Advertisement

‘സ്വകാര്യ മാധ്യമങ്ങള്‍ എന്ത് കാണിച്ചാലും അതില്‍ വര്‍ഗീയ വശം’; വാര്‍ത്ത ഉള്ളടക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

September 2, 2021
Google News 1 minute Read
n v ramana social media news

സമൂഹ മാധ്യമങ്ങളിലെ വാര്‍ത്ത ഉള്ളടക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. വെബ് പോര്‍ട്ടലുകളും, യുട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണ്. ജഡ്ജിമാര്‍ക്കെതിരെ എന്തും എഴുതിവിടുന്നു. സ്വകാര്യ മാധ്യമങ്ങള്‍ എന്ത് കാണിച്ചാലും അതിലൊരു വര്‍ഗീയ വശമുണ്ടാകുമെന്നും, ആത്യന്തികമായി രാജ്യത്തിന്റെ പേരാണ് മോശമാകാന്‍ പോകുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവും, കൊവിഡ് വ്യാപനവും കൂട്ടിച്ചേര്‍ത്ത് മാധ്യമങ്ങള്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമിച്ചുവെന്ന ഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വെബ് പോര്‍ട്ടലുകളെയും സാമൂഹ്യ മാധ്യമങ്ങളെയും കടന്നാക്രമിച്ചത്. അധികാരത്തിലിരിക്കുന്നവരുടെ ശബ്ദം മാത്രമാണ് വെബ് പോര്‍ട്ടലുകളും, സമൂഹ മാധ്യമങ്ങളും കേള്‍ക്കുന്നത്. ജഡ്ജിമാര്‍ക്കെതിരെ യാതൊരു അടിസ്ഥാനമില്ലാതെ എന്തും എഴുതിവിടുന്നു. ജുഡീഷ്യറി ആവശ്യപ്പെട്ടാല്‍ പോലും പ്രതികരിക്കുന്നില്ല. കൃത്യമായ നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാല്‍ അപകീര്‍ത്തിപ്പെടുത്തലുകള്‍ നടക്കുന്നു. യുട്യൂബില്‍ വ്യാജവാര്‍ത്തകളുടെ ഒഴുക്ക് തന്നെ കാണാം. ആര്‍ക്ക് വേണമെങ്കിലും യുട്യൂബ് ചാനല്‍ ആരംഭിക്കാവുന്ന സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു.

സമൂഹ മാധ്യമങ്ങളെ അടക്കം നിയന്ത്രിക്കാന്‍ എന്തെങ്കിലും ശ്രമമുണ്ടായോ എന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ചീഫ് ജസ്റ്റിസ് ഉന്നയിച്ച ആശങ്ക കൂടി പരിഗണിച്ച് പുതിയ ഐ.ടി ചട്ടങ്ങള്‍ തയാറാക്കുമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പ്രതികരണം. നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Story Highlight: n v ramana social media news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here