Advertisement

കേരളത്തിൽ വാക്സിൻ ഉത്പാദന മേഖല സ്ഥാപിക്കാൻ തീരുമാനമായി

September 8, 2021
Google News 2 minutes Read
vaccine production plant kerala

കേരളത്തിൽ വാക്സിൻ ഉത്പാദന മേഖല സ്ഥാപിക്കാൻ തീരുമാനമായി. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്സിൻ ഉൽപ്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. വാക്സിൻ ഉത്പാദന യൂണിറ്റ് ആരംഭിക്കാൻ തയാറാകുന്ന ആങ്കർ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും. ലീസ് പ്രീമിയത്തിൻറെ 50 ശതമാനം സബ്സിഡിയോടെ 60 വർഷത്തേയ്ക്ക് പാട്ടത്തിന് ഭൂമി നൽകും. ( vaccine production plant kerala )

കെ.എസ്.ഐ.ഡി.സി.യുമായുള്ള പാട്ടക്കരാർ രജിസ്റ്റർ ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും. ഉപകരണങ്ങൾ, പ്ലാൻറ്, യന്ത്രങ്ങൾ എന്നിവയുടെ വിലയുടെ 30 ശതമാനം വരെയുള്ള തുക ഫിൽ ഫിനിഷ് യൂണിറ്റിന് ഒരു കോടി രൂപയ്ക്കകത്തും
വാക്സിൻ ഉത്പ്പാദന യൂണിറ്റിന് അഞ്ച് കോടിരൂപയ്ക്കകത്തും സബ്സിഡിനിരക്കിലെ മൂലധനസഹായം എന്ന നിലയ്ക്ക് നൽകും.

സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങൾ മുഖേന 20 വർഷത്തെ ദീർഘകാല തിരിച്ചടവ് നിശ്ചയിച്ച് ആകർഷകമായ വായ്പകൾ നൽകും. ഫിൽ ഫിനിഷ് യൂണിറ്റിനുള്ള വായ്പാ പരിധി 20 കോടി രൂപയ്ക്കകത്തും വാക്സിൻ ഉൽപ്പാദന യൂണിറ്റിനുള്ള വായ്പാ പരിധി 30 കോടി രൂപയ്ക്കകത്തും നിജപ്പെടുത്തും. ആകെ വായ്പാതുക 100 കോടി രൂപയ്ക്കകത്താകും.

സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനുള്ളിൽ നൽകും. ബിൽ തുകയിൽ യൂണിറ്റിന് രണ്ട് രൂപ വൈദ്യുതിനിരക്ക് സബ്സിഡി നൽകും. പ്രവർത്തനമാരംഭിച്ച് രണ്ടുവർഷത്തേയ്ക്കുള്ള ബിൽ തുകയിൽ വാട്ടർ ചാർജ് സബ്സിഡിയും നൽകും. ഉൽപ്പാദിപ്പിക്കേണ്ട വാക്സിൻ, ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയവ കമ്പനികൾക്ക് തീരുമാനിക്കാം.

Read Also : വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടി; കേന്ദ്ര സർക്കാർ അപ്പീൽ നൽകും

ലൈഫ് സയൻസ് പാർക്കിൽ പൂർത്തിയാകുന്ന 85,000 ചതുരശ്ര അടി കെട്ടിടം വാക്സിൻ ഉൽപ്പാദന യൂണിറ്റുകൾ സ്ഥാപിക്കുവാൻ അനുയോജ്യമാണെന്ന് കമ്പനികൾ ഉറപ്പുവരുത്തിയാൽ വാർഷിക വാർഷിക പാട്ടത്തിന് നൽകും. പാർക്കിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കുമായി പൊതു മലിനജല ശുദ്ധീകരണ പ്ലാൻറ്, സോളാർപ്ലാൻറ്, ജൈവമാലിന്യ സംസ്കരണ കേന്ദ്രം എന്നിവ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്മെൻറ് കോർപ്പറേഷൻ നിർമ്മിക്കും.

കമ്പനികളെ ക്ഷണിക്കുന്നതിന് രണ്ട് വ്യത്യസ്ത താൽപര്യ പത്രം തയ്യാറാക്കും. സാങ്കേതിക സമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യതയുള്ള കമ്പനികളെ ആങ്കർ ഇൻഡസ്ട്രീസായി പരിഗണിക്കുകയും പാർക്കിൽ അവരുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ ക്ഷണിക്കുകയും ചെയ്യും.

ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കൺസൾട്ടൻറായി വാക്സിൻ പ്രൊഡക്ഷൻ യൂണിറ്റ് വർക്കിംഗ് ഗ്രൂപ്പ് അംഗവും എച്ച്. എൽ.എൽ. ബയോടെക് ലിമിറ്റഡിലെ ഉദ്യോഗസ്ഥനുമായ വിജയകുമാർ സിസ്ളയെ നിയമിക്കും. ഡോ. ബി. ഇക്ബാലിൻറെ നേതൃത്വത്തിലുള്ള ടീമിനെ സംസ്ഥാന വാക്സിൻ നയം വികസിപ്പിക്കുന്നതിൻറെ ചുമതല ഏൽപ്പിക്കാനും തീരുമാനിച്ചു.

Story Highlight: vaccine production plant kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here