ഇനി സര്‍, മാഡം അഭിസംബോധനകളില്ല; പുതിയ തീരുമാനവുമായി മാത്തൂര്‍ ഗ്രാമ പഞ്ചായത്ത്

സര്‍, മാഡം അഭിസംബോധനകളൊഴിവാക്കിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി മാറി പാലക്കാട് ജില്ലയിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്ത്. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍ യോഗത്തിലാണ് സര്‍,മാഡം വിളികള്‍ ഒഴിവാക്കിയതായി തീരുമാനമെടുത്തത്.
ബ്രിട്ടീഷ് കോളനിവത്ക്കരണ കാലത്തെ രീതിയാണ് സര്‍ അല്ലെങ്കില്‍ മാഡം എന്നു വിളിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി നിരീക്ഷിച്ചു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇനി മുതല്‍ മാത്തൂര്‍ പഞ്ചായത്ത് ഓഫിസില്‍ ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്നുവിളിക്കരുത്. പഞ്ചായത്തിലേക്ക് അയയ്ക്കുന്ന അപേക്ഷകളിലും കത്തുകളിലും ഈ പദപ്രയോഗം ഒഴിവാക്കിയിട്ടുണ്ട്.
സര്‍, മാഡം എന്ന വിളിയ്ക്ക് പകരം ഔദ്യോഗിക സ്ഥാനങ്ങള്‍ അഭിസംബോധനയായി ഉപയോഗിക്കാമെന്ന് ഭരണസമിതി അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍.പ്രസാദാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. പ്രമേയമാക്കാന്‍ തീരുമാനിച്ചതോടെ അംഗങ്ങളും പിന്തുണ നല്‍കി.
ജനങ്ങള്‍ നല്‍കുന്ന അപേക്ഷകളില്‍ അഭ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു എന്നി പ്രയോഗങ്ങളും ഇനി ഉപയോഗിക്കേണ്ടെന്നാണ് പഞ്ചായത്തിന്റെ അറിയിപ്പ്. പകരം അവകാശപ്പെടുന്നു, താത്പര്യപ്പെടുന്നു എന്നീ രീതികള്‍ പ്രയോഗിക്കാം. പഞ്ചായത്ത് ഓഫിസുകളിലെ സേവനം അവകാശമാണെന്നതിനാലാണ് പഴയ രീതിയില്‍ മാറ്റം വരുത്തുന്നത്.
Story Highlight: mathur gram panchayat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here