Advertisement

പി എസ് പ്രശാന്തിന്റെ സിപിഐഎം പ്രവേശനം ; കോൺഗ്രസിലെ മാലിന്യങ്ങളെയാണ് സിപിഐഎം സ്വീകരിക്കുന്നത് : കെ സുധാകരൻ

September 3, 2021
Google News 3 minutes Read
k sudhakaran

പി എസ് പ്രശാന്തിന്റെ സിപിഐഎം പ്രവേശനത്തിൽ എ വിജയരാഘവന് മറുപടിയുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിലെ മാലിന്യങ്ങളെയാണ് സിപിഐഎം സ്വീകരിക്കുന്നതെന്നും മാലിന്യങ്ങളെ സ്വീകരിക്കുന്നതിന് മുമ്പ് നല്ല ആഭ്യന്തര മന്ത്രിയെ സിപിഐഎം നിയോഗിക്കണമെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ പരസ്യ പ്രതികരണം ഉയർത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട പി.എസ്.പ്രശാന്ത് സിപിഎമ്മിൽ ചേർന്നിരുന്നു. പാർട്ടി ആസ്ഥാനമായ എകെജി സെന്ററിൽ നേരിട്ടെത്തിയാണ് പ്രശാന്ത് രാഷ്ട്രീയ ജീവിതത്തിലെ പുതിയ ആരംഭം കുറിച്ചത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

സമ്പൂർണ അരാജകത്വത്തിലേക്കാണ് കേരളം നടന്നു നീങ്ങുന്നത്.
ജനങ്ങളെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സേനയുടെ ക്രൂരകൃത്യങ്ങൾ കണി കണ്ടുണരേണ്ട ഗതികേടിലേയ്ക്ക് കേരളം അധഃപതിച്ചിരിക്കുന്നു. നാഥനില്ലാ കളരി ആയി കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് മാറിയിട്ട് അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. കസ്റ്റഡി മരണങ്ങൾ തുടർകഥ ആയിരിക്കുന്നു. എത്ര വലിയ കുറ്റം ചെയ്താലും ഖജനാവിലെ കോടികൾ മുടക്കി കുറ്റവാളികളെ സംരക്ഷിക്കാൻ ഭരണത്തിലുള്ള സർക്കാർ തന്നെ തയ്യാറാകുമ്പോൾ ക്രിമിനലുകൾ ആരെയാണ് ഭയക്കേണ്ടത്? കേരള പോലീസിനെ നിയന്ത്രിക്കുന്നത് RSS ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതാക്കൾ പരസ്യമായി വിളിച്ചു പറഞ്ഞത് പിണറായി വിജയന് ഭൂഷണമായിരിക്കാം, പക്ഷേ കേരളത്തിന് അത് അപമാനമാണ്.

“മുഖ്യമന്ത്രി കൊള്ളാം പക്ഷേ ആഭ്യന്തര മന്ത്രി വൻ പരാജയം ” എന്ന പിണറായി വിജയ സ്തുതിപാഠകരുടെ ചൊല്ല് കേരളം മറന്നിട്ടില്ല. അക്രമികളും അരാജകവാദികളും അഴിഞ്ഞാടുന്ന വാർത്തകൾ കേരളത്തിന് പുതുമയല്ലാതായിരിക്കുന്നു. ജനങ്ങളെ സഹായിക്കാൻ വേണ്ടിയുള്ളവരാണ് പോലീസ് എന്ന പ്രാഥമിക പാഠം സേനയ്ക്ക് ആരാണ് പഠിപ്പിച്ച് കൊടുക്കുക? ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി നിർത്തിയിരുന്നേൽ കേരള പോലീസ് ഭേദപ്പെട്ട രീതിയിൽ ജോലി ചെയ്തേനേ എന്ന് പൊതുജനം പറഞ്ഞു തുടങ്ങിയത് CPM കാണാതെ പോകരുത്. കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടോയെന്ന് നോക്കി നടക്കുന്ന പാർട്ടി സെക്രട്ടറി അടിയന്തിരമായി RSS കാരെ പുറത്താക്കി കഴിവുള്ള ഒരു CPM – MLA യെ ആഭ്യന്തര മന്ത്രി ആക്കാൻ തയ്യാറാകണം. അതിന് ഭയമാണെങ്കിൽ ജനം പറയുന്നത് പോലെ ആ കസേരയിൽ ഒരു വടികുത്തിവെച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ CPM തയ്യാറാകണം. കോൺഗ്രസിൽ നിന്ന് ഒഴുകി എത്തുന്ന മാലിന്യങ്ങൾ പെറുക്കി എടുക്കുന്നതിനിടയിൽ പാർട്ടി സെക്രട്ടറി ഈ കടമ മറന്ന് പോകരുത്.

പ്രതിപക്ഷ നിയമസഭാംഗങ്ങളെ നേരിടാൻ കഴിവില്ലാത്തതിനാൽ മന്ത്രിമാർക്ക് പരിശീലനം ഏർപ്പെടുത്താൻ പോകുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് കാണുന്നത്. നിയമസഭയിൽ 41 മികച്ച സാമാജികരെ നേരിടാൻ കഴിയാതെ വിയർക്കുന്ന ആ 99 പേരെ നിയമസഭാ സമ്മേളനത്തിൽ ജനം കണ്ടു കഴിഞ്ഞു. തദവസരത്തിൽ മന്ത്രിമാർക്ക് പരിശീലനം നൽകാൻ ഇറങ്ങുമ്പോൾ കണക്കറ്റ ഉപദേശികളെ ചുറ്റിനും നിരത്തിയിട്ടും ഭരിക്കാനറിയാത്ത പിണറായി വിജയനെ CPM കാണാതെ പോകരുത്. ഉപദേശികളെയും പരിശീലകരെയും കൂട്ടി ഖജനാവ് കാലിയാക്കാതെ, കൂട്ടത്തിൽ കഴിവുള്ളവർ ഇല്ലെങ്കിൽ ആഭ്യന്തര വകുപ്പിലടക്കം ഘടകകക്ഷികളെയെങ്കിലും പരിഗണിച്ച് ഭേദപ്പെട്ട ഭരണം നടത്താൻ LDF ഇനിയെങ്കിലും തയ്യാറാകണം. കേരള പോലീസിനെ RSS നിയന്ത്രണത്തിൽ നിന്നും ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകും.

Read Also : കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഐഎമിലേക്ക്

യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിച്ചുവെന്ന പാര്‍ട്ടി വിലയിരുത്തല്‍ ശരിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഇന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ വലിയ തകര്‍ച്ചയും ശിഥിലീകരണവുമാണ് നടക്കുന്നത്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കരുത്ത് ചോര്‍ന്നു. ജനവിരുദ്ധമായ ബിജെപി നിലപാടുകളെ പ്രതിരോധിക്കാന്‍ സാധിക്കാത്ത നിലയിലേക്ക് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Read Also : പി എസ് പ്രശാന്ത് കോൺഗ്രസ് വിട്ടു

Story Highlight: K Sudhakaran on P S Prashant’s CPI (M) entry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here