ജോർഡൻ മറെ ജംഷഡ്പൂർ എഫ്സിയിൽ

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോർഡൻ മറെ ജംഷഡ്പൂർ എഫ്സിയുമായി കരാർ ഒപ്പിട്ടു. രണ്ട് വർഷത്തേക്കാണ് താരം ജംഷഡ്പൂരുമായി കരാറിൽ ഏർപ്പെട്ടത്. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. (jordan murray jamshedpur blasters)
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ടോപ്പ സ്കോററായിരുന്നു മറെ. ഏഷ്യൻ ക്വോട്ടയിലെത്തിയ മറെ ഏഴ് ഗോളുകൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. 25കാരനായ താരത്തെ ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീമിൽ നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, മറെ അടക്കം എല്ലാ വിദേശതാരങ്ങളെയും ക്ലബ് റിലീസ് ചെയ്യുകയായിരുന്നു.
അതേസമയം, ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഇനി കളിക്കുക. ഗ്രൂപ്പ് എയിൽ ഇന്ത്യൻ എയർഫോഴ്സും മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും തമ്മിലാണ് ആദ്യ മത്സരം. അടുത്ത മാസം അഞ്ചാം തിയതി വൈകിട്ട് 4.15നാണ് മത്സരം നടക്കുക. ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സെപ്തംബർ 11നാണ് ആദ്യ മത്സരം കളിക്കുക. ഇന്ത്യൻ നേവിയാണ് എതിരാളികൾ. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം.
Read Also : പ്രീസീസൺ: ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം
ഗ്രൂപ്പ് സിയിൽ ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ നേവിക്കും ഒപ്പം ബെംഗളൂരു എഫ്സി, ഡൽഹി എഫ്സി എന്നീ ടീമുകളാണ് കളിക്കുക. 15ന് ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരവും 21ന് ഡൽഹി എഫ്സിക്കെതിരെ മൂന്നാം മത്സരവും കളിക്കും. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ഗ്രൂപ്പ് ഡിയിലാണ്. 12ആം തിയതി ആർമി റെഡിനെതിരെയാണ് ഗോകുലത്തിൻ്റെ ആദ്യ മത്സരം. ഇവർക്കൊപ്പം ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സി, അസം റൈഫിൾസ് എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. 16ന് ഹൈദരാബാദിനെതിരെ ഗോകുലം കേരള രണ്ടാം മത്സരം കളിക്കും. 19 നാണ് ജേതാക്കളുടെ അവസാന മത്സരം. അസം റൈഫിൾസ് എതിരാളികളാവും. 4 ഗ്രൂപ്പുകളിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കും.
വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.
Story Highlight: jordan murray jamshedpur fc kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here