ജോസ് ബട്‌ലർ അവസാന ടെസ്റ്റിൽ മടങ്ങിയെത്തും

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. തൻ്റെ രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ടാണ് ബട്‌ലർ നാലാം ടെസ്റ്റിൽ നിന്ന് വിട്ടുനിന്നത്. കഴിഞ്ഞ ദിവസം ബട്‌ലറിൻ്റെ ഭാര്യ പ്രസവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം ടീമിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. (Jos Buttler England Test)
ബട്‌ലറിനു പകരം ടീമിലെത്തിയ ഒലി പോപ്പ് മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്. ബെയർസ്റ്റോയാണ് വിക്കറ്റ് സംരക്ഷിച്ചതെങ്കിലും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി കളിച്ച പോപ്പ് ആദ്യ ഇന്നിംഗ്സിൽ 81 റൺസാണ് നേടിയത്. രണ്ടാം ഇന്നിംഗ്സിൽ താരം ഇതുവരെ ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല.
അതേസമയം, നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. 10 വിക്കറ്റുകളും ഒരു ദിവസവും ശേഷിക്കേ 291 റൺസ് കൂടിയാണ് ഇംഗ്ലണ്ടിനു വേണ്ടത്. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ നാലാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസ് എന്ന നിലയിലായിരുന്നു. ഹസീം ഹമീദ് (43), റോറി ബേൺസ് (31) എന്നിവരാണ് ക്രീസിൽ. ബാറ്റിംഗിന് ഏറെ അനുകൂലമായ പിച്ചിൽ ഇംഗ്ലണ്ട് ഈ ലക്ഷ്യം അനായാസം മറികടന്നേക്കുമെന്നാണ് വിലയിരുത്തൽ.
Read Also : രഹാനെയ്ക്ക് പകരം വിഹാരിയ്ക്ക് അവസരം നൽകണം: വിവിഎസ് ലക്ഷ്മൺ
രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 466 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. നാലാം ദിനം തുടക്കത്തിൽ പതറിയെങ്കിലും മധ്യനിരയും വാലറ്റവും നന്നായി ബാറ്റുവീശിയതോടെയാണ് ഇന്ത്യയുടെ ലീഡ് 350 കടന്നത്. നായകൻ വിരാട് കോഹ്ലി (44) രവീന്ദ്ര ജഡേജ(17) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ആദ്യം വീണത്. രഹാനെ റൺസൊന്നും എടുക്കാതെ മടങ്ങിയെങ്കിലും ഋഷഭ് പന്തും ശർദുൽ താക്കൂറും ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ഫിഫ്റ്റി നേടി. പന്ത് 106 പന്തിൽ നിന്ന് 50 റൺസ് നേടിയപ്പോൾ ഏകദിന ശൈലിയിലായിരുന്നു താക്കൂർ ബാറ്റ് വീശിയത്. 72 പന്തിൽ നിന്ന് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 60 റൺസാണ് നേടിയത്. പിന്നാലെ ബുംറ 24ഉം ഉമേഷ് യാദവ് 25 റൺസും നേടി. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വാലറ്റത്തെ വേഗം മടക്കമെന്ന ഇംഗ്ലീഷ് നായകൻ ജോ റൂട്ടിന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്നതായിരുന്നു ഇന്ത്യൻ ടീമിൻ്റെ പ്രകടനം.
Story Highlight: Jos Buttler England comeback 5th Test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here