നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള മമ്മൂട്ടിയുടെ സ്മാര്‍ട്ട്ഫോണ്‍ വിതരണ പദ്ധതി ‘വിദ്യാമൃതം’ എറണാകുളം ജില്ലയിലും

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാമൃതം പദ്ധതി ഇനി എറണാകുളം ജില്ലയിലും. പദ്ധതി വഴി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു അവശതയനുഭവിക്കുന്ന കുട്ടികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണിന്റെ വിതരണം ജില്ലയില്‍ ആരംഭിച്ചു.
ടോക്യോ ഒളിമ്പിക്സ് ജേതാവ് പി. ആര്‍. ശ്രീജേഷ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. വിദ്യാമൃതം പദ്ധതി വഴി ആരംഭിച്ചിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ചലഞ്ച് പഠനത്തിന് അവശത അനുഭവിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഒട്ടേറെ കരുത്തു പകര്‍ന്നു നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും സമൂഹത്തിനാകെ മാതൃകയാണെന്നും പി ആര്‍ ശ്രീജേഷ് പറഞ്ഞു. വിദ്യാമൃതം പദ്ധതി വഴി സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു കൊണ്ടുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീജേഷ്.

ചടങ്ങില്‍ ചമ്പന്നൂര്‍ സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളിലെ അധ്യാപകരായ ശോഭ ജോസഫ്, ബെറ്റി തോമസ്, അഡ്വ സജി ജോസഫ്. എന്നിവര്‍ ശ്രീജേഷില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഏറ്റുവാങ്ങി. രാജഗിരി ആശുപത്രി റിലേഷന്‍ വിഭാഗം ജി.എം. ജോസ് പോള്‍, മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാനവാസ് തുടങ്ങിയവരും പങ്കെടുത്തു.
Story Highlight: vidyamrutam program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here