്നാം നമ്പർ ബൗളറെത്തന്നെ രാജസ്ഥാൻ ഒപ്പം കൂട്ടിയിരിക്കുന്നത്. (Tabraiz Shamsi Rajasthan Royals)
ചൈനാമൻ ബൗളറായ ഷംസി ദക്ഷിണാഫ്രിക്കക്കായി 39 ടി-20 മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അമ്പരപ്പിക്കുന്ന 6.79 ആണ് എക്കോണമി. ആകെ 163 ടി-20 മത്സരങ്ങളിൽ നിന്ന് 183 വിക്കറ്റുകളാണ് ഷംസി നേടിയിട്ടുള്ളത്. 7.18 ആണ് എക്കോണമി. ഈയിടെ അവസാനിച്ച ദി ഹണ്ട്രഡ് ടൂർണമെൻ്റിൽ ഓവൽ ഇൻവിസിബിൾസിനായി കളിച്ച താരം 6 മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റുകൾ നേടിയിരുന്നു. 2016 എഡിഷനിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ കളിച്ചിട്ടുള്ള ഷംസി ഐപിഎലിലേക്ക് രണ്ടാം തവണയാണ് എത്തുന്നത്. ബെംഗളൂൂവിനായി നാല് മത്സരങ്ങൾ കളിച്ച ഷംസി 3 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
Read Also : തിസാര പെരേര രാജസ്ഥാൻ റോയൽസിൽ
ഷംസി കൂടി ടീമിലെത്തിയതോടെ മൂന്ന് ഇംഗ്ലീഷ് താരങ്ങൾക്ക് രാജസ്ഥാൻ പകരക്കാരെ കണ്ടെത്തി. മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ബെൻ സ്റ്റോക്സിനു പകരം ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര, രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് ഐപിഎലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർക്ക് പകരം ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഗ്ലെൻ ഫിലിപ്സ് എന്നിവരാണ് റോയൽസിലെത്തിയത്.
ഇതിനിടെ ബയോ ബബിളിലെ ദുഷ്കരമായ ജീവിതം ചൂണ്ടിക്കാട്ടി ഓസീസ് പേസർ ആന്ദ്രൂ ടൈയും റോയൽസിൽ നിന്ന് മടങ്ങി. ഇനി ടൈക്ക് പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്.
അതേസമയം, സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
Story Highlight: Tabraiz Shamsi Rajasthan Royals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here