മെസി ക്ലബ് വിടാൻ കാരണം ലാ ലിഗ പ്രസിഡന്റ്; ആരോപണവുമായി ബാഴ്സലോണ പ്രസിഡന്റ്
സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടാൻ കാരണം ലാ ലിഗ പ്രസിഡൻ്റ് യാവിയർ തെബാസ് ആണെന്ന ആരോപണവുമായി ബാഴ്സലോണ പ്രസിഡൻ്റ് യുവാൻ ലപോർട്ട. മെസി ക്ലബ് വിട്ടതിൽ തെബാസ് സങ്കടം പറയുന്നു. പക്ഷേ, തെബാസിൻ്റെ ദുരഭിമാനവും ഫെയർ പ്ലേ നിയമങ്ങളും കാരണമാണ് മെസിക്ക് ബാഴ്സയിൽ തുടരാൻ കഴിയാതായത് എന്നും ലപോർട്ട പറഞ്ഞു. (Laporta Javier Tebas Barcelona)
“പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം അത് വഷളാക്കാനാണ് തെബാസ് ശ്രമിച്ചത്. ബാഴ്സയെയും ബാഴ്സയുടെ മൂല്യങ്ങളെയും എങ്ങനെ ദ്രോഹിക്കാമെന്നാണ് അയാൾ ചിന്തിക്കുന്നത്. അക്കാര്യം ഞങ്ങൾക്കറിയാം. മെസി ബാഴ്സയിൽ നിന്നില്ലെന്നാണ് തെബാസ് പറയുന്നത്. എന്നാൽ അതിനു പ്രധാന കാരണക്കാരനായത് തെബാസാണ്. അയാളുടെ ഫെയർപ്ലേ നിയമങ്ങളും ദുരഭിമാനവുമാണ് കാരണം. എല്ലായ്പ്പോഴും നല്ലവനാകാനാണ് അയാൾ ശ്രമിക്കുന്നത്. എഫ്എഫ്പിയുടെ കാര്യത്തിൽ മറ്റ് ലീഗുകൾ കൂടുതൽ ഇളവനുവദിക്കുന്നു. തങ്ങളുടെ ഏറ്റവും മികച്ച താരത്തെ നഷ്ടപ്പെടുത്താൻ ആരും ആഗ്രഹിക്കില്ല. ക്ലബിനെ വേദനിപ്പിക്കാൻ തെബാസിനെ ഞങ്ങൾ ഒരു വിധത്തിലും അനുവദിക്കുകയില്ല. ബാഴ്സയെ ഉപയോഗിച്ച് കൂടുതൽ പണം സമ്പാദിക്കാൻ ആണ് അയാൾ ആഗ്രഹിക്കുന്നത്. അത് ഞങ്ങൾ അംഗീകരിക്കില്ല. അടുത്ത 50 വർഷത്തേക്കുള്ള ടിവി അവകാശങ്ങൾ അവർക്ക് വേണം. അത് അയാൾക്ക് നൽകില്ല.”- ലപോർട്ട പറഞ്ഞു.
Read Also : മെസിക്ക് ഹാട്രിക്ക്; നെയ്മറിന് ഗോൾ: ബ്രസീലിനു അർജന്റീനയ്ക്കും ജയം
അഞ്ച് വർഷത്തെ കരാർ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് മെസി നാടകീയമായി ഇനി ക്ലബിൽ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്. കരാർ അംഗീകരിച്ചതിനെ തുടർന്ന് അതിൽ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡൻ്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈൻ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നിൽ നിൽക്കവേയാണ് വേതനം കുറച്ച് മെസി കരാർ അംഗീകരിക്കുന്നത്. എന്നാൽ, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളിൽ കുടുങ്ങി മെസിയും ക്ലബും വേർപിരിയുകയായിരുന്നു.
ബാഴ്സലോന വിട്ട മെസി നിലവിൽ പാരിസ് സെൻ്റ് ജർമൻ്റെ താരമാണ്. രണ്ട് വർഷത്തേക്കാണ് കരാർ. ഇത് 2024 വരെ നീട്ടാനുള്ള ഓപ്ഷനും കരാറിലുണ്ട്.
Story Highlight: Joan Laporta Javier Tebas Barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here