ആറ് ജില്ലകളില്‍ കൊവിഡ് ടെസ്റ്റുകള്‍ ആര്‍ടിപിസിആര്‍ ആക്കാനുള്ള തീരുമാനം; വൈകി വന്ന വിവേകമെന്ന് വിഡി സതീശന്‍

സംസ്ഥാനത്തെ ആറ് ജില്ലകളിലെ മുഴുവന്‍ കൊവിഡ് പരിശോധനകളും ആര്‍ടിപിസിആര്‍ ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആന്റിജന്‍ പരിശോധനയെ പൂര്‍ണമായി ആശ്രയിച്ചതാണ് ഇന്ന് വീടുകള്‍ കൊവിഡ് ക്ലസ്റ്ററുകളായി മാറാനുണ്ടായ കാരണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കൊവിഡ് പരിശോധനകള്‍ ആര്‍ടിപിസിആര്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഇപ്പോള്‍ ആറ് ജില്ലകളിലെ പരിശോധനാ സംവിധാനത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം വൈകിവന്ന വിവേകമാണ്. വിഡി സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പ്രതികരണം;
‘ആറ് ജില്ലകളില്‍ മുഴുവന്‍ കോവിഡ് ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ആക്കുവാനുള്ള തീരുമാനം വൈകി വന്ന വിവേകമാണ്. വിശ്വാസ്യത കുറഞ്ഞ ആന്റിജന്‍ പരിശോധനയെ പൂര്‍ണ്ണമായി ആശ്രയിച്ചതാണ് ഇന്ന് വീടുകള്‍ ക്ലസ്റ്ററുകളായി മാറുവാന്‍ കാരണം. പരിശോധനകള്‍ പൂര്‍ണമായി ആര്‍ടിപിസിആര്‍ വേണമെന്ന് ആവശ്യപ്പെട്ടത് എന്റെ തന്നെ അനുഭവം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു. എനിക്ക് ആദ്യം കോവിഡ് ബാധയുണ്ടായപ്പോള്‍ ആദ്യം നടത്തിയ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ ആര്‍ടിപിസിആര്‍ ല്‍ ആണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. മറ്റെല്ലാ സംസ്ഥാനങ്ങളും പൂര്‍ണ്ണമായി ആര്‍ടിപിസിആര്‍ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ നമ്മള്‍ ആന്റിജന്‍ ടെസ്റ്റിന്റെ പരിശോധനാ ഫലത്തെ ആധാരമാക്കിയാണ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചത്.
Read Also : മുട്ടിൽ മരം മുറിക്കൽ; അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് വി ഡി സതീശൻ
സംസ്ഥാനത്ത് നടത്തുന്ന പരിശോധനകളില്‍ 25% മാത്രം ആര്‍ടിപിസിആര്‍ നടത്തിയത് വഴി വൈറസ് ബാധയെ കണ്ടെത്താന്‍ നമുക്ക് സാധിച്ചില്ല എന്നതാണ് രോഗവ്യാപനം രൂക്ഷമാവാന്‍ വഴി വച്ചത്. ആറ് ജില്ലകളില്‍ മാത്രം ഈ തീരുമാനം പരിമിതപ്പെടുത്താതെ എല്ലാ ജില്ലകളിലും എത്രയും വേഗം മുഴുവന്‍ ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ആക്കണം. പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ശരിയായ ദിശയിലേക്കുള്ള ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു’.
Story Highlight: vd satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here