തിസാര പെരേര രാജസ്ഥാൻ റോയൽസിൽ

ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര രാജസ്ഥാൻ റോയൽസിൽ. മാനസികാരോഗ്യം പരിഗണിച്ച് ഐപിഎലിൽ നിന്ന് വിട്ടുനിൽക്കുന്ന ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനു പകരക്കാരനായാണ് രാജസ്ഥാൻ റോയൽസ് ശ്രീലങ്കൻ വെറ്ററനെ ടീമിൽ എത്തിച്ചിരിക്കുന്നത്. ഇക്കാര്യം രാജസ്ഥാൻ റോയൽസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തിസാര പെരേര തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം ഉറപ്പിക്കുന്നതിനുള്ള സൂചന നൽകിയിട്ടുണ്ട്. (thisara perera rajasthan royals)
ശ്രീലങ്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലിമിറ്റഡ് ഓവർ ഓൾറൗണ്ടർമാരിൽ ഒരാളാണ് തിസാര പെരേര. കൊച്ചി ടസ്കേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങി വിവിധ ഐപിഎൽ ടീമുകൾക്കായി 32കാരനായ താരം കളിച്ചിട്ടുണ്ട്. 37 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 422 റൺസും 31 വിക്കറ്റുമാണ് പെരേര നേടിയിട്ടുള്ളത്. ലോകത്തിലെ വിവിധ ടി-20 ലീഗുകളിലും പെരേര പാഡണിഞ്ഞിട്ടുണ്ട്.
രണ്ടാം പാദ മത്സരങ്ങൾക്കായി രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറും എത്തില്ല. ഐപിഎലിൻ്റെ സമയത്ത് തന്നെ കുഞ്ഞിൻ്റെ ജനനം നടക്കുന്നതിനാലാണ് ബട്‌ലർ വിട്ടുനിൽക്കുക. ന്യൂസീലൻഡ് യുവ വിക്കറ്റ് കീപ്പർ ഗ്ലെൻ ഫിലിപ്സ് ബട്‌ലറിനു പകരക്കാരനായി എത്തും.
Read Also : ഐപിഎൽ രണ്ടാം പാദം: യുഎഇയിൽ ബട്‌ലർ എത്തില്ല; പകരം ഗ്ലെൻ ഫിലിപ്സ്
രാജസ്ഥാൻ റോയൽസിനു വേണ്ടി മികച്ച ഫോമിലായിരുന്നു ബട്‌ലർ. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ 7 മത്സരങ്ങളിൽ നിന്നായി ബട്‌ലർ 254 റൺസ് നേടിയിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഒരു സെഞ്ചുറി നേടാനും താരത്തിനു കഴിഞ്ഞു. ബട്‌ലറുടെ അഭാവം രാജസ്ഥാൻ റോയൽസിനെ സാരമായി ബാധിക്കുമെങ്കിലും ഗ്ലെൻ ഫിലിപ്സ് അവസരത്തിനൊത്തുയരുമെന്നാണ് മാനേജ്മെൻ്റിൻ്റെ പ്രതീക്ഷ. 25 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 506 റൺസാണ് ഗ്ലെൻ ഫിലിപ്സിൻ്റെ സമ്പാദ്യം. 2 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.

ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ യുഎഇയിൽ ആരംഭിക്കുമ്പോൾ ഏറ്റവുമധികം പ്രതിസന്ധി രാജസ്ഥാൻ റോയൽസിനാവും. ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരങ്ങൾക്കിടെ തന്നെ പല വിദേശ താരങ്ങളെയും നഷ്ടപ്പെട്ട് രാജസ്ഥാൻ കടുത്ത പ്രതിസന്ധിയിലായിരുന്നു. ലീഗ് യുഎഇയിൽ പുനരാരംഭിക്കുമ്പോൾ ഈ താരങ്ങൾ കളിക്കാനെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഫസ്റ്റ് ഇലവനിൽ സ്ഥാനമുറപ്പായ മൂന്ന് ഇംഗ്ലണ്ട് താരങ്ങൾ രാജസ്ഥാനു വേണ്ടി കളത്തിലിറങ്ങില്ല. അതുകൊണ്ട് തന്നെ പകരം താരങ്ങളെ കണ്ടെത്താൻ മാനേജ്മെൻ്റ് കഠിന ശ്രമത്തിലാണ്.
Story Highlights : thisara perera rajasthan royals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here