നാലാം ടെസ്റ്റിൽ ഇഷാന്ത് കളിക്കില്ല; അശ്വിൻ കളിച്ചേക്കുമെന്ന് സൂചന

നാലാം ടെസ്റ്റിൽ പേസ് ബൗളർ ഇഷാന്ത് ശർമ്മ കളിച്ചേക്കില്ലെന്ന് സൂചന. ലീഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇഷാന്ത് മോശം ഫോമിലായിരുന്നു. ഒരു വിക്കറ്റ് പോലും നേടാൻ താരത്തിനു സാധിച്ചതുമില്ല. ഇതേ തുടർന്ന് ഇഷാന്തിനെ മാറ്റണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് താരത്തെ നാലാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് മാറ്റിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ, ഈ ടീം തന്നെ തുടരുമെന്ന് കോലി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇഷാന്ത് തന്നെ ടീമിൽ തുടരാനും ഇടയുണ്ട്. (ishant ashwin play test)
അതേസമയം, പരമ്പരയിൽ ഇതുവരെ അവസരം ലഭിക്കാതിരുന്ന ആർ അശ്വിൻ നാലാം ടെസ്റ്റിൽ കളിച്ചേക്കും. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യഷിപ്പിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരിക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ടെസ്റ്റിനിടെ പരുക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ വരുന്ന മത്സരത്തിൽ കളിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ പകരം അശ്വിൻ കളിച്ചേക്കുമെന്നാണ് സൂചന.
Read Also : കുഞ്ഞിന്റെ ജനനം; അവസാന രണ്ട് ടെസ്റ്റുകളിൽ നിന്ന് ജോസ് ബട്‌ലർ വിട്ടുനിന്നേക്കും
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്നിംഗ്‌സിനും 76 റൺസിനും ഇന്ത്യയെ തകർത്ത ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയിൽ ഒപ്പമെത്തി(1-1). ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ 354 റൺസ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. എന്നാൽ തുടക്കത്തിലെ ചേതേശ്വർ പൂജാരയെയും(91) ക്യാപ്റ്റൻ വിരാട് കോലിയെയും(55) നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ അഞ്ച് വിക്കറ്റ് നേടിയപ്പോൾ ക്രെയിഗ് ഓവർട്ടൺ മൂന്ന് വിക്കറ്റ് നേടി. സ്‌കോർ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432. അജിങ്ക്യാ രഹാനെ(10), റിഷഭ് പന്ത്(1) എന്നിവരും പോരാട്ടമില്ലാതെ മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ(30) നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയുടെ തോൽവിഭാരം കുറച്ചു.
ആദ്യ ടെസ്റ്റ് സമനില ആയപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഗംഭീര ജയം കുറിച്ചിരുന്നു. 151 റൺസിനാണ് ഇന്ത്യ രണ്ടാം ടെസ്റ്റ് വിജയിച്ചത്. രണ്ട് മത്സരങ്ങൾ കൂടി അവശേഷിക്കെ ടെസ്റ്റ് പരമ്പര ആവേശകരമാവുകയാണ്.
Story Highlight: ishant sharma r ashwin play test match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here